Latest News :
Home » , » എഫ്‌സിഐ അധികൃതരുടെ അനാസ്ഥ: റേഷനരി മഴയില്‍ കുതിര്‍ന്നു നശിച്ചു

എഫ്‌സിഐ അധികൃതരുടെ അനാസ്ഥ: റേഷനരി മഴയില്‍ കുതിര്‍ന്നു നശിച്ചു

Written By Muhimmath News on Thursday, 30 June 2016 | 10:59

നീലേശ്വരം: എഫ്‌സിഐ അധികൃതരുടെ അനാസ്ഥയില്‍ ടണ്‍കണക്കിന് റേഷനരി മഴയില്‍ കുതിര്‍ന്ന് നശിച്ചു. ബുധനാഴ്ച രാവിലെ വാഗണില്‍ നിന്നും അരി എടുക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന സംവിധാനം മുന്നറിയിപ്പില്ലാതെ മാനേജ്‌മെന്റ് അധികൃതര്‍ മാറ്റിയത് മണിക്കൂറോളം കയറ്റിറക്ക് സ്തംഭിച്ചു.നിലവില്‍ 12 ലോറികളിലാണ് അരി എടുത്തിരുന്നത്. ഇതു നാല് ലോറികളിലാക്കണമെന്ന മാനേജ്‌മെന്റിന്റെ പിടിവാശിയാണ് വാഗണില്‍ നിന്ന് അരി എടുക്കുന്നതിന് തടസപ്പെടുത്തിയത്. 

മാനേജ്‌മെന്റിന്റെ നടപടിയില്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ച് ലോഡ് കയറ്റാതെ ലോറികള്‍ നിര്‍ത്തിയിടുകയായിരുന്നു. ഈ സമയത്ത് വാഗണിന്റെ വാതില്‍ മലര്‍ക്കെ തുറന്നിട്ടത് കാരണം ശക്തമായ മഴയില്‍ അരി കുതിരാന്‍ കാരണമായി. പൊട്ടിക്കിടന്നിരുന്ന അരിച്ചാക്കില്‍ നിന്ന് അരി മഴയില്‍ വീണ് നശിച്ചുപോയി. മാനേജ്‌മെന്റിന്റെ ആവശ്യത്തിന് അനുസരിച്ച് 24 ലോറികളില്‍ ലോഡ് കയറ്റാനുള്ള തൊഴിലാളികള്‍ ഇവിടെ ഇല്ലെന്ന് ലോറി ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. 

സാധാരണയായി വാഗണില്‍ നിന്ന് അരി ഇറക്കി ഗോഡൗണില്‍ എത്തിച്ച ശേഷം സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമാണ് മൊത്തവിതരണക്കാര്‍ക്ക് നല്‍കാറുള്ളത്. എന്നാല്‍ ഇവിടെ നിലവില്‍ വാഗണില്‍ നിന്നും സാധനങ്ങള്‍ നേരിട്ട് ലോറികളില്‍ കയറ്റികൊണ്ട് പോവുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് കയറ്റിറക്ക് തൊഴിലാളികള്‍ പറയുന്നു. സംസ്ഥാനത്ത് മറ്റു കേന്ദ്രങ്ങളില്‍ ഈ പ്രവണതയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

 മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മണിക്കൂറുകളോളം കയറ്റിറക്ക് തടസപ്പെടുകയും പിന്നീട് മാനേജ്‌മെന്റ് നടപടിയില്‍ നിന്നും പിന്‍മാറുകയുമായിരുന്നു. പിന്നീട് കയറ്റിറക്ക് പുനരാരംഭിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved