Latest News :
Home » , » സൗദിയില്‍ ഇനി പ്രവാസികള്‍ക്ക് ഹൗസ് ഡ്രൈവര്‍മാര്‍ക്കുളള വിസ ഇല്ല

സൗദിയില്‍ ഇനി പ്രവാസികള്‍ക്ക് ഹൗസ് ഡ്രൈവര്‍മാര്‍ക്കുളള വിസ ഇല്ല

Written By Muhimmath News on Friday, 20 May 2016 | 11:52

റിയാദ്: ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ക്കുളള ഹൗസ് ഡ്രൈവര്‍ക്കുളള വിസക്ക് സൗദി അറേബ്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് വിസ നിര്‍ത്തിയത്.

30 ലക്ഷം ഇന്ത്യക്കാര്‍ ജോലി നോക്കുന്ന സൗദിയില്‍ അഞ്ച് ലക്ഷത്തോളം ഹൗസ് ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ മൂന്ന് ലക്ഷത്തിന് മുകളില്‍ മലയാളികളാണ്. ഇവരുടെ ജോലിയില്‍ സ്വദേശികളും സംതൃപ്തരാണ് അതിനാലാണ് ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ച് മലയാളിഹൗസ് ഡ്രൈവര്‍മാരെ കൂടുതലായി സ്വദേശികള്‍ നിയമിക്കുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍ വിസക്കായി മന്ത്രാലയത്തെ സമീപിച്ച സ്വദേശിക്കാണ് പ്രതികൂലമായ മറുപടി ലഭിച്ചത്. ഇനി ഇന്ത്യക്കാര്‍ക്ക് ഹൗസ് ഡ്രൈവര്‍മാര്‍ക്കുളള വിസ ഇല്ലെന്നും നിലവില്‍ വിസയുള്ളവര്‍ കാലാവധി കവിഞ്ഞാല്‍ രാജ്യം വിടുകയോ വേറെ ജോലി നോക്കുകയോ വേണം. ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്ന് റിക്രൂട്ട്‌മെന്റ് ഏജന്‍സികളും വ്യക്തമാക്കി.
ഓരോ തൊഴിലിനും വിദേശ രാജ്യങ്ങള്‍ക്ക് നിശ്ചിത ക്വാട്ട ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് അനുവദിച്ച ക്വാട്ട തീര്‍ന്നതിനാലാണ് ഈ മേഖലയില്‍ പ്രതിസന്ധിയായത്.

ഇത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഡാറ്റാ ബാങ്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത അനുപാതം വിസ അനുവദിച്ച് കഴിഞ്ഞ രാജ്യങ്ങളിലേക്ക് വീണ്ടും വിസ അനുവദിക്കണമെങ്കില്‍ സാഹചര്യം മാറണം. ഹൗസ് ഡ്രൈവര്‍മാരെ ആവശ്യമുളളവര്‍ ക്വാട്ട തികയാത്ത മറ്റ് രാജ്യങ്ങളില്‍ നിന്നുളളവരെ നിയമിക്കുന്നതിന് തടസമുണ്ടാകില്ലെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved