Latest News :
Home » , , , » വോട്ടുചോര്‍ച്ച യില്‍ അമ്പരന്ന് ചെറുപാര്‍ട്ടികള്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ 7% വോട്ട് കിട്ടിയ എസ്ഡിപിഐക്ക് ഇത്തവണ 0.6% മാത്രം

വോട്ടുചോര്‍ച്ച യില്‍ അമ്പരന്ന് ചെറുപാര്‍ട്ടികള്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ 7% വോട്ട് കിട്ടിയ എസ്ഡിപിഐക്ക് ഇത്തവണ 0.6% മാത്രം

Written By Muhimmath News on Tuesday, 24 May 2016 | 13:00

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്ന് കോണ്‍ഗ്ര സിലടക്കം തോല്‍വിയുടെ കാര്യകാരണങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മത്സരിച്ച ഭൂരിപക്ഷം മണ്ഡലങ്ങളിലുമുണ്ടായ വോട്ടുചോര്‍ച്ചയില്‍ എസ്ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ എന്നീ പാര്‍ട്ടികള്‍ക്കുള്ളില്‍ ആശങ്ക. ഇതില്‍ എസ്ഡിപിഐ സമാജ്‌വാദി പാര്‍ട്ടിയുമായി കൂട്ടുകെട്ടില്‍ മത്സരിച്ചെങ്കിലും വോട്ടുകള്‍ മൂന്നിലൊന്നിലും താഴെയായിരുന്നു.

ചില മണ്ഡലങ്ങളിലാകട്ടെ ഇത് പത്തിലൊന്നായി കുറഞ്ഞിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥിതിയും മറിച്ചല്ല. ഏറെക്കുറെ എല്ലാ മണ്ഡലങ്ങളിലും മത്സരത്തിനിറങ്ങിയ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് നിന്നും ആകെ നേടാനായത് 61,653(0.3%) വോട്ടുകള്‍ മാത്രമാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏഴുശതമാനം വോട്ടുകള്‍ പിടിച്ച എസ്ഡിപിഐക്ക് 98 സീറ്റുകളില്‍ മത്സരിച്ച നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കിട്ടിയ വോട്ട് വിഹിതം വെറും 0.6% ആണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2,73,864 വോട്ടുകളാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. ഒന്നരവര്‍ഷം കൊണ്ട് 1,24,979 വോട്ടുകളുടെ കുറവാണ് പ്രചാരണരംഗത്ത് സജീവമായിരുന്ന എസ്ഡിപിഐക്ക് ഉണ്ടായിരിക്കുന്നത്.

ഇതിന് ഏറ്റവും വലിയ ഉദാഹരണം എസ്ഡിപിഐയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ വോട്ടുകണക്കുകള്‍ തന്നെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 7603 വോട്ടുകള്‍ ലഭിച്ച അദ്ദേഹത്തിന് ഇത്തവണ ലഭിച്ചത് വെറും 3667 വോട്ടുകള്‍ മാത്രമാണ്. ബേപ്പൂരില്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2099 വോട്ടുകള്‍ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 1126 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് 3790 വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 698 വോട്ട് മാത്രമാണ് ഇവിടെ നിന്നും ഇവര്‍ക്ക് നേടാനായത്. അതേസമയം ജമാഅത്ത് ആസ്ഥാനമായ ശാന്തപുരം കോളെജ് ഉള്‍ക്കൊള്ളുന്ന ഇവിടെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ 4361ല്‍ നിന്നും 1752 ആയിട്ടാണ് കുറഞ്ഞത്.വളരെക്കുറച്ച് മണ്ഡലങ്ങളില്‍ മാത്രം മത്സരിച്ച പിഡിപിക്ക് ആകെ 47,950(0.2%) വോട്ടുകളാണ് ലഭിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved