Latest News :
Home » , » ഉയര്‍ന്ന ഭൂരിപക്ഷം; ഇ.ചന്ദ്രശേഖരന്‍ മന്ത്രിയാവാന്‍ സാധ്യത

ഉയര്‍ന്ന ഭൂരിപക്ഷം; ഇ.ചന്ദ്രശേഖരന്‍ മന്ത്രിയാവാന്‍ സാധ്യത

Written By Muhimmath News on Friday, 20 May 2016 | 21:19

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി പി ഐയിലെ ഇ ചന്ദ്രശേഖരന് ജില്ലയിലെ മറ്റ് വിജയിച്ച സ്ഥാനാര്‍ഥികളെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷം കിട്ടിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. 26,011 വോട്ടിന്റെ തിളങ്ങുന്ന ഭൂരിപക്ഷവുമായി വിജയിച്ച ഇ ചന്ദ്രശേഖരന്‍ എം എല്‍ എ മന്ത്രിയാകാനുള്ള സാധ്യതയും തെളിയുകയാണ്. വന്‍ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി അധികാരത്തിലെത്തുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലക്കും മന്ത്രി വേണമെന്ന ആവശ്യം ശക്തമാണ്.

2006ല്‍ വി എസ് മന്ത്രിസഭയില്‍ നാല് മന്ത്രിമാരാണ് സി പി ഐക്ക് ഉണ്ടായിരുന്നത്. റവന്യു, കൃഷി, സിവില്‍ സപ്ലൈസ്, വനം എന്നിവയായിരുന്നു സി പി ഐക്ക് ലഭിച്ചത്. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന രണ്ട് പേരാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മുല്ലക്കര രത്‌നാകരനും സി ദിവാകരനും.

രണ്ട് പേരും വിജയം കൊയ്തിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ തൃശൂരില്‍ നിന്ന് വിജയിച്ച വി എസ് സുനില്‍ കുമാര്‍ മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കൂടാതെ ഇ ചന്ദ്രശേഖരന് കൂടി മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് കരുതുന്നത്. വടക്കെ മലബാറിലെ പ്രാതിനിധ്യം കണക്കിലെടുത്ത് ചന്ദ്രശേഖരന്‍ മന്ത്രിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

2011ല്‍ 12,178 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചന്ദ്രശേഖരന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ ഭൂരിപക്ഷം 26,011 ആയി വര്‍ധിപ്പിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി ഇടതുമുന്നണി കാണുന്നു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved