Latest News :
Home » , » അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

Written By Muhimmath News on Wednesday, 22 June 2016 | 20:49



തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം അഞ്ജു ബോബി ജോര്‍ജ് രാജിവെച്ചു. തലസ്ഥാനത്തു നടന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിര്‍ണായക യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. അഞ്ജുതന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അഞ്ജുവിനൊപ്പം കൗണ്‍സിലിലെ മറ്റു 13 അംഗങ്ങളും രാജിവെച്ചു. കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങളുടെ തുടര്‍ച്ചയായിട്ടാണ് രാജിയെന്ന് അഞ്ജു പറഞ്ഞു.

നേരത്തെ അഞ്ജു ബോബി ജോര്‍ജിനോട് കായിക മന്ത്രി ഇ.പി.ജയരാജന്‍ പരുഷമായി സംസാരിച്ചതായി അവര്‍ പരാതി ഉന്നയിച്ചിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരാണെന്ന് ആരോപിച്ച കായിക മന്ത്രി, എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കിയതായി അവര്‍ ആരോപിച്ചിരുന്നു. പുതിയ കായിക മന്ത്രി ചുമതലയേറ്റ ശേഷം അദ്ദേഹത്തെ ആദ്യമായി കാണാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്‌പോര്‍ട്‌സ് ലോട്ടറിയെന്നും ഫയലുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്നും അഞ്ജു പറഞ്ഞു. മാധ്യമങ്ങളും ജനങ്ങളും ചേര്‍ന്ന് ക്രമക്കേടുകള്‍ പുറത്തുക്കൊണ്ടുവരണമെന്നും അവര്‍ കൂട്ടിചേര്‍ത്തു. തന്നോടൊപ്പം തന്റെ സഹോദരന്‍ അജിത് മാര്‍ക്കോസ് പരിശീലക സ്ഥാനം രാജിവെക്കുകയാണെന്നും അഞ്ജു പറഞ്ഞു. അഞ്ച് മെഡലുകള്‍ നേടിയ കായിക താരമെന്ന നിലയിലാണ് അജിത്തിനെ നിയമിച്ചതെന്നും സഹോദരനെ നിയമിച്ചത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അല്ലെന്നും അഞ്ജു പറഞ്ഞു. തെറ്റിദ്ധാരണ ഉണ്ടായതിനാല്‍ രാജിവെക്കുകയാണെന്നും ജി വി രാജയെ കരയിച്ചവര്‍ക്ക് മുന്നില്‍ തങ്ങളുടെ കണ്ണുനീര്‍ ഒന്നുമല്ലെന്നും അഞ്ജു പറഞ്ഞു.

അതേസമയം അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്ന കാര്യം തന്നെ അറിയിച്ചിട്ടില്ലെന്ന് കായികവകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. അവരെ പുറത്താക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച അഞ്ജുവിന് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ചുമതലകള്‍ നല്‍കുമോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജിവെക്കുന്ന കാര്യം അഞ്ജു തന്നെ അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. അഞ്ജുവിനെ പുകച്ച് പുറത്ത് ചാടിക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved