Latest News :
Home » , » ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം രാജിവെച്ചു

ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം രാജിവെച്ചു

Written By Muhimmath News on Monday, 20 June 2016 | 18:43



ന്യൂഡല്‍ഹി: ബംഗാളിലെ കോണ്‍ഗ്രസ് ബന്ധത്തില്‍ പ്രതിഷേധിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ രാജി. ഹരിയാനയില്‍ നിന്നുള്ള ജഗ്മതി സംഗ്വാനാണ് കേന്ദ്രകമ്മിറ്റിയംഗത്വം രാജിവെച്ചത്. പാര്‍ട്ടി അംഗത്വവും രാജിവെക്കുന്നതായി അവര്‍ വ്യക്തമാക്കി. സി.പി.എമ്മിന്റെ വനിതാ സംഘടനയായ മഹിളാ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയാണ് ജഗ്മതി സംഗ്വാന്‍. കോണ്‍ഗ്രസുമായുള്ള സഖ്യം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ അടവ് നയത്തിന്റെ ലംഘനമാണെന്ന് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രകമ്മിറ്റി തയ്യാറായില്ലെന്നും അവര്‍ വ്യക്തമാക്കി. അരമണിക്കൂറിനകം ജഗ്മതി സംഗ്വാനെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കേന്ദ്രകമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കേന്ദ്രകമ്മിറ്റി യോഗത്തിനിടെ പ്രതിഷേധിച്ച് പുറത്തിറങ്ങിയ ജഗ്മതി സംഗ്വാനെ അനുനയിപ്പിക്കാന്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ശ്രമിച്ചെങ്കിലും തീരുമാനം പിന്‍വലിക്കാന്‍ അവര്‍ തയ്യാറായില്ല. അതന്ത്യം വികാരഭരിതയായാണ് അവര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. രാജിയെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതികരണം ആരാഞ്ഞപ്പോള്‍ താന്‍ രാജിക്കത്ത് നല്‍കുകയും ഇറങ്ങിപ്പോരുകയുമായിരുന്നെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സി.പി.എം ഹരിയാന മുന്‍ സംസ്ഥാന സെക്രട്ടറി ഇന്ദര്‍ജിത് സിങിന്റെ ഭാര്യയാണ് ജഗ്മതി സംഗ്വാന്‍. ഹരിയാനയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ മുന്‍നിരയിലാണ് ജഗ്മതിയുടെ സ്ഥാനം. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ദുരഭിമാനക്കൊലകള്‍, ഖാപ് പഞ്ചായത്തുകളുടെ വിവാദ തീരുമാനങ്ങള്‍ തുടങ്ങിയവക്കെതിരായ പോരാട്ടത്തില്‍ ജഗ്മതി മുന്‍നിരയിലുണ്ടായിരുന്നു.അന്താരാഷ്ട്ര വോളിബാള്‍ താരമായ അവര്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം കോണ്‍ഗ്രസ് സഖ്യം കനത്ത പരാജയം നേരിട്ടിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved