Latest News :
Home » , , » എന്‍മകജെയില്‍ സ്വകാര്യബസും വാനും കൂട്ടിയിടിച്ച് മുണ്ട്യത്തടുക്ക സ്വദേശി മരിച്ചു; മകള്‍ക്ക് ഗുരുതരം

എന്‍മകജെയില്‍ സ്വകാര്യബസും വാനും കൂട്ടിയിടിച്ച് മുണ്ട്യത്തടുക്ക സ്വദേശി മരിച്ചു; മകള്‍ക്ക് ഗുരുതരം

Written By Muhimmath News on Sunday, 5 June 2016 | 13:25

പെര്‍ള: എന്‍മകജെ സാരത്തടുക്കയില്‍ സ്വകാര്യബസും വാനും കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. മുണ്ട്യത്തടുക്കക്ക് സമീപം ഗുണാജെ കണ്ടംകോട്ടയിലെ കേശവഭട്ട് സരസ്വതി ദമ്പതികളുടെ മകന്‍ ഗണേഷ് ഭട്ടാ (50)ണ് മരിച്ചത്. ഗണേഷ് ഭട്ടിന്റെ മകളും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമായ കാവ്യ സരസ്വതിയെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. പുത്തൂര്‍ വിവേകാനന്ദ കോളജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ കാവ്യ സരസ്വതിയെ ഗണേഷ് ഭട്ട് വാനില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഗണേഷ് ഭട്ടാണ് വാഹനം ഓടിച്ചിരുന്നത്. ഇതിനിടെ കാസര്‍കോട്ട് നിന്നും വിടല്‍ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

സംഭവം കണ്ട് ഓടിക്കൂടിയവര്‍ ഗണേഷ് ഭട്ടിനെയും മകളെയും വാനില്‍ നിന്നും പുറത്തെടുത്ത് ഉടന്‍ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ ഗണേഷ് ഭട്ട് മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകന്‍ സുദര്‍ശന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാവ്യ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഭാര്യ: സത്യശ്രീ. മറ്റൊരു മകന്‍: കേശവകുമാര്‍. സഹോദരങ്ങള്‍: ഗുണവതി, വെങ്കപ്പഭട്ട്, ദുര്‍ഗാംബ, മനോമനി. ഗണേഷ് ഭട്ടിന്റെ മൃതദേഹം വീട്ടുപറമ്പില്‍ സംസ്‌കരിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved