Latest News :
Home » , , » മണ്ണാര്‍ക്കാട് മുസ്ലിംലീഗും ബി ജെ പിയും ഒത്തുകളിച്ചു

മണ്ണാര്‍ക്കാട് മുസ്ലിംലീഗും ബി ജെ പിയും ഒത്തുകളിച്ചു

Written By Muhimmath News on Friday, 20 May 2016 | 10:21

മണ്ണാര്‍ക്കാട്: നിയമസഭാ ഇലക്ഷനില്‍ മുസ്ലിം ലീഗിന് വെല്ലുവിളിയായിരുന്ന മണ്ണാര്‍ക്കാട്ടെ വിജയത്തിന് മാറ്റ് കുറയുന്നു. മണ്ഡലത്തില്‍ ബി ജെ പി വോട്ടുകള്‍ വിലക്ക് വാങ്ങിയാണ് ലീഗ് അപ്രതീക്ഷിത വിജയം നേടിയതെന്ന് തെളിവുകള്‍ സഹിതമുളള ചര്‍ച്ച സജീവമാവുന്നു. വരും ദിവസങ്ങളില്‍ ലീഗിനും ബിജെ പിക്കും ഒരു പോലെ ഉത്തരം കണ്ടെത്തേണ്ട നിരവധി ചോദ്യശരങ്ങളാണ് ഇത് വഴി ഉയര്‍ന്ന് വരിക. 

മണ്ണാര്‍ക്കാടിനോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡലങ്ങളാണ് കോങ്ങാടും, മലമ്പുഴയും. ഈ മൂന്ന് സ്ഥലങ്ങളും ശരാശരി ഒരേ സ്വഭാവം നിലനിറുത്തുന്ന മണ്ഡലങ്ങളാണ്. അഞ്ച് മാസം മുമ്പ് മാത്രം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ബി ജെ പി
 ക്ക് ലഭിച്ച വോട്ടുകള്‍ ആ മേഖലയിലെ ബി ജെ പി
 മുന്നേറ്റം അടയാളപ്പെടുത്തുന്നുണ്ട്. 

വെള്ളാപള്ളിയുടെ ബി ജെ ഡി എസ് കൂടി കണക്കാക്കുമ്പോള്‍ ശരാശരി 30000 വോട്ടെങ്കിലും എന്‍ഡിഎക്ക് മണ്ഡലത്തിലുണ്ട്. ഇനി കുറച്ചു കൂട്ടിയാല്‍ തന്നെയും 25000 വോട്ടുണ്ട്. ഇത് വ്യക്തമാകാന്‍ ചേര്‍ന്നു കിടക്കുന്ന മണ്ഡലങ്ങള്‍ പരിശോധിച്ചാല്‍ മതി.

കോങ്ങാട് മണ്ഡലത്തില്‍ എന്‍ ഡി എക്ക് കിട്ടിയത് 23800 വോട്ടും മലമ്പുഴയില്‍ 45000 വോട്ടുമാണ്. എന്നാല്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ കിട്ടിയതോ 10170 മാത്രം. 15000 ത്തോളം എന്‍ ഡി എ വോട്ടുകള്‍ എവിടെ? മറുപടി ലളിതമാണ്, ശംസുദ്ദീന്റെ ബാലറ്റു പെട്ടിയില്‍ തന്നെയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍ ഈ കുതിരക്കച്ചവടത്തില്‍ ലീഗ് ജയിച്ചു എന്നാണ് പരക്കെ വിമര്‍ശം. കോടികളൊഴുക്കാന്‍ കെ എം സി സി വഴി മുസ്ലിം ലീഗിന് സാധിക്കുമെന്ന് സര്‍വ്വരും പറയുന്നു.

കല്ലാംകുഴി ഇരട്ടക്കൊലക്കേസിലെ ലീഗുകാരായ പ്രതികള്‍ക്ക് തന്റെ മണ്ഡല പരിധിയിലെ മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനില്‍ നിന്നും ഭരണകക്ഷി എന്ന നിലയില്‍ ആഭ്യന്തര വകുപ്പില്‍ നിന്നും അനുകൂല സാഹചര്യങ്ങളൊരുക്കി അവരെ സംരക്ഷിച്ചു എന്ന കാരണത്താല്‍ കാന്തപുരം വിഭാഗം ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനുളള ശ്രമങ്ങള്‍ വിജയം കാണുമെന്ന ഭയം കാരണമാണത്രേ ലീഗിന്റെ പുതിയ ബി ജെ പി ബാന്ധവവും വോട്ടു കൈമാറ്റവും. 

മണ്ണാര്‍ക്കാട്ടെ ഉദ്ദിഷ്ട കാര്യത്തിന് നേമത്ത് ഉപകാര സ്മരണ കാണിച്ച് ബി ജെ പിക്ക് കേരളത്തിലെ ആദ്യ അക്കൗണ്ട് തുറക്കാന്‍ ലീഗ് ഉള്‍പ്പെടുന്ന യു ഡി എഫ് ഒ രാജഗോപാലിന് വോട്ട് കൈമാറിയിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.അഴീക്കോട് മണ്ഡലത്തിലും ബി ജെ പി ലീഗിന് നന്ദി സൂചകമായ വോട്ട് ദാനം നടത്തിയിട്ടുണ്ടെന്നും സംസാരമുണ്ട്.

 ഏതായാലും പ്രഖ്യാപനം യാഥാര്‍ത്ഥ്യമായില്ലെങ്കിലും തങ്ങളാല്‍ കഴിയുന്ന പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ വഴി പീഡിതരുടെ കൂടെ നില്‍ക്കുകയെന്നത് തന്നെയാണ് ആത്യന്തിക വിജയമായി മണ്ഡലത്തിലെ ലീഗ്സ്ഥാനാര്‍ത്ഥിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ കാന്തപുരം വിഭാഗം കാണുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved