Latest News :
Home » , » പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റു

പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റു

Written By Muhimmath News on Wednesday, 25 May 2016 | 17:19



തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി. തലസ്ഥാനം ചെങ്കടലായി മാറിയ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ പിണറായി വിജയനെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് വലിയ ആരവത്തോടെയാണ് ചടങ്ങിനെത്തിയവര്‍ എതിരേറ്റത്. മുന്‍നിരയിലിരുന്ന പ്രമുഖ കക്ഷി നേതാക്കളുടെ അനുഗ്രഹം വാങ്ങിയാണ് പിണറായി സത്യപ്രതിജ്ഞയ്ക്കായി വേദിയില്‍ എത്തിയത്. തുടര്‍ന്ന് നാല് മണിക്കു തന്നെ സത്യ വാചകം ചൊല്ലി. സഗൗരവമായിരുന്നു പ്രതിജ്ഞ ചൊല്ലിയത്.

പിണറായിക്കു ശേഷം സി.പി.ഐ നിയമസഭാ കക്ഷി നേതാവ് ഇ.ചന്ദ്രശേഖരന്‍ രണ്ടാമതായി സത്യവാചകം ചൊല്ലി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ചന്ദ്രശേഖരന് പരിക്കേറ്റിരുന്നു. പ്ലാസ്റ്ററിട്ട കൈയ്യുമായാണ് കാഞ്ഞങ്ങാട് എം.എല്‍.എയായ ചന്ദ്രശേഖരന്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. മൂന്നാമതായി ജെ.ഡി.എസ് നേതാവ് മാത്യു ടി.തോമസ് ദൈവനാമത്തില്‍ സത്യ പ്രതിജ്ഞ ചെയ്തു. എന്‍.സി.പി നേതാവ് എ.കെ ശശീന്ദ്രന്റെ ഊഴമായിരുന്നു അടുത്തത്. ഘടകകക്ഷി നേതാക്കളില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് അഞ്ചാമതായി സത്യവാചകം ചൊല്ലിയത്. സി.പി.എമ്മില്‍ നിന്ന് എ.കെ ബാലനാണ് തുടര്‍ന്ന് സത്യ പ്രതിജ്ഞ ചെയ്തത്.

സി.പിഎം സ്വതന്ത്രനായ കെ.ടി ജലീലിന്റെ ഊഴമായിരുന്നു അടുത്തത്. ദൈവനാമത്തിലാണ് ജലീല്‍ സത്യ പ്രതിജ്ഞ ചെയ്തത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ തുടര്‍ന്ന് സത്യവാചകം ചൊല്ലി. സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലയിലെ പ്രമുഖനായ കടകംപള്ളി സുരേന്ദ്രനായിരുന്നു അടുത്ത ഊഴം. കുണ്ട്‌റ എം.എല്‍.എ ജെ മേഴ്‌സിക്കുട്ടിയമ്മയാണ് അടുത്തതായി സത്യ പ്രതിജ്ഞ ചെയ്തത്. എസി മൊയ്തീന്‍ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. സി.പി.ഐയില്‍ നിന്നും അഡ്വ.കെ രാജുവാണ് അടുത്തതായി സത്യപ്രതിജ്ഞ ചെയ്തത്.

പേരാമ്പ്രയെ പ്രതിനിധീകരിക്കുന്ന ടി.പി രാമകൃഷ്ണന്‍ മന്ത്രിയായി സത്യവാചകം ചൊല്ലി. പ്രഫ സി.രവീന്ദ്രനാഥ് തുടര്‍ന്ന് സഗൗരവം സത്യവാചകം ചൊല്ലി. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ ടീച്ചര്‍ സത്യവാചകം ചൊല്ലി. സി.പി.എമ്മില്‍ നിന്ന് ജി.സുധാകരനാണ് അടുത്തതായി പ്രതിജ്ഞ ചെയ്തത്. സി.പി.ഐ മന്ത്രിമാരായ വി.എസ് സുനില്‍ കുമാറും പി.തിലോത്തമനും തുടര്‍ന്ന് സത്യ പ്രതിജ്ഞ ചെയ്തു. ഏറ്റവും ഒടുവിലായി തോമസ് ഐസക് പ്രതിജ്ഞ ചെയ്തതോടെ ചടങ്ങ് പൂര്‍ത്തിയായി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved