Latest News :
...
Home » , » മതിയായ രേഖകളില്ലാതെ ദുബായില്‍നിന്നെത്തിച്ച രണ്ടരക്കോടിയുടെ സാധനങ്ങള്‍ പിടിച്ചു

മതിയായ രേഖകളില്ലാതെ ദുബായില്‍നിന്നെത്തിച്ച രണ്ടരക്കോടിയുടെ സാധനങ്ങള്‍ പിടിച്ചു

Written By Muhimmath News on Tuesday, 7 May 2013 | 11:35

കാഞ്ഞങ്ങാട്: ദുബായില്‍നിന്ന് മുംബൈ എയര്‍പോര്‍ട്ട്‌വഴി മലപ്പുറത്തേക്ക് കൊണ്ടുപോവുകായിരുന്ന രണ്ടരക്കോടിരൂപയുടെ സാധനങ്ങള്‍ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ കാഞ്ഞങ്ങാട്ട് പിടികൂടി. മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ കടക്കാതെ കര്‍ണാടക അതിര്‍ത്തിയില്‍നിന്ന് വനത്തിലെ ഊടുവഴികളിലൂടെയാണ് ലോറികള്‍ കേരളത്തിലെത്തിയത്. നാലു ലോറികളിലായാണ് സാധാനങ്ങള്‍ ഉണ്ടായിരുന്നത്. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി ഈത്തപ്പഴംവരെയുള്ള സാധനങ്ങളുണ്ട് പിടിച്ചെടുത്തവയില്‍പെടും.

പ്രാഥമിക പരിശോധനയില്‍ തന്നെ ലോറിക്കാരുടെ കൈയില്‍ മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതായി വാണിജ്യ നികുതിവകുപ്പിലെ ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1356 പെട്ടികളിലായാണ് സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. അഞ്ചുമാസം മുമ്പ് കസ്റ്റംസ് തീരുവ ഒടുക്കിയ ഒരു രേഖ മാത്രമാണ് ലോറികളില്‍ ഉണ്ടായിരുന്നത്. ഒരു ലോറിയിലെ പെട്ടികള്‍ അഴിച്ച് നോക്കിയപ്പോള്‍ത്തന്നെ ഈ രേഖയുമായി സാധനങ്ങള്‍ക്ക് ബന്ധമില്ലെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് ലോറികള്‍ അമ്പലത്തറ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. മുഴുവന്‍ പെട്ടികളും പരിശോധിച്ച് നികുതിയൊടുക്കേണ്ടതിന്റെ കണക്ക് കൃത്യമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.തിങ്കളാഴ്ച രാവിലെ 6.10 ഓടെയാണ് ആദ്യലോറി പിടികൂടിയത്. ദേശീയപാതയില്‍ കാഞ്ഞങ്ങാട് സൗത്തിലാണിത്. പിറകെവന്ന ലോറികള്‍ മാവുങ്കാല്‍, പൊയിനാച്ചി എന്നിവിടങ്ങളില്‍നിന്നായി ഉദ്യോഗസ്ഥര്‍ പിടികൂടി. ഹൈവേ പോലീസിന്റെ സഹായത്തോടെയാണ് ലോറികള്‍ കസ്റ്റഡിയിലെടുത്തത്. കെ.എല്‍. 58 ഇ 6693, കെ.എല്‍. 57സി 1132, കെ.എല്‍. 13 ആര്‍ 770, കെ.എല്‍.5 ഡി. 3965 എന്നിങ്ങനെയാണ് പിടിച്ചെടുത്ത ലോറികളുടെ നമ്പറുകള്‍. കാസര്‍കോട് വാണിജ്യ നികുതി ഇന്റലിജന്‍സ് ഓഫീസര്‍ പി.സി.ബാലകൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍, പി.വി.രത്‌നാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലോറികള്‍ പിടിച്ചെടുത്തത്.


മുംബൈയിലെ മനോജ് ശരത്കല എന്നയാളുടെ പാസ്‌പോര്‍ട്ട് കോപ്പികളാണ് ലോറിയില്‍നിന്ന് പിടിച്ചെടുത്ത കസ്റ്റംസ് ക്ലീയറന്‍സ് രേഖയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. ഇതിലാകട്ടെ പാസ്‌പോര്‍ട്ട് നമ്പര്‍ എഴുതിയത് തെറ്റുമാണ്. 2012 ഡിസംബര്‍ 29ന് 1.37 ലക്ഷം രൂപ ഒടുക്കിയതിന്റെ കസ്റ്റംസ് ക്ലിയറന്‍സ് രേഖയാണ് ലോറിക്കാരുടെ കൈയില്‍ ഉള്ളത്. 1356 പേര്‍ക്ക് അവരുടെ ബന്ധുക്കള്‍ ദുബായില്‍നിന്ന് കൊടുത്തുവിട്ട സാധന സാമഗ്രികളാണിതെന്നാണ് കാര്‍ഗോ കമ്പനിയുടെ രേഖകളില്‍ പറയുന്നത്. അത്രയും ആളുകളുടെ പേരും സ്ഥലവും എഴുതിയ പട്ടികയും ലോറിക്കാരുടെ കൈയിലുണ്ട്.


ബന്ധുക്കള്‍ക്ക് എത്തിക്കുന്ന സാധനങ്ങള്‍ക്ക് ചെക്‌പോസ്റ്റില്‍ നികുതി കെട്ടേണ്ടതില്ല. എന്നാല്‍ മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ കടക്കാതെ അതിര്‍ത്തിവനത്തിലെ രഹസ്യവഴിയിലൂടെ ലോറികള്‍ കടന്നുവന്നതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്നുള്ള പരിശോധനയാലാണ് രേഖകള്‍ വ്യാജമാണെന്ന് വ്യക്തമായത്. വില്പന നികുതി ഈടാക്കുകയാണെങ്കില്‍ 5 ശതമാനം മുതല്‍ പതിനാലര ശതമാനംവരെയാണ് ഈ സാധനങ്ങള്‍ക്ക് പണം അടയേ്ക്കണ്ടത്. നികുതിവെട്ടിച്ചതാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവെന്ന് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags: lorry, custody, customs, cargo, gulf items
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved