Latest News :
Home » , » സൈക്കിളില്‍ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതരം

സൈക്കിളില്‍ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതരം

Written By Muhimmath News on Tuesday, 21 June 2016 | 12:16

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സൈക്കിളില്‍ വരികയായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന കൂട്ടുകാരനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചായം കൈരക്കുഴി കിഴക്കുംകര പുത്തന്‍വീട്ടില്‍ അജയന്‍ ആശാരിയുടെ മകന്‍ ആകാശ് (14) ആണ് മരിച്ചത്. ശാസ്താംകാവ് ലക്ഷംവീട് കോളനിയില്‍ ബിനോയിയുടെ മകന്‍ അനൂപിനെയാണ് (14) തുടയെല്ല് പൊട്ടി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച രാവിലെ 7.40ന് വിതുര മേലെ കൊപ്പം ജംഗ്ഷനിലെ കയറ്റത്തുവച്ചാണ് സംഭവം. ബസ് സൈക്കിളില്‍ വന്നിടിക്കുകയായിരുന്നു. ചായത്തു നിന്ന് വിതുരയിലെ സ്‌കൂളിലേക്ക് പോവുകയായിരുന്നു ആകാശും അനൂപും. 

ഇരുവരും വിതുര ഗവ. വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളാണ്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് ബസിനടിയിലേക്ക് വീണ ആകാശിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബസും ഡ്രൈവറായ വിനിഷ് കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ആകാശിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കലയാണ് മരിച്ച ആകാശിന്റെ അമ്മ. സഹോദരന്‍ അനന്തു ഐ.ഐ.ടി വിദ്യാര്‍ത്ഥിയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved