Latest News :
Home » , , » ജനങ്ങളുടെ കാവലാളായി തുടരും വി.എസ്

ജനങ്ങളുടെ കാവലാളായി തുടരും വി.എസ്

Written By Muhimmath News on Saturday, 21 May 2016 | 12:04

തിരുവനന്തപുരം: ജനകീയ വിഷയങ്ങളില്‍ കേരളത്തിലെ ജനങ്ങളുടെ കാവലാളായി നിലകൊള്ളുമെന്ന് മുതിര്‍ന്ന സി.പി.എം നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്‍. ഇടതു നിലപാട് ഉയര്‍ത്തിപിടിച്ചായിരിക്കും ഇതെന്നും വി.എസ് വ്യക്തമാക്കി. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞു കൊണ്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷകാലം ജനങ്ങള്‍ തനിക്ക് നല്‍കിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നതായും വി.എസ് പറഞ്ഞു.

സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കുന്ന ആളല്ല താനെന്നും ഇപ്പോള്‍ അക്കാര്യങ്ങള്‍ ചര്‍ച്ചാ വിഷയമല്ലെന്നും വി.എസ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തന്നെ അറിയാവുന്നവര്‍ക്ക് ഇക്കാര്യങ്ങള്‍ ബോധ്യമുള്ളതാണ്. തിരുവനന്തപുരത്തു തന്നെ ഉണ്ടാകുമെന്നും തന്നെ കാണാന്‍ ആലപ്പുഴയിലേക്ക് വരേണ്ടിവരില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി എന്നീ കേരളത്തിന്റെ സ്വപ്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജനങ്ങള്‍ എല്‍.ഡി.എഫില്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നു. ജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ചുള്ള ഭരണം നല്‍കാന്‍ എല്‍.ഡി.എഫിന് അവസരം നല്‍കിയ എല്ലാ കേരളീയരോടും മലമ്പുഴയില്‍ തന്നെ വിജയിപ്പിച്ച വോട്ടര്‍മാരോടും വി.എസ് നന്ദി പ്രകാശിപ്പിച്ചു.

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നടന്ന വന്‍കിട കുംഭകോണങ്ങള്‍ പുറത്തു കൊണ്ടുവരികയും നിയമത്തിന്റെ മുമ്പില്‍ എത്തിക്കുകയും ചെയ്യേണ്ടത് എല്‍.ഡി.എഫിന്റെ കര്‍ത്തവ്യമാണ്. സോളാര്‍ കുംഭകോണം, ബാര്‍ കോഴ, പാറ്റൂര്‍ അടക്കമുള്ള ഇടപാടുകള്‍, നിലം നികത്തല്‍, കൈയ്യേറ്റങ്ങള്‍, ജിഷ വധക്കേസ് അന്വേഷണം അടക്കമുള്ളവ യു.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളോട് ചെയ്ത അപരാധങ്ങളാണ്. ഈ വിഷയങ്ങളില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണങ്ങള്‍ നടക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. 

ജിഷയുടെ ഘാതകരെ തുറങ്കിലടക്കുന്ന കാലം വിദൂരമല്ല. വിവരാവകാശ നിയമത്തില്‍ പോലും വെള്ളം ചേര്‍ക്കാന്‍ നോക്കിയ യു.ഡി.എഫ് രീതിയല്ല എല്‍.ഡി.എഫിന്റേതെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു എന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും വി.എസ് ചൂണ്ടിക്കാട്ടി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved