Latest News :
Home » , , » ശ്രീരാമനെ അപമാനിച്ചെന്ന് പരാതി; മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ ദളിത് പ്രൊഫസറെ ജയിലിലടച്ചു

ശ്രീരാമനെ അപമാനിച്ചെന്ന് പരാതി; മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ ദളിത് പ്രൊഫസറെ ജയിലിലടച്ചു

Written By Muhimmath News on Thursday, 23 June 2016 | 12:16

മൈസൂര്‍: ഹിന്ദു ദൈവമായ ശ്രീരാമനെ അപമാനിച്ചെന്ന പരാതിയില്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ ദളിത് പ്രൊഫസറെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒരു കോണ്‍ഫറന്‍സില്‍ നടത്തിയ പരാമര്‍ശത്തിന് ജേണലിസം വിഭാഗത്തിലെ പ്രൊഫസര്‍ ബിബി മഹേഷ് ചന്ദ്ര ഗുരുവിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയില്‍ നല്‍കിയ പരാതിയില്‍ രണ്ട് തവണ വിചാരണയ്ക്ക് വിളിച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.

2015 ജനുവരി മൂന്നിന് നടന്ന കോണ്‍ഫറന്‍സില്‍ ഇദ്ദേഹം ശ്രീരാമനെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്ന് കാട്ടി കര്‍നാഡു സര്‍വോദയ സേന എന്ന സംഘടനയാണ് പരാതി നല്‍കിയത്. മനുഷ്യാവകാശം ലംഘിച്ച ആളായിരുന്നു ശ്രീരാമനെന്നും, സീതയോട് നീതി കാണിച്ചില്ലെന്നുമായിരുന്നു മഹേഷ് ചന്ദ്ര ഗുരുവിന്റെ പരാമര്‍ശം. പരാമര്‍ശത്തില്‍ അന്ന് വേദിയില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ജൂണ്‍ 17നായിരുന്നു പ്രൊഫസറുടെ അറസ്റ്റ്. തിങ്കാളാഴ്ച്ച ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും കോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയേയും അപമാനിച്ചെന്ന് ആരോപിച്ച് അഖില കര്‍ണാടക അബ്ദേക്കര്‍ പ്രചാര സമിതി നല്‍കിയ പരാതി നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. 

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയെക്കുറിച്ച് സംസാരിക്കവെ മോഡിയേയും സ്മൃതി ഇറാനിയേയും അധിക്ഷേപിച്ചെന്നായിരുന്നു പരാതി.
പ്രൊഫസറെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തി. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് അവര്‍ ആരോപിച്ചു. ഗുരുവിനെതിരെ പരാതി നല്‍കിയ സംഘടനയ്ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് ജേണലിസം വിഭാഗത്തിലെ റിസര്‍ച്ച് സ്‌കോളാര്‍ ദിലീപ് ആരോപിച്ചു. അറസ്റ്റിനെ അപലപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരായ കാഞ്ച ഇളയ്യ, ടീസ്റ്റ് സെറ്റല്‍വാദ, ജയന്തി ഘോഷ് എന്നിവരും രംഗത്തെത്തി.
യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ കെഎസ് രംഗപ്പ പ്രൊഫസറുടെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രൊഫസര്‍ക്കെതിരെ യൂണിവേഴ്‌സിറ്റി ഇതുവരെ നടപടിയെടുത്തിട്ടില്ല.

രാജ്യത്തെ ജാതി വ്യവസ്ഥക്കെതിരെ നിരന്തരം വിമര്‍ശിക്കുന്ന ആളാണ് പ്രൊഫസര്‍ ഗുരു. കലാലയങ്ങള്‍ക്ക് നേരെയുള്ള സംഘപരിവാര്‍ സംഘടനകളുടെ കടന്നാക്രമങ്ങളെ പ്രതിരോധിക്കുന്നതില്‍ മുന്നണിപോരാളി കൂടിയാണ് ഇദ്ദേഹം. മഹിഷാസുര രക്തസാക്ഷിദിനം ആചരിച്ചതില്‍ സര്‍വകലാശാലയില്‍ നിന്നും നടപടി നേരിടുന്നുണ്ട് മഹേഷ് ചന്ദ്ര ഗുരു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved