Latest News :
Latest Post

ചികിത്സ കിട്ടാതെ മരിച്ച മുരുകന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നല്‍കും

Written By Muhimmath News on Wednesday, 16 August 2017 | 21:29തിരുവനന്തപുരം: ചികിത്സനല്‍കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ആംബുലന്‍സില്‍ കിടന്ന് മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

മുരുകന്റെ കുടുംബം രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് തീരുമാനം. മുഴുവന്‍ പണവും ഒരുമിച്ചു നല്‍കുന്നതിനു പകരം പത്തു ലക്ഷം രൂപ മുരുകന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. ഇതിന്റെ പലിശ കുടുംബത്തിനു ലഭ്യമാക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. നിരാലംബരായ മുരുകന്റെ കുടുംബത്തിന് ഇത്ര വലിയ തുക നല്‍കുന്നത് സുരക്ഷിതമാവില്ലെന്ന് കണ്ടാണ് നിശ്ചിതകാലത്തേക്ക് ബാങ്കില്‍ നിക്ഷേപിക്കാനും അതിന്റെ പലിശ പ്രതിമാസം ലഭിക്കുമെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.

നേരത്തെ, മുരകുന്റെ ഭാര്യ മുരുകമ്മാളും മക്കളും ബന്ധുക്കളും നിയമസഭാ മന്ദിരത്തിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. അതിനിടെ, നിയമസഭയ്ക്ക് മുന്നില്‍ വച്ച് മുരുകമ്മാളിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. മുരുകന്റെ കുടുംബാംഗങ്ങള്‍ തന്നെ കാണാനെത്തിയ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. ഇവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിഡിയോയും മുഖ്യമന്ത്രി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചുഅംഗഡിമുഗര്‍: പെരുന്നാപറമ്പ് നൂറുല്‍ ഇസ്ലാം മദ്രസയില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സിംല ഹാജി പതാക ഉയര്‍ത്തി. ബഷീര്‍ മദനി അധ്യക്ഷത വഹിച്ചു. സ്വലാഹുദ്ദീന്‍ സഅദി സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. ഉമറുല്‍ ഫാറൂഖ് സഖാഫി കര, അബ്ദുറഹ്മാന്‍ മുസ് ലിയാര്‍ മുഗുറോഡ്, അബ്ദുല്ലത്തീഫ് മുസ്‌ലിയാര്‍ ഊജംപദവ്, മുഹമ്മദ് മുസ്‌ലിയാര്‍ ചേടിക്കുണ്ട്, മുസ്തഫ മുസ്‌ലിയാര്‍ ഗാളിമുഖം സംബന്ധിച്ചു.

കാസര്‍കോട് നഗരസഭാ മുന്‍ വനിതാ കൗണ്‍സിലര്‍ ദുബൈയില്‍ കാറില്‍ നിന്ന് തെറിച്ച് വീണ് മരിച്ചു


കാസര്‍കോട്: നഗരസഭ മുന്‍ വനിതാ കൗണ്‍സിലര്‍ ദുബൈയില്‍ അപകടത്തില്‍ പെട്ട് മരിച്ചു. 2005 - 2010 കാലയളവില്‍ കാസര്‍കോട് കടപ്പുറം 37ാം വാര്‍ഡ് ബി ജെ പി കൗണ്‍സിലറായിരുന്ന നെല്ലിക്കുന്ന് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പ്രശാന്തന്റെ ഭാര്യ സുനിത (40) യാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഭര്‍ത്താവ് പ്രശാന്തനും, സഹോദരനും അമ്മാവനും അടക്കമുള്ളവര്‍ ഗള്‍ഫിലാണ്. കാറില്‍ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചുവീണ സുനിത തെരുവ് വിളക്കില്‍ തലയടിച്ചാണ് മരിച്ചതെന്നാണ് വിവരം. അഞ്ചു വര്‍ഷമായി ദുബൈയില്‍ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്തു വരികയായിരുന്നു.

അഞ്ച് ജില്ലകളിലെ കലക്ടര്‍മാരെ മാറ്റി; ടി വി അനുപമ ആലപ്പുഴ കലക്ടര്‍തിരുവന്തപുരം: അഞ്ച് ജില്ലകളിലെ കലക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ കലക്ടര്‍മാരെയാണ് മാറ്റിയത്. ശുചിത്വമിഷന്‍ ഡയറക്ടറായിരുന്ന ഡോ. കെ വാസുകിയാണ് തിരുവനന്തപുരം കലക്ടര്‍. ടി വി അനുപമയെ ആലപ്പുഴ കലക്ടറായും ലോട്ടറി ഡയറക്ടറായിരുന്ന എസ് കാര്‍ത്തികേയനെ കൊല്ലം ജില്ലാ കലക്ടറായും നിയമിച്ചു. നവജ്യോത് ഖോസെയാണ് കോട്ടയം കലക്ടര്‍. സുരേഷ്ബാബുവിനെ പാലക്കാട് കലക്ടറായും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പ്രമുഖ അഭിഭാഷകന്‍ എംകെ ദാമോദരന്‍ അന്തരിച്ചുകൊച്ചി: പ്രമുഖ അഭിഭാഷകന്‍ എംകെ ദാമോദരന്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി അദ്ദേഹത്തെ നിയമിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് അദ്ദേഹം സ്ഥാനം ഏറ്റെടുത്തില്ല. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു.

ഭരണഘടന, ക്രിമിനല്‍ നിയമങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച അഭിഭാഷകനായിരുന്നു എം.കെ. ദാമോദരന്‍. തലശ്ശേരി ചെങ്ങര സി. ശങ്കരന്‍ നായരുടെയും മുതലാടത്ത് കുറുങ്ങോടന്‍ മാധവിയമ്മയുടെ മകനാണ്. എറണാകുളം ലോ കോളജിലെ പഠനത്തിന് ശേഷം 1964 ല്‍ അദ്ദേഹം അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു. തലശ്ശേരി മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എ.വി.കെ നായരുടെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. 1977വരെ മലബാറിലെ വിവിധ ജില്ലാ കോടതികളില്‍ പ്രാക്ടീസ് ചെയ്ത ശേഷം എറണാകുളത്തേക്ക് മാറി.

പാനൂര്‍ സോമന്‍ വധക്കേസ്, കാസര്‍കോട് ഹംസ വധക്കേസ്, അടവിച്ചിറ ജയിംസ് വധക്കേസ്, തലശ്ശേരി, പുതുപ്പള്ളി, തൃശ്ശിലേരി, താവം തുടങ്ങിയ നിരവധി കൊലക്കേസുകളില്‍ ഹാജരായിട്ടുണ്ട്. ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിനും ലാവലിന്‍ കേസില്‍ പിണറായി വിജയനും വേണ്ടി ഹൈകോടതിയില്‍ ഹാജരായി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം.മാണിക്കെതിരെയുണ്ടായ വിജിലന്‍സ് കേസിലും അദ്ദേഹം വക്കാലത്തേറ്റെടുത്തിരുന്നു.
ശാന്തയാണ് ഭാര്യ. മകള്‍ തനുശ്രീ.

ജിദ്ദയില്‍ വന്‍ തീപ്പിടിത്തം; മൂന്ന് കെട്ടിടങ്ങള്‍ തകര്‍ന്നു വീണു


ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലെ അല്‍ബലദില്‍ വന്‍ തീപ്പിടിത്തം. ആറ് കെട്ടിടങ്ങളിലാണ് തീപ്പിടിത്തമുണ്ടായത്. ഇതില്‍, മൂന്ന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. നിരവധിപേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ചരിത്രപ്രസിദ്ധമായ എല്‍ഖുംസാനി, എല്‍ അഷ്മാവി, അബ്ദല്‍ ആല്‍ തുടങ്ങിയ കെട്ടിട സമുച്ഛയങ്ങളിലാണ് തീപ്പിടിത്തമുണ്ടായത്. 12ലധികം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 80ശതമാനത്തോളം തീയും നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സിന്റെ അഗ്‌നിശമന വിഭാഗം അറിയിച്ചു. സുരക്ഷ മുന്‍നിര്‍ത്തി സമീപ പ്രദേശങ്ങളിലെ താമസക്കാരെയും ഒഴിപ്പിച്ചതായി മക്ക സിവില്‍ ഡിഫന്‍സ് അതോറിറ്റി വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ അറിയിച്ചു.

സംഭവത്തില്‍ ആര്‍ക്കും പരുക്കേല്‍ക്കുകയോ ജീവഹാനിയുണ്ടാകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയിലെ ചരിത്ര കേന്ദ്രമായ അല്‍ബലദ് മക്ക, മദീന തുടങ്ങിയ തീര്‍ഥാടക കേന്ദ്രങ്ങളിലേക്കുള്ള പ്രധാന കവാടം കൂടിയാണ്.

സ്‌കൂട്ടറില്‍ മദ്യം കടത്തുകയായിരുന്ന യുവാവ് പിടിയില്‍കുമ്പള: സ്‌കൂട്ടറില്‍ കടത്തിയ കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ അറസ്റ്റു ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എ.ബി.അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സംഘം ബംബ്രാണ, ബീരന്തിക്കരയിലെ സഞ്ജീവ (19)നെയാണ് അറസ്റ്റ് ചെയ്തത്.

ദേശീയപതാക ഉയര്‍ത്തിയ സംഭവം: മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന് സിപിഐഎം

പാലക്കാട്: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് മൂത്താന്‍തറയിലെ സ്‌കൂളില്‍ നിയമവിരുദ്ധമായി ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ കേസെടുക്കണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി. ഇതിന് ഒത്താശ ചെയ്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നിയമനടപടി കൈക്കൊള്ളണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. ഇപ്രകാരം ദേശീയപതാക ഉയര്‍ത്തിയത് നിയമലംഘനവും ദേശീയപതാകയെ അവഹേളിക്കലുമാണ്. മന:പൂര്‍വം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. കേരളത്തില്‍ മന:പൂര്‍വം പലവിധ പ്രകോപനങ്ങള്‍ സൃഷ്ടിച്ചു കലാപങ്ങള്‍ ഉണ്ടാക്കുക എന്ന ആര്‍എസ്എസ്ബിജെപി ദേശീയ നേതൃത്വത്തിന്റെ പദ്ധതിയാണ് ഈ നിയമലംഘനത്തിനു പിന്നിലെന്നും സിപിഐഎം ആരോപിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് ആര്‍എസ്എസ് മേധാവി സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ പ്രധാന അധ്യാപകനെതിരെ കേസെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളിലാണ് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത്.

എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ പ്രധാന അധ്യാപനോ, ജനപ്രതിനിധികള്‍ക്കോ മാത്രമാണ് അധികാരമെന്ന് ജില്ലാ കലക്ടര്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിനു കലക്ടര്‍ രേഖാമൂലം വിലക്ക് കൈമാറിയിരുന്നു. എന്നാല്‍, കലക്ടറുടെ ഉത്തരവിന് യാതൊരു വിലയുംകല്‍പ്പിക്കാതെയാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്.

പെര്‍ളയില്‍ ഗള്‍ഫുകാരന്റെ ഭാര്യ കിണറ്റില്‍ മരിച്ച നിലയില്‍

പെര്‍ള: ഗള്‍ഫുകാരന്റെ ഭാര്യയായ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക ചേടിക്കാനയിലെ പ്രശാന്തിന്റെ ഭാര്യ അശ്വിനി(28) യാണ് മരിച്ചത്. രണ്ടുവര്‍ഷം മുമ്പ് വിവാഹിതയായ അശ്വിനി ഏതാനും മാസം ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലായിരുന്നു. പിന്നീട് തിരിച്ചെത്തി പെര്‍ള, വീടു തറവാട്ടില്‍ മാതാപിതാക്കളായ വിശ്വനാഥ റൈ ഇന്ദിര എന്നിവര്‍ക്കൊപ്പമായിരുന്നു താമസം. വൈകിട്ടോടെ കാണാതായ അശ്വിനിയെ കിണറ്റില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

കാസര്‍കോട്ടെ ആദ്യകാല ചാര്‍ട്ടഡ് എക്കൗണ്ടന്റ് വൈ.എസ്.വി.ഭട്ട് അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ ആദ്യകാല ചാര്‍ട്ടഡ് എക്കൗണ്ടന്റ് എസ്.വി.ടി. റോഡിലെ വൈ.എസ്. വെങ്കട്ട രമണഭട്ട് (82) അന്തരിച്ചു. കഴിഞ്ഞ ദിവസം മുള്ളേരിയ മൗവ്വാറിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗത്താല്‍ വിശ്രമത്തിലായിരുന്നു. കാസര്‍കോട്ടെ നിരവധി വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ അദ്ദേഹത്തെയായിരുന്നു കണക്കുകള്‍ കൈകാര്യം ചെയ്യാന്‍ ഏല്‍പിച്ചിരുന്നത്. വൈ.എസ് വി.ഭട്ട് എന്ന പേരില്‍ അദ്ദേഹം ചാര്‍ട്ടേഡ് അക്കൗണ്ടിങ്ങ് രംഗത്ത് ഏറേ പ്രശസ്തനായിരുന്നു.

ഭാര്യ: കമല. മക്കള്‍: വൈ വി. രവിരാജ് (കര്‍ണാടക ഹൈക്കോടതി സീനിയര്‍ കൗണ്‍സില്‍ ഫോര്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്), അഡ്വ. വൈ.വി. ശ്രീകാന്ത് ( ടാക്‌സ് കണ്‍സള്‍ട്ടന്റ്, കാസര്‍കോട്), ഡോ. വൈ.വി.സുരേഷ് (മംഗളൂരു), വൈ.വി. പ്രകാശ് (കര്‍ഷകന്‍, മൗവ്വാര്‍). മരുമക്കള്‍: താര (അക്കൗണ്ടന്റ് മംഗളൂരു), പ്രേമലത, ഡോ. അനുപമ, മംഗളൂരു). സഹോദരങ്ങള്‍: വൈ.എസ്. നാരായണ ഭട്ട് (റിട്ട. എഞ്ചിനീയര്‍), വൈ, എസ് ബാലകൃഷ്ണ ഭട്ട് (കാര്‍ക്കള ), വൈ.എസ്. ശ്രീദേവി, വൈ.എസ്. ശാരദ, വൈ.എസ്. വല്‍സല. സംസ്‌ക്കാരം മൗവ്വാറിലെ വീട്ടുവളപ്പില്‍ നടന്നു.
 
Copyright © 2016. Muhimmath - All Rights Reserved