Latest News :
Home » , » ലീഗിന്റെ ഉരുക്കു കോട്ടയില്‍ രണ്ടത്താണിയെ അട്ടിമറിച്ച് ഇടതിന്റെ വി അബ്ദുറഹ്മാന്‍

ലീഗിന്റെ ഉരുക്കു കോട്ടയില്‍ രണ്ടത്താണിയെ അട്ടിമറിച്ച് ഇടതിന്റെ വി അബ്ദുറഹ്മാന്‍

Written By Muhimmath News on Friday, 20 May 2016 | 12:15


താനൂര്‍: കേരളത്തിലെ മുസ്ലീംലീഗിന്റെ ഉരുക്കുകോട്ടകളില്‍ ഒന്നായ താനൂരില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാന് അട്ടിമറി ജയം. 

വി അബ്ദുറഹ്മാനും മുസ്ലിം ലീഗിലെ അബ്ദുറഹ്മാന്‍ രണ്ടത്താണിയും തമ്മിലുള്ള പോരാട്ടമായിരുന്നു താനൂരില്‍ കണ്ടത്. കനത്ത പോളിങ്ങാണ് ഇത്തവണ താനൂരിലുണ്ടായത്. 80.44%. ലീഗിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന മേഖലയില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലഭിച്ച മുന്‍തൂക്കം ഇത്തവണയും ലഭിക്കുന്ന പ്രതീക്ഷയോടെയായിരുന്നു എല്‍ഡിഎഫ് പോരാട്ടത്തിന് ഇറങ്ങിയത്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി കെകെ അബ്ദുല്‍ മജീദ് കാസിമി ഇവിടെ മത്സരിച്ചിരുന്നു. ബിജെപിയുടെ പിആര്‍ രെഷ്മില്‍ നാഥായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 


എന്‍ രാമകൃഷ്ണന്‍ എസ്‌യുസിഐയുടെ പിന്തുണയോടെ ആര്‍എംപി സ്ഥാനാര്‍ത്ഥിയായും അഷറഫ് വൈലത്തൂര്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായും അന്‍വര്‍ പിഡിപി സ്ഥാനാര്‍ത്ഥിയായും മത്സരരംഗത്തുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കടുത്ത മത്സരമാണ് താനൂരില്‍ നടന്നത്.

പ്രചാരണം തുടങ്ങിയതുമുതല്‍ തീപാറുന്ന പോരാട്ടമാണ് ഇവിടെ കണ്ടത്. ഇടയ്ക്കിടെ അക്രമസംഭവങ്ങളുമുണ്ടായി. പ്രചരണത്തിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാറിനു നേരെ ആക്രമണമുണ്ടാവുകയും ചെയ്തു. സ്ഥാനാര്‍ത്ഥിക്കുനേരെ കല്ലേറും മര്‍ദ്ദനവുമുണ്ടായി. ഇത് ലീഗിന് തിരിച്ചടിയാകുമെന്ന് ഇടതുപക്ഷം വിലയിരുത്തിയിരുന്നു. 

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 51,549 വോട്ടുകള്‍ക്കാണ് അബ്ദുറഹ്മാന്‍ രണ്ടത്താണി വിജയിച്ചത്. 42116 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഇ. ജയന്‍ നേടിയിരുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പമായിരുന്നു. യുഡിഎഫിന്റെ വോട്ടു വിഹിതം 56,879 ആയി ഉയരുകയും എല്‍ഡിഎഫിന്റേത് 34182 ആയി കുറയുകയുമാണ് ചെയ്തത്. ബിഡിജെഎസിന്റെ പിന്തുണയോടെ മത്സരിച്ച ബിജെപി 12,201 വോട്ടുകള്‍ നേടി നിലമെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റുള്ളവര്‍ 34,686 വോട്ടുകളും നേടി.

താനൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി അബ്ദുറഹിമാന്‍ 'കപ്പും സോസറും' ചിഹ്നത്തില്‍ മത്സരത്തിനിറങ്ങിയത് രണ്ടാം തവണയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടി മുഹമ്മദ് ബഷീറിനെതിരെ പൊന്നാനിയില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ചിഹ്നം 'കപ്പും സോസറും' തന്നെയായിരുന്നു. പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ താനൂരില്‍ അതുകൊണ്ട് തന്നെ ചിഹ്നം ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് സുപരിചിതമായതും ഇടതിന്റെ വിജയത്തിന് എളുപ്പമായി.

വോട്ടിംഗ് നില

എല്‍ഡിഎഫിന്റെ ഭൂരിപക്ഷം: 4918

എല്‍ഡിഎഫ്: വി അബ്ദുറഹ്മാന്‍ : 64472

യുഡിഎഫ്: അബ്ദുറഹ്മാന്‍ രണ്ടത്താണി : 59554

എന്‍ഡിഎ: പി.ആര്‍ രെസ്മില്‍നാഥ് : 11051

വെല്‍ഫെയര്‍പാര്‍ട്ടി : അഷ്‌റഫ് വൈലത്തൂര്‍ : 1291

എസ്ഡിപിഐ: കെ.കെ മജീദ് കാസിമി: 1151

പിഡിപി: അന്‍വര്‍ : 858

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved