Latest News :
Home » , , , » നോമ്പ് തുറക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് ആറു പേര്‍ മരിച്ചു

നോമ്പ് തുറക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് ആറു പേര്‍ മരിച്ചു

Written By Muhimmath News on Monday, 13 June 2016 | 22:39

പള്ളിക്കര: നോമ്പുതുറക്കാനായി ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ആല്‍മരത്തിലിടിച്ച് ആറു പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ കളനാട്ടെ ഹമീദിന്റെ മകന്‍ സജീര്‍ (24), സഹോദരി ഷാനിറ (14), മാതാവ് സക്കീന (45), സക്കീനയുടെ മകന്‍ ഗള്‍ഫിലുള്ള ഇര്‍ഫാന്റെ ഭാര്യ റംസീന (20), സജീറിന്റെ അമ്മാവന്‍ അസ്ഹറുദ്ദീന്റെ ഭാര്യ ഖൈറുന്നിസ (31), മകള്‍ ഫാത്വിമ, എന്നിവരാണ് തിങ്കളാഴ്ച വൈകിട്ട് പള്ളിക്കരയിലുണ്ടായ അപകടത്തില്‍ മരിച്ചത്.

അപകടത്തില്‍ സജീറിന്റെ സുഹൃത്ത് അര്‍ഷാദ് (17), ഖൈറുന്നിസയുടെ മകന്‍ അജ്മല്‍ (നാല്) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കെ എല്‍ 60 എച്ച് 1905 നമ്പര്‍ സ്വിഫ്റ്റ് കാറിലാണ് ഇവര്‍ നോമ്പ് തുറയ്ക്കായി സക്കീനയുടെ മകള്‍ ഷെമീനയുടെ കാസര്‍കോട് വിദ്യാനഗര്‍ സ്‌റ്റേഡിയത്തിന് സമീപത്തെ വീട്ടിലേക്ക് യാത്ര തിരിച്ചത്. വൈകിട്ട് 6.30 മണിയോടെ പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വലിയ ആല്‍മരത്തില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. നോമ്പ് തുറയുടെ സമയത്തുണ്ടായ വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തി.

തകര്‍ന്ന കാറില്‍ നിന്നും നാല് പേരെ ആദ്യം പുറത്തെടുക്കാന്‍ കഴിഞ്ഞു. ഇതില്‍ രണ്ട് കുട്ടികളും, ഖൈറുന്നിസ, സക്കീന എന്നിവരുമാണ് ഉണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ ആശുപത്രികളിലേക്ക് മാറ്റി. ഡ്രൈവറുടെ സീറ്റില്‍ കുടുങ്ങിയ സജീറിനെയും മുന്‍ സീറ്റിലുണ്ടായിരുന്ന അര്‍ഷാദിനെയും പിന്നീടാണ് പുറത്തെടുത്തത്.

ചേറ്റുകുണ്ട് മുതല്‍ പള്ളിക്കര വരെ നല്ല വീതി കൂടിയ റോഡായിരുന്നു. പള്ളിക്കരയിലെത്തിയപ്പോള്‍ ഒരു ഭാഗത്ത് മാത്രമാണ് കെ എസ് ടി പി പണി പൂര്‍ത്തിയാക്കി റോഡ് തുറന്നുകൊടുത്തിരുന്നത്. ഇത് പെട്ടെന്ന് ശ്രദ്ധയില്‍ പെടാതിരുന്നതിനാല്‍ കാര്‍ നിയന്ത്രണം വിടുകയും തൊട്ടടുത്ത ആല്‍മരത്തിലേക്ക് ഇടിച്ച് കയറുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഏതാണ്ട് അര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് കാറിനകത്ത് കുടുങ്ങിയ മുഴുവന്‍ പേരെയും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved