Latest News :
Home » , » ഗുല്‍ബര്‍ഗ റാഗിംഗ്; രണ്ടു മലയാളി വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ കേസ്

ഗുല്‍ബര്‍ഗ റാഗിംഗ്; രണ്ടു മലയാളി വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ കേസ്

Written By Muhimmath News on Wednesday, 22 June 2016 | 11:39

കോഴിക്കോട്: കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്ത സംഭവത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര എന്നിവര്‍ക്കെതിരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്. എഫ്.ഐ.ആറുമായി പോലീസ് സംഘം കര്‍ണാകയിലെ ഗുല്‍ബര്‍ഗ അല്‍ഖമാര്‍ നഴ്‌സിംഗ് കോളേജിലേക്ക് പോകും.

ഒരു മാസം മുമ്പ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര റാഗിംഗിന് ഇരയായ എടപ്പാള്‍ സ്വദേശിനി അശ്വതി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കോളേജ് ഹോസ്റ്റലില്‍ നടന്നത് റാഗിംഗ് അല്ലെന്നും മറിച്ച് അശ്വതി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നും കോളേജ് പ്രിന്‍സിപ്പല്‍ വിശദീകരിച്ചിരുന്നു. വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും ഇത് നിഷേധിച്ചു.


അതിക്രൂരമായ റാഗിംഗിന് ഇരയായി അവശനിലയിലായ അശ്വതിയെ ഏതാനും ദിവസം അവിടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കര്‍ണാടക പോലീസ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ കഴിയാത്തതിനാല്‍ നടന്നില്ല. വീണ്ടും മൊഴിയെടുക്കാന്‍ എത്തുമെന്ന സൂചനയെത്തുടര്‍ന്നു മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ആശുപത്രി അധികൃതരുടെ അനുവാദമില്ലാതെ അശ്വതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. 

പിന്നീട് സഹപാഠികള്‍ക്കൊപ്പം നാട്ടിലെത്തി ചികിത്സ തേടുകയായിരുന്നു. ആദ്യം എടപ്പാളിലെയും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും വെള്ളം ഇറക്കാന്‍പോലും കഴിയാതെ അവശനിലയിലായതിനാല്‍ വിദഗ്ധ ചികിത്സ്‌ക്കായി കോഴിക്കോടേക്ക് മാറ്റുകയായിരുന്നു.
സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോളും കോളജ് അധികൃതര്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. 

കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്കും ഡി.ജി.പി ക്കും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് ഡപ്യൂട്ടി പോലീസ് കമ്മിഷണര്‍ ഡി. സാലി അശ്വതിയുടെ മൊഴിയെടുത്തു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവിടെ കേസെടുത്തശേഷം അതു ഗുല്‍ബര്‍ഗയിലെ സ്‌റ്റേഷനിലേക്ക് അയയ്ക്കാനാണ് സിറ്റി പോലീസ് ആലോചിക്കുന്നത്. അശ്വതിയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved