Latest News :
Home » , , » വിദ്വേഷ രാഷ്ട്രീയത്തിന് എതിരെയുള്ള വിജയം - കാന്തപുരം

വിദ്വേഷ രാഷ്ട്രീയത്തിന് എതിരെയുള്ള വിജയം - കാന്തപുരം

Written By Muhimmath News on Friday, 20 May 2016 | 10:04

ദുബായ്: വിദ്വേഷ രാഷ്ട്രീയത്തിനെതിരെയുള്ള മതേതര വിശ്വാസികളുടെ വിജയമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. 
കേരളത്തിന്റെ പൊതുവികാരത്തിനനുസരിച്ചുള്ള തിരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ആ പൊതുവികാരത്തിനനുസരിച്ചാണ് സുന്നികളും നിലകൊണ്ടത്. സുന്നീ പ്രസ്ഥാനം രാഷ്ട്രീയമായി സംഘടിച്ച് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും വ്യക്തമായ നയനിലപാടുകള്‍ കൈക്കൊള്ളാറുണ്ട്. ഈ തിരഞ്ഞെടുപ്പിലും അത് ഉണ്ടായിട്ടുണ്ട്. നിലപാടുകള്‍ സംഘടനാ ചാനലിലൂടെ പ്രവര്‍ത്തകരെ അറിയിക്കുകയും അവ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ്. അതിന്റെ ഫലവും കണ്ടിട്ടുണ്ട്.
മര്‍കസ് അലുംനിയില്‍പെട്ട ഒരു അംഗവും സഹോദരനും മണ്ണാര്‍ക്കാട് കൊലചെയ്യപ്പെട്ടിരുന്നു.

മര്‍കസ് അലുംനിയുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കവെ അവിടുത്തെ എം എല്‍ എ കേസിലെ പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തതിനാല്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെടാതിരിക്കണമെന്ന് പരാമര്‍ശിച്ചിരുന്നു. സുന്നീ പ്രസ്ഥാനം രാഷ്ട്രീയമായി സംഘടിച്ച് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും വ്യക്തമായ നയത്തിന്റെ ഭാഗമായായിരുന്നു ഇത്. ജയപരാജയങ്ങള്‍ നോക്കിയല്ല അത്തരം നിലപാടുകള്‍ സ്വീകരിക്കാറുള്ളത്.

ആരാധനാലയങ്ങളുടെയും മത സ്ഥാപനങ്ങളുടെയും നടത്തിപ്പ് പോലുള്ള കാര്യങ്ങളില്‍ ഭരണകൂടം ആവശ്യമായ പിന്തുണ നല്‍കേണ്ടതുണ്ട്. വിശ്വാസികളുടെ വികാരങ്ങള്‍ വ്രണപ്പെടാതെ നോക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. അത് നിറവേറ്റപ്പെടുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.

ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് സംസ്ഥാന ഭരണകൂടത്തിന് ബാധ്യതയുണ്ട്. പലപ്പോഴും ചില താത്പര്യങ്ങളുടെ പേരില്‍ ആരാധനാ സ്വാതന്ത്ര്യംവരെ ഹനിക്കപ്പെടുന്നു. കേരളത്തില്‍ ചില ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിശേഷിച്ച് സുന്നീ വിഭാഗത്തിന് ചില കയ്‌പ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുതിയ ഭരണപക്ഷം ഇക്കാര്യത്തില്‍ നിഷ്പക്ഷവും നീതിയുക്തവുമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

ചില സ്ഥലങ്ങളില്‍ സുന്നീ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണമുണ്ടായിട്ടുണ്ട്. അത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഭരണകൂടം ശ്രദ്ധിക്കണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. കേരളത്തിന്റെ വികസന കാര്യത്തില്‍ അതിവേഗതയില്‍ യുക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ ജന പങ്കാളിത്തത്തോട് കൂടിയുള്ള വികസന അജന്‍ഡയാണ് നടപ്പാക്കേണ്ടത്.

പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നോട്ടാണോ എന്ന് സംശയം ഉണ്ട്. കേവലം റോഡുകളും പാലങ്ങളും മാത്രമല്ല വികസനം. നഗരത്തിനും ഗ്രാമത്തിനും ഒരേപോലെ സൗകര്യങ്ങള്‍ ലഭ്യമാകുന്ന, തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്ന വികസനമാണ് അഭികാമ്യം.
വിദ്യാഭ്യാസത്തിലൂടെ മാത്രമാണ് സമൂഹത്തിന്റെ ഉന്നതി രൂപപ്പെടുത്താനാവുന്നത്. വളര്‍ന്നുവരുന്ന സമൂഹത്തിന് വഴികാട്ടാനും വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്ക് എത്തിപ്പെടാതിരിക്കാനും ശരിയായ വിദ്യാഭ്യാസവും ധാര്‍മിക ചിന്തകളും പകര്‍ന്നു നല്‍കണം.

ഇതിനായി സുന്നിപ്രസ്ഥാനമടക്കമുള്ളവര്‍ മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള നിയമനൂലാമാലകള്‍ ഇല്ലാതാക്കേണ്ടതുണ്ട്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. ഇത് പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാവണം.
പ്രവാസികളെ സംബന്ധിച്ച് ഗഹനമായ പഠനം നടത്തിയതിന് ശേഷം പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. നോര്‍ക്ക റൂട്ട്‌സ് അടക്കം ചില പദ്ധതികള്‍ നടപ്പാക്കിയെങ്കിലും ഭൂരിപക്ഷം പ്രവാസികള്‍ക്കും അത്താണിയാകുന്ന തുടര്‍ പദ്ധതികള്‍ ഉണ്ടായിട്ടില്ല.

മുഖ്യമന്ത്രിമാരടക്കം മന്ത്രിമാര്‍ കേരളീയര്‍ ധാരാളമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും മലയാളികളോട് സംവദിക്കുകയും വേണം. ഗള്‍ഫ് രാജ്യങ്ങളെയാണ് കേരളത്തിന് ഏറ്റവും ആശ്രയിക്കാന്‍ കഴിയുക. അതിന് ഉദാഹരണമാണ് കൊച്ചി സ്മാര്‍ട് സിറ്റി. ഇത്തരം പദ്ധതികള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്.
കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധം ഏര്‍പെടുത്തുന്നതിന് ഭരണകൂടം മുന്‍കൈയെടുക്കണം.

കേരളത്തില്‍ അറബിക് സര്‍വകലാശാല തുടങ്ങുന്നതിനുള്ള തീരുമാനം നടപ്പിലാക്കണം. അറബി പഠനത്തിന് പ്രത്യേക സര്‍വകലാശാല സ്ഥാപിക്കുന്നതോടെ കേരളത്തിലെ യുവാക്കള്‍ക്ക് വിദേശരാജ്യങ്ങളില്‍ ജോലി സാധ്യത വര്‍ധിക്കും. സ്ത്രീസുരക്ഷക്കായി കര്‍മ പദ്ധതികളും നടപടികളും ഉണ്ടാവേണ്ടതുണ്ട്.
കോണ്‍ഗ്രസിനുള്ളിലെ ഭിന്നതയും ന്യൂനപക്ഷവോട്ടുകള്‍ ഭിന്നിച്ചതുമാണ് നേമത്ത് ബി ജെ പിക്ക് വിജയിക്കാനായത്. പുതിയ ഭരണ സംവിധാനത്തിന് എല്ലാവിധ പിന്തുണയും അറിയിക്കുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved