Latest News :
...
Home » » സത്യപ്രതിജ്ഞ 25ന്: നിര്‍ണായക എല്‍ ഡി എഫ് യോഗം ഇന്ന്

സത്യപ്രതിജ്ഞ 25ന്: നിര്‍ണായക എല്‍ ഡി എഫ് യോഗം ഇന്ന്

Written By Muhimmath News on Sunday, 22 May 2016 | 12:39തിരുവനന്തപുരം:പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഈ മാസം 25ന് അധികാരമേല്‍ക്കും. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വൈകുന്നേരം നാലിനായിരിക്കും സത്യപ്രതിജ്ഞ. പതിനായിരങ്ങളെ പങ്കെടുപ്പിച്ച് ചടങ്ങ് ജനകീയമാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്ഭവന് പുറത്ത് സത്യപ്രതിജ്ഞ സംഘടിപ്പിക്കാനുള്ള തീരുമാനം. സി പി ഐ ഉള്‍പ്പെടെ ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയം നടത്തിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. അതേസമയം, മന്ത്രിസഭയിലെ അംഗസംഖ്യയും വകുപ്പും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ എല്‍ ഡി എഫ് ഇന്ന് യോഗം ചേരും.

പത്തൊമ്പത് അംഗ മന്ത്രിസഭയാണ് സി പി എം ആഗ്രഹിക്കുന്നത്. സി പി എമ്മില്‍ നിന്ന് പന്ത്രണ്ട് പേരും സി പി ഐയില്‍ നിന്ന് നാലും മന്ത്രിമാര്‍ എന്നതാണ് നിലവിലെ ധാരണ. ജനതാദള്‍ എസ്, എന്‍ സി പി, കോണ്‍ഗ്രസ് എസ് എന്നിവര്‍ക്ക് ഓരോ പദവിയും നല്‍കും.

അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന നിര്‍ദേശം ഇന്നലെ ചേര്‍ന്ന സി പി ഐ നിര്‍വാഹക സമിതിയില്‍ ഉയര്‍ന്നതിനാല്‍ എല്‍ ഡി എഫ് യോഗത്തില്‍ അവര്‍ ഇക്കാര്യം ആവശ്യപ്പെടും. മന്ത്രിസഭയുടെ അംഗസംഖ്യ ഉയര്‍ത്തുന്നുണ്ടെങ്കില്‍ ഒരു പദവി അധികം വേണമെന്നാകും സി പി ഐയുടെ ആവശ്യം. പതിവായി കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ മാറ്റവും സി പി ഐ ആഗ്രഹിക്കുന്നു. 2011ല്‍ പതിമൂന്ന് എം എല്‍ എമാരാണ് സി പി ഐക്കുണ്ടായിരുന്നത്. ഇത്തവണ ഇത് പത്തെമ്പത് ആയി ഉയര്‍ന്നു. സിറ്റിംഗ് എം എല്‍ എമാരില്‍ പതിമൂന്നില്‍ പന്ത്രണ്ട് പേരും വിജയിച്ചു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് ഒരു മന്ത്രിസ്ഥാനം കൂടി പരിഗണിക്കണമെന്ന ആവശ്യമാണ് സി പി ഐക്ക്. എന്നാല്‍, നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും എന്ന രീതി തുടരാനാണ് സി പി എം നീക്കം. മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടായ ശേഷം പിണറായി വിജയന്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രിമാരുടെ എണ്ണം കൂട്ടേണ്ടെന്ന് ധാരണയായിരുന്നു. കഴിഞ്ഞ വി എസ് മന്ത്രിസഭയില്‍ 19 പേരാണ് ഉണ്ടായത്. എല്‍ ഡി എഫിലെ ഘടകകക്ഷികള്‍ക്ക് മാത്രം മന്ത്രിസ്ഥാനം എന്നും ധാരണയായിട്ടുണ്ട്.

ചീഫ് വിപ്പ് സ്ഥാനം വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറില്‍ കൃഷി, റവന്യൂ, വനം, ഭവനനിര്‍മാണം, ഭക്ഷ്യ സിവില്‍ സപ്ലെസ്, മൃഗസംരക്ഷണം വകുപ്പുകളാണ് സി പി ഐക്ക് നല്‍കിയിരുന്നത്. ഇതിന് വനം വകുപ്പിന് പകരം വേറെ ഏതെങ്കിലും പ്രധാന വകുപ്പാണ് സി പി ഐ ആവശ്യപ്പെടുന്നത്. വി എസ് മന്ത്രിസഭയില്‍ കേരളാ കോണ്‍ഗ്രസും ആര്‍ എസ് പിയും കൈവശംവെച്ചിരുന്ന ജലസേചനം, പൊതുമരാമത്ത് വകുപ്പുകളിലാണ് സി പി ഐയുടെ കണ്ണ്.

ഇ ചന്ദ്രശേഖരനെ നിയമസഭാകക്ഷി നേതാവാക്കണമെന്ന ആവശ്യം ഇന്നലെ ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തിലുയര്‍ന്നു. വി എസ് സുനില്‍കുമാര്‍, പി തിലോത്തമന്‍, ഇ എസ് ബിജിമോള്‍, കെ രാജു, നേരത്തെ മന്ത്രിമാരായിരുന്ന സി ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, നവാഗതനായ മുഹമ്മദ് മുഹ്‌സിന്‍ എന്നിവരുടെ പേരെല്ലാം സി പി ഐ പരിഗണിക്കുന്നു. ഇവരില്‍ ഒരാള്‍ക്ക് ഡെപ്യൂട്ടി സ്പീക്കറായും നറുക്കുവീഴും. നാളെ ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങളിലായിരിക്കും സി പി ഐ മന്ത്രിമാരെ സംബന്ധിച്ച അന്തിമ തീരുമാനം.

ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സി പി എമ്മിന്റെ മന്ത്രിമാരെ തീരുമാനിക്കും. ഇ പി ജയരാജന്‍, എ കെ ബാലന്‍, ടി എം തോമസ് ഐസക്ക്, കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍, എസ് ശര്‍മ, എം എം മണി, സികെ ശശീന്ദ്രന്‍, ജി സുധാകരന്‍, സി രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍, എ സി മൊയ്തീന്‍, വി കെ സി മമ്മദ്‌കോയ, കെ ടി ജലീല്‍ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved