Latest News :
...
Home » , , » എസ് എസ് എഫ് സംസ്ഥാന സമ്മേളന പതാക ജാഥ 10 ന് കാസര്‍കോട്ട് നിന്നും പ്രയാണമാരംഭിക്കും

എസ് എസ് എഫ് സംസ്ഥാന സമ്മേളന പതാക ജാഥ 10 ന് കാസര്‍കോട്ട് നിന്നും പ്രയാണമാരംഭിക്കും

Written By Muhimmath News on Monday, 8 April 2013 | 13:47

എസ് എസ് എഫ് സംസ്ഥാന സമ്മേളന പതാക ജാഥ 10 ന് കാസര്‍കോട് നിന്നും പ്രയാണം ആരംഭിക്കും.

കാസര്‍കോട് ഈ മാസം 26 മുതല്‍ 28 വരെ എറണാകുളം രിസാല സ്‌ക്വയറില്‍ നടക്കുന്ന എസ് എസ് എഫ് നാല്പതാം വാര്‍ഷിക സമ്മേളനത്തിന്റെ സംസ്ഥാന പതാക ജാഥ 10ന് ബുധനാഴ്ച കാസര്‍കോട് നിന്നും പ്രയാണം തുടങ്ങും.


40-ാം വാര്‍ഷികം അടയാളപ്പെടുത്തി 40 പതാകകളാണ് 40 ചരിത്ര പ്രധാന നഗരികളില്‍ നിന്നും കാല്‍നടയായി എറണാകുളത്ത് എത്തിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലെ 40 സമുന്നതരാണ് പതാക കൈമാറുന്നത്.
കാസര്‍കോട് ജില്ലയില്‍ പുത്തിഗെ മുഹിമ്മാത്ത് നഗര്‍ അഹ്ദല്‍ തങ്ങള്‍ മഖാം, തളങ്കര മാലികദീനാര്‍ മഖാം എന്നിവിടങ്ങളില്‍ നിന്നാണ് പതാക കൈമാറ്റം. ബുധനാഴ്ച രാവിലെ 8.30 ന് മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തിന് ശേഷം കാല്‍നടജാഥ ആരംഭിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം എം അലികുഞ്ഞി മുസ്‌ലിയാര്‍ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍ ജഅ്ഫറിന് പതാക കൈമാറും. കട്ടത്തടുക്ക ആരിക്കാടി വഴി ദേശീയ പാതയിലൂടെ ജാഥ ഉച്ചയ്ക്ക് 3 മണിക്ക് തളങ്കരയില്‍ എത്തിച്ചേരും. തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തിന് ശേഷം നൂറുല്‍ ഉലമ എം. എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫിക്ക് പതാക കൈമാറും. പ്രഥമ ദിവസം പദയാത്ര വൈകീട്ട് 7 മണിക്ക് ബേക്കലില്‍ സമാപിക്കും.


രണ്ടാം ദിവസം രാവിലെ 9 ന് ബേക്കലില്‍ നിന്ന് ആരംഭിച്ച് വൈകീട്ട് അഞ്ച് മണിക്ക് വെള്ളൂരില്‍ വെച്ച് കണ്ണൂര്‍ ജില്ലയിലെ പ്രവര്‍ത്തകര്‍ പതാകയെ വരവേല്‍ക്കും. അഞ്ഞൂറിലധികം ഗ്രീന്‍, വൈറ്റ്, ബ്ലൂ ഐ,ടീം കേഡറ്റുകള്‍ ജാഥയെ അനുഗമിക്കും.സംസ്ഥാനത്തെ നാല്പത് കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെടുന്ന പതാക ജാഥകള്‍ 19 ന് എറണാകുളത്ത് സംഗമിക്കും. 20 ന് എസ് എസ് എഫിന്റെ നാല്പത് മുന്‍കാല സാരഥികള്‍ ചേര്‍ന്ന് ഓരേ സമയം നാല്പത് പതാക ഉയര്‍ത്തും.


രാഷ്ട്ര സ്വാതന്ത്ര്യത്തിന് പടപൊരുതിയ ധീര ദേശാഭിമാനികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലിമുസ്ലിയാര്‍, മരക്കാര്‍ ശഹിദ്, മമ്പുറം തങ്ങള്‍, മഖ്ദൂമുമാര്‍ തുടങ്ങിയവരുടെ ചരിത്ര ഭൂമികയില്‍ നിന്നും പ്രസ്ഥാനത്തിന്റെ മുന്‍കാല സാരഥികളുടെ അന്ത്യ വിശ്രമ സങ്കേതങ്ങളില്‍ നിന്നു
മാണ് പതാക കകള്‍ കൊണ്ട് വരുന്നത്.
സമ്മേളനത്തിന്റെ ബഹുമുഖ പദ്ധതികള്‍ വിവിധ ജില്ലകള്‍ ഏറ്റെടുത്ത് നടത്തുന്നു. പതിനായിരം പ്രതിനിധികളുടെ മൂന്ന് ദിവസത്തെ ഭക്ഷ്യ വിഭവങ്ങള്‍ കാസര്‍കോട് ജില്ലയില്‍ നിന്നുമാണ് സമാഹരിക്കുന്നത്. എസ് എസ് എഫ് സംസ്ഥാന സമ്മേളന പ്രചാരണം കാസര്‍കോട് ജില്ലയില്‍ ഏറെ സജീവമായി. ജില്ലയിലെ 350ലേറെ യൂണിറ്റുകളില്‍ മദ്യവിരുദ്ധ പ്രതിജ്ഞാ സമ്മേളനം, വിദ്യാര്‍ഥി സമ്മേളനം, രക്ഷാകര്‍തൃ സമ്മേളനം, പൊതുയോഗം എന്നിവ നടന്ന് വരുന്നു.സെക്ടര്‍ തലങ്ങളില്‍ കൊടിയേറ്റം, ഐ.ടീം സംഗമങ്ങള്‍, റാലികള്‍ എന്നിവയും ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സമരഘോഷം, സന്ദേശയാത്ര, കുട്ടികളുടെ സമ്മേളനം, കൊടിയേറ്റം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
ജലയാത്ര, പെട്ടി സമ്മേളനം, പഞ്ചസാര ശേഖരണം, ഒറ്റയാള്‍ പ്രകടനം, രണ്ടാള്‍ പ്രകടനം, ഭാരവാഹിപ്രകടനം, ബസ് പ്രസംഗം തുടങ്ങിയവ പ്രചാരണ രംഗത്ത് വേറിട്ട അനുഭവമായി. എന്റെ ചുമര്‍, സമരപകല്‍ തുടങ്ങിയ പരിപാടികളിലൂടെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും സ്വയം സമര്‍പ്പിതരായാണ് പ്രചാരണങ്ങള്‍ കൊഴുപ്പിക്കുന്നത്.
മൂന്ന് ദിവസങ്ങളിലായ് എറണാകുളത്ത് നടക്കുന്ന സമ്മേളനവും വേറിട്ട അനുഭവമായി മാറും. വിദ്യാര്‍ഥി യുവജനങ്ങളില്‍ ധാര്‍മികതയുടെ പുതിയ പാഠങ്ങള്‍ പകരുകയാണ് സമരമാണ് ജീവിതം എന്ന പ്രമേയം വഴി സംഘടന ലക്ഷ്യം വെക്കുന്നത്.
അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, മാധ്യമ പ്രമുഖര്‍, സാംസ്‌കാരിക നായകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ സാനിധ്യമുണ്ടാകും.സമാപന ഭാഗമായി നാല്‍പതിനായിരം സന്നദ്ധ ഭടന്മാരും ലക്ഷകണക്കിന് പ്രവര്‍ത്തകരും അണിനിരക്കുന്ന പടുകൂറ്റന്‍ പ്രകടനവും പൊതുസമ്മേളനവും നടക്കും.സമ്മേളന പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ഇതിനകം പൂര്‍ത്തിയായി. പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തില്‍ പ്രതിനിധികള്‍ക്ക് മൊബൈല്‍ ഫോണ്‍ വഴി നേരത്തെ ഡി.എന്‍.ആര്‍ കോഡ് നല്‍കും.ആയിരത്തിലേറെ വരുന്ന വളണ്ടിയര്‍ കോറിന്റെ സേവനം സമ്മേളനത്തില്‍ ലഭ്യമാകും.ഓരോ ജില്ലയിലും പ്രത്യേകം സ്വാഗത സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ചെയര്‍മാനും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി കണ്‍വീനറുമായി 1001 അംഗ സ്വാഗത സംഘം പ്രവര്‍ത്തിക്കുന്നു.


പത്രസമ്മേളനത്തില്‍ ജില്ലാ സംഘാടകസമിതി കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ എസ് എസ് എഫ് പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ജനറല്‍ സെക്രട്ടറി സി എന്‍ ജഅ്ഫര്‍ സ്വാദിഖ്, ട്രഷറര്‍ മുഹമ്മദ് റഫീഖ് സഖാഫി, സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് കുബനൂര് തുടങ്ങിയവയവര്‍ സംബന്ധിച്ചു.

Tags: ssf, press meet, ssf 40th anniversary
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved