Latest News :
Home » » ദാദ്രിയില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദാദ്രിയില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Written By Muhimmath News on Monday, 6 June 2016 | 17:19

ദാദ്രി: മാട്ടിറച്ചി കഴിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം ജനക്കൂട്ടം മുഹമ്മദ് അഖ്‌ലകിനെ തല്ലിക്കൊന്ന സംഭവം വീണ്ടും ചൂടുപിടിച്ചതോടെ പോലീസ് ദാദ്രിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഖ്‌ലകിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് മാട്ടിറച്ചിയാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്കെതിരെ ഗോവധത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാപഞ്ചായത്ത് ഇന്ന് വീട് ഉപരോധിക്കാനിരിക്കേയാണ് സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പോലീസ് അറിയിച്ചു. സംഘര്‍ഷം തടയുന്നതിനു വേണ്ടിയാണ് നടപടി. ഇതേതുടര്‍ന്ന് ജനങ്ങള്‍ കൂട്ടംകൂടി നിര്‍ക്കുന്നത് പോലീസ് തടഞ്ഞിട്ടുണ്ട്.

ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. അഖ്‌ലകിനെ കൊലപ്പെടുത്തിയ കേസില്‍ റാണയുടെ മകന്‍ വിശാലും പ്രതിയാണ്. ഡല്‍ഹിയില്‍ നിന്നും വെറും 50 കിലോമീറ്റര്‍ മാത്രം അകലെയുള്ള ദാദ്രിയില്‍ ഉയര്‍ന്നുവന്ന പുതിയ സംഘര്‍ഷസാധ്യത തലസ്ഥാന നഗരത്തിനു ആശങ്ക ഉയര്‍ത്തുന്നുണ്ട്. ജാട്ട് സംവരണ വിഷയത്തില്‍ ഹരിയാനയില്‍ വീണ്ടും പ്രക്ഷോഭം തുടടങ്ങിയതും പോലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28നാണ് വീട്ടില്‍ മാട്ടിറച്ചി ഉപയോഗിച്ചുവെന്ന് കാണിച്ച ജനക്കൂട്ടം അഖ്‌ലകിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയത്. അഖ്‌ലക് പശുവിനെ കശാപ്പ് ചെയ്തുവെന്നും ഭാര്യ ആ മാംസം പാകം ചെയ്തുവെന്നും സമീപത്തെ ഒരു ക്ഷേത്രത്തില്‍ നിന്ന് പുരോഹിതന്‍ ഉച്ചഭാഷിണിയിലുടെ വിളിച്ചുപറഞ്ഞതോടെയാണ് ജനക്കൂട്ടം ഇളകിയത്. ഗോവധം നിരോധിച്ചിരിക്കുന്ന നാട്ടില്‍ പശുവിനെ കൊന്ന അഖ്‌ലകിനുള്ള ശിക്ഷ നാട്ടുകാര്‍ നടപ്പാക്കുകയിരുന്നു. അഖ്‌ലകിന്റെ വീട്ടില്‍ കയറിയ ജനക്കൂട്ടം 56കാരനായ അഖ്‌ലകിനെ തെരുവിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

സംഭവം വിവാദമായതോടെ പോലീസ് സ്ഥലത്തെ അഖ്‌ലകിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മാംസം എടുത്ത് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. രണ്ടു തവണ നടത്തിയ പരിശോധനകളിയും അഖ്‌ലക് ഉപയോഗിച്ചത് ആട്ടിറച്ചിയാണെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളി കഴിഞ്ഞയാഴ്ച പുറത്തുവന്ന പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിനു കാരണം. അത് പശുവിന്റേതോ കിടാവിന്റേയോ മാംസമാണെന്നായിരുന്നു പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ പോലീസ് മാസം ശേഖരിച്ചത് അഖ്‌ലകിന്റെ വീട്ടില്‍ നിന്നല്ലെന്നും സമീപത്തെ മാര്‍ക്കറ്റിനടുത്തുള്ള മാലിന്യത്തില്‍ നിന്നാണെന്നും അന്വേഷണ സംഘത്തിലെ ഒരു ഓഫീസര്‍ വെളിപ്പെടുത്തിയിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved