Latest News :
...
Home » , » ബദ്ര്‍: ആത്മീയോല്‍ക്കര്‍ഷത്തിന്റെ വിപ്ലവാവിഷ്‌കാരം

ബദ്ര്‍: ആത്മീയോല്‍ക്കര്‍ഷത്തിന്റെ വിപ്ലവാവിഷ്‌കാരം

Written By Muhimmath News on Wednesday, 22 June 2016 | 09:51

ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും മഹത്തരമായതും പ്രശസ്തവുമായ യുദ്ധമാണ് ബദ്ര്‍.... ബദ്ര്‍ യോദ്ധാക്കള്‍ക്ക് പ്രത്യേക പദവിയും മഹത്വവും ഇസ്ലാമിക സമൂഹം നല്‍കാറുമുണ്ട്. പ്രവാചകര്‍ (സ)യുടെ കൂടെ ബദ്‌റില്‍ പോരാടാനിറങ്ങിയവരെ ആഗോളതലത്തില്‍ തന്നെ 'ബദ്‌രി'കള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. മലയാളികളാവട്ടെ ബദ്‌രീങ്ങള്‍ എന്നാണ് ബദര്‍ പോരാളികളെ വിളിക്കുന്നത്. വളരെ ബഹുമാനപൂര്‍വ്വം ബദ്‌രീങ്ങളുടെ അനുസ്മരണച്ചടങ്ങുകള്‍ ലോകവ്യാപകമായി ഇന്നും നടന്നു വരുന്നുവെന്നത് മുസ്‌ലിം ലോകം ആ ധീര പോരാളികള്‍ക്ക് നല്‍കുന്ന സ്ഥാനമെന്താണെന്ന് വ്യക്തമാക്കുന്നുണ്ട്.

ഇസ്‌ലാമിക പ്രബോധന വഴിയില്‍ നബി(സ) സജീവമാകുന്നതോടെ തന്നെ ഉയര്‍ന്നു വന്ന അസഹിഷ്ണുതകളും മക്കയിലെ അക്കാലത്തെ അജ്ഞരും കഠിനമനസ്‌കരുമായ മഹാഭൂരിപക്ഷം വരുന്നവര്‍ സൃഷ്ടിച്ച മുഴുവന്‍ അതിക്രമങ്ങളെയും സംയമനത്തോടെയും ക്ഷമയോടെയും നേരിട്ട പ്രവാചകന്‍(സ) ഒടുവില്‍ തന്നോടൊപ്പം നിന്ന വിശ്വാസികളെയും കൂട്ടി മദീനയിലേക്ക് പലായനം ചെയ്യുന്നതും മദീനക്കാര്‍ അവരെ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതും ഇസ്ലാമിക ചരിത്രത്തിലെ നനവിന്റെയും കനിവിന്റെയും മുഹൂര്‍ത്തങ്ങളാണ്. പ്രവാസജീവിതത്തില്‍ നിന്ന് പോരാട്ട വീര്യവുമായി ബദറിലെത്തുമ്പോള്‍ അത് നിശ്ചയദാര്‍ഢ്യവും അന്തസ്സുമുള്ള വിശ്വാസി സമൂഹത്തിന്റെ ചെറുത്തുനില്‍പ്പിന്റെയും കീഴടക്കലിന്റേയും പുതുചരിതമാരംഭിക്കുകയായിരുന്നു.

ഇസ്ലാമിക ചരിത്രത്തിലെ ഒട്ടു മിക്ക യുദ്ധങ്ങളും പ്രതിരോധത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ളതായിരുന്നുവെന്ന് കാണാം. പ്രവാചക കാലഘട്ടത്തില്‍ നടന്ന 60ലധികം യുദ്ധങ്ങളില്‍ മരണപ്പെട്ടത് ആയിരത്തോളമാളുകള്‍ മാത്രമാണ്. അതായത് യുദ്ധം മൂലമുണ്ടായ ജീവനാശം വളരെക്കുറവാണെന്നര്‍ത്ഥം. ബദ്‌റിലും ഈ ചെറുത്തു നില്‍പ്പ് എന്ന വികാരം ഉയര്‍ന്ന് നില്‍ക്കുന്നതായി കാണാം. എങ്കിലും മാനസികമായും സൈനികമായും തങ്ങളുടെ അധീശത്വവും ശക്തിയും സ്ഥാപിക്കുവാനും ബദര്‍ സഹായകമായി എന്നതും എടുത്ത് പറയേണ്ടതുണ്ട്.  ഭൂരിപക്ഷമായ അസത്യത്തിന്റെയും അധാര്‍മികതയുടേയും വക്താക്കളെ അചഞ്ചലമായ വിശ്വാസവും ധാര്‍മികപ്രതിബദ്ധതയും മാത്രം കൈമുതലാക്കി നേരിട്ടപ്പോള്‍ ഈ പോരാട്ടത്തില്‍ അല്ലാഹുവിന്റെ സഹായം അവര്‍ക്കൊപ്പം നിന്നു.
.
മക്കയില്‍ നിന്ന് മദീനയിലേക്ക് നബി (സ)യും അനുചരന്‍മാരും പലായനം ചെയ്ത് രണ്ട് വര്‍ഷം കഴിഞ്ഞ് ഒരു റമളാന്‍ 17നാണ് ശേഷമാണ് ബദര്‍ യുദ്ധം നടക്കുന്നത്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രഥമ യുദ്ധമാണിത്. 1000ത്തിലധികം വരുന്ന സര്‍വ്വായുധ വിഭൂഷിതരായ ശത്രു സൈന്യത്തെ നേരിട്ട് 313 പേരടങ്ങുന്ന  മുസ്ലിം സംഘം നേരിട്ട് വിജയം വരിച്ച അനന്യമായ ചരിത്രമാണ് ബദ്‌റിന്റേത്. ആയുധ സജ്ജരായ 1000 പുരുഷന്‍മാരും നൂറ് കുതിരകളും 700 ഒട്ടകങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി എത്തിയ സംഘത്തെ അതിന്റ നാലിലൊന്നുപോലും ശേഷിയില്ലാത്ത പ്രവാചകര്‍(സ)യുടെ സൈന്യം തുരത്തുക എന്നത് തത്വത്തില്‍ നിഷ്പ്രയാസമായിരുന്നു. യുദ്ധം നടന്നപ്പോള്‍ പക്ഷെ ഫലം മറിച്ചായിരുന്നു. നിശ്ചയ ദാര്‍ഢ്യത്തിന്റെ ആള്‍രൂപങ്ങളായ 313നു മുമ്പില്‍ തലകുത്തി വീഴാനായിരുന്നു എതിരാളികളായ ഖുറൈശീ സംഘത്തിന്റെ വിധി.

 ഇസ്ലാമിക വിരുദ്ധരുടെ ക്രൂരമായ അക്രമങ്ങളും അധിക്ഷേപങ്ങളും സംയമനത്തോടെയും ക്ഷമയോടെയും നേരിട്ട നബി (സ)യെ സംബന്ധിച്ചിടത്തോളം ബദ്‌റിലെ വിജയം തന്റെ പ്രബോധന വഴിയില്‍ അതിനിര്‍ണായകമായ മുന്നേറ്റമാണ് സമ്മാനിച്ചത്.  പ്രവാചനേയും സംഘത്തെയും  പരാജയപ്പെടുത്തിയാല്‍ അറബ് ഹൃദയങ്ങളില്‍ നായകസ്ഥാനം പിടിക്കാമെന്നും മുസ്‌ലിംകളുടെ വരവിനെ എന്നെന്നേക്കുമായി തടയാമെന്നുമുള്ള വ്യാമോഹങ്ങളുണ്ടായിരുന്നു അബൂ സുഫിയാനും സംഘത്തിനും.  ഈ മോഹങ്ങളാണ് എന്നെന്നേക്കുമായി തകര്‍ക്കപ്പെട്ടത്.

ബദ്ര്!യുദ്ധം ലോകമഹായുദ്ധങ്ങള്‍ പോലെ സംഹാര താണ്ഡവമാടിയ ഒരു യുദ്ധമല്ല. എങ്കിലും ലോകചരിത്രത്തില്‍ ഇസ്ലാമിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാന്‍ ബദ്‌റിനു കഴിഞ്ഞു എന്നത് അതിന്റെ ചരിത്രപരമായ പ്രാധാന്യം വ്യക്തമാക്കുന്നു. മക്കയുടെ മരുമണ്ണില്‍ ഇസ്‌ലാം എന്ന പ്രത്യയശാസ്ത്രം താഴോട്ടു വേരുകളാഴ്ത്തുന്നതും മുകളിലേക്ക് വളരുന്നതും ശാഖോപശാഖകളായി പടര്‍ന്നു പന്തലിച്ചതും ബദ്ര്! വിജയശേഷമാണ്. സ്വന്തബന്ധങ്ങളെല്ലാം ത്യജിക്കാന്‍ സന്നദ്ധരായി അല്ലാഹുവിന്റെ പ്രവാചകരോടൊപ്പം ഉറച്ചുനിന്ന മഹാന്‍മാരായ ബദ്‌രീങ്ങളെ സ്മരിക്കുന്നത് പുതിയ കാലത്തെ വിശ്വാസികള്‍ക്ക് ഊര്‍ജ്ജവും ആര്‍ജ്ജവവും പകരും. മനുഷ്യന്റെ ഓര്‍മകള്‍ക്കുമേല്‍ മറവിയുടെ മാനിഫെസ്‌റ്റോ അവതരിപ്പിച്ച് സാമ്രാജ്യത്വും ജീര്‍ണതകളും അധിനിവേശം കാണിക്കുന്ന കാലത്ത് നന്‍മയുടെ കാവലാളാവാനും ധാര്‍മികതയുടെ കരുത്തുറ്റ ശബ്ദമാവാനും ബദ്‌രീങ്ങള്‍ നമുക്ക് പ്രചോദനമാവട്ടെ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved