ലഖ്നൗ: ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ആട്ടിറച്ചി ബീഫായി മാറിയതെങ്ങനെയെന്ന് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്.
മഥുരയിലെ ലാബിലെ പരിശോധനാഫലം കൃത്രിമമാണെന്ന് സംശയമില്ല. ആരാണ് മധുരയിലേക്ക് സാമ്പിള്‍ അയച്ചതെന്നും ആരാണ് അവ സ്വീകരിച്ചതെന്നും അഖിലേഷ് ചോദിച്ചു. സര്‍ക്കാര്‍ ഈ വിവരങ്ങളൊക്കെ ഇപ്പോള്‍ അന്വഷിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ബീഫ് പാകം ചെയ്തെന്നാരോപിച്ച് സംഘപരിവാര്‍ അടിച്ചുകൊന്ന അഖ്ലാഖിന്റെ കുടുബത്തിനെതിരെ കേസെടുക്കണമെന്ന ബി.ജെ.പിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം മഥുരയിലെ ലാബില്‍ നിന്നാണ് അഖ്ലാഖിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ബീഫാണെന്ന പുതിയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് വന്നത്. നേരത്തെ ദാദ്രിയില്‍ നടത്തിയ പരിശോധനയിലാണ് ആട്ടിറച്ചിയാണെന്ന് തെളിഞ്ഞത്.
മഥുരയിലെ ഉത്തര്‍പ്രദേശ് യൂണിവേഴ്സിറ്റി ഓഫ് വെറ്റിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി ലാബിലെ പരിശോധനാഫലമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. അതിവേഗ കോടതിയില്‍ ഏപ്രിലില്‍ തന്നെ സമര്‍പ്പിക്കപ്പെട്ടിരുന്ന ഫലം കുറ്റപത്രത്തില്‍ ഇതുവരെ ചേര്‍ത്തിട്ടില്ല.
പുതിയ ഫലത്തിന്റെ ആധികാരികത സംശയാസ്പദമാണെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. അതേസമയം അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി വീണ്ടും വിഷയം വഴിതിരിച്ചുകൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് രാഷ്ട്രീയവൃത്തങ്ങളില്‍ നിന്നും ഉയരുന്ന ആരോപണം.
Post a Comment