Latest News :
Home » , » ഡല്‍ഹിയില്‍ പാവപ്പെട്ടവര്‍ക്ക് ചികിത്സ നിഷേധിച്ച അഞ്ച് സ്വകാര്യ ആശുപത്രികള്‍ക്ക് 600 കോടി പിഴ

ഡല്‍ഹിയില്‍ പാവപ്പെട്ടവര്‍ക്ക് ചികിത്സ നിഷേധിച്ച അഞ്ച് സ്വകാര്യ ആശുപത്രികള്‍ക്ക് 600 കോടി പിഴ

Written By Muhimmath News on Sunday, 12 June 2016 | 12:30

ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയിലെ അഞ്ച് പ്രമുഖ സ്വകാര്യ ആശുപത്രികള്‍ക്ക് 600 കോടി രൂപ പിഴ ചുമത്തി. ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട്, സാകേത് ആശുപത്രി, ശാന്തി മുകന്ദ് ആശുപത്രി, ധര്‍മശാല ക്യാന്‍സര്‍ ആശുപത്രി, പുഷ്പവതി സിംഗാനിയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയ്ക്കാണ് പിഴ ചുമത്തിയത്. ഈ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ ഭൂമി അനുവദിച്ചപ്പോള്‍ ഉണ്ടാക്കിയ കരാര്‍ പാലിച്ചില്ലെന്ന് കാട്ടിയാണ് ശിക്ഷ. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാമെന്നതായിരുന്നു കരാര്‍. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ സൗജന്യ നിരക്കിലാണ് ആശുപത്രികള്‍ക്ക് സ്ഥലം അനുവദിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ 10 ശതമാനം പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. കൂടാതെ ഒപി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവരില്‍ 25 ശതമാനം പാവപ്പെട്ടവര്‍ക്കും സൗജന്യ നിരക്കേ ഈടാക്കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

പിഴ അടച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രാലയം ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പിഴ ഈടാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്ന് കാട്ടി ആശുപത്രികള്‍ക്ക് നോട്ടിസ് നല്‍കി. വിശദീകരണത്തിന് ഒരുമാസമാണ് സമയപരിധി. ആശുപത്രികളുടെ പ്രവര്‍ത്തനം ആരംഭിച്ച 2007 മുതല്‍ ഇന്നുവരെയുള്ള പിഴയാണ് ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. ഡല്‍ഹിയിലെ 43 സ്വകാര്യ ആസ്പത്രികള്‍ക്ക് സര്‍ക്കാര്‍ ഈ നിബന്ധനയോടെ ഭൂമി നല്‍കിയിട്ടുണ്ട്. 1960 മുതല്‍ 1990 വരെയുള്ള കാലയളവിലാണ് ഇത്തരത്തില്‍ ഭൂമിനല്‍കിയിരുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved