Latest News :
Home » » ആനബാഗിലുവില്‍ മഴയത്ത് റോഡ് കോണ്‍ക്രീറ്റ്: കലക്ടര്‍ ഇടപെട്ട് പണി നിര്‍ത്തിവെപ്പിച്ചു

ആനബാഗിലുവില്‍ മഴയത്ത് റോഡ് കോണ്‍ക്രീറ്റ്: കലക്ടര്‍ ഇടപെട്ട് പണി നിര്‍ത്തിവെപ്പിച്ചു

Written By Muhimmath News on Sunday, 19 June 2016 | 20:32



കാസര്‍കോട്: മഴയത്ത് റോഡ് കോണ്‍ക്രീറ്റു ചെയ്‌തെന്നു വരുത്തിത്തീര്‍ത്ത് വന്‍തുക തട്ടാനുള്ള നഗരസഭയിലെ കരാറുകാരന്റെ തട്ടിപ്പ് ജില്ലാ കലക്ടറുടെ ഇടപെടലിനെത്തുടര്‍ന്നു മുനിസിപ്പല്‍ അധികൃതര്‍ കൈയ്യോടെ പിടികൂടി പ്രവൃത്തി നിര്‍ത്തിവെപ്പിച്ചു. എം.ജി റോഡിലെ സിറ്റി ടവര്‍ ഹോട്ടലിനോട് ചേര്‍ന്ന് ആനബാഗിലുവിലേക്ക് പോകുന്ന റോഡിലാണ് ഇന്ന് രാവിലെ പെരുമഴയത്ത് റോഡ് നിര്‍മാണത്തില്‍ കൃത്രിമം അരങ്ങേറിയത്.

അതിരാവിലെ മുതല്‍ റോഡ് പ്രവൃത്തിക്കുള്ള സന്നാഹങ്ങള്‍ കരാറുകാരനും മറ്റും നടത്തി വന്നിരുന്നു. അതിനിടയിലാണ് മഴ കോരിച്ചൊരിഞ്ഞത്. ഇത് വകവെക്കാതെ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ കരാറുകാരന്‍ പണിക്കാരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. സംഗതിയില്‍ പന്തികേട് കണ്ട പരിസരവാസികളില്‍ ചിലരാണ് വിവരം ജില്ലാ കലക്ടറെ അറിയിച്ചത്. ജില്ലാ കലക്ടര്‍ ഉടന്‍ മുനിസിപ്പല്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ടു പണിനിറുത്താന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അതിനു ശേഷവും കരാറുകാരന്‍ പണി തുടരുകയായിരുന്നെന്നു പറയുന്നു. ഒടുവില്‍ വിവരമറിഞ്ഞു മുനിസിപ്പല്‍ ഓവര്‍സിയറും കലക്ടറേറ്റ് സൂപ്രണ്ടും സൈറ്റിലെത്തി ജോലി നിര്‍ത്തിക്കുകയായിരുന്നു.

അവധി ദിവസമായ ഞായറാഴ്ച ജോലി ചെയ്യരുതെന്ന് കരാറുകാരനോട് നിര്‍ദ്ദേശിച്ചിരുന്നതായിരുന്നുവെന്ന് ഓവര്‍സിയര്‍ പറഞ്ഞു. അതേ സമയം മുനിസിപ്പല്‍ എഞ്ചിനീയറുടെ സാന്നിധ്യത്തിലാണ് പണി നടത്തുന്നതെന്നായിരുന്നു കരാറുകാരന്റെ ന്യായം. നേരത്തെ അശ്വിനി നഗര്‍ ബ്ലോക്ക് ഓഫീസ് റോഡിലും കോണ്‍ക്രീറ്റ് നടത്തിയതില്‍ വന്‍ തട്ടിപ്പ് നടത്തിയിരുന്നു. തട്ടിപ്പിനെതിരെ പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ അണിനിരന്നതോടെ കരാറുകാരന്‍ കൃത്രിമ പണി ഉപേക്ഷിക്കുകയായിരുന്നു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved