Latest News :
Home » , » ജിഷ വധം: പ്രതി ജൂലൈ 13 വരെ റിമാന്റില്‍, കോടതിയില്‍ ഹാജരാക്കിയത് മുഖംമൂടിയില്ലാതെ

ജിഷ വധം: പ്രതി ജൂലൈ 13 വരെ റിമാന്റില്‍, കോടതിയില്‍ ഹാജരാക്കിയത് മുഖംമൂടിയില്ലാതെ

Written By Muhimmath News on Thursday, 30 June 2016 | 18:43

കൊച്ചി: ദളിത് നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിനെ അടുത്ത മാസം 13 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കുറുപ്പംപടി കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. തെളിവെടുപ്പ് അടക്കം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് പ്രതിയെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിടുന്നത്.

അമീറുളിനെ ഹാജരാക്കിയപ്പോള്‍ പരാതികളൊന്നും ഇല്ലെന്ന് ഇയാള്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ജയിലിലെത്തി പ്രതിയുമായി സംസാരിക്കാന്‍ അവസരം നല്‍കണമെന്ന അഭിഭാഷകന്റെ ആവശ്യം കോടതി വെള്ളിയാഴ്ച പരിഗണിക്കും. പുതിയ ദ്വിഭാഷിയെയാണ് പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. നേരത്തെ ദ്വിഭാഷിയായി പ്രവര്‍ത്തിച്ചയാള്‍ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയതിനാലാണ് പുതിയ ആളെ ഹാജരാക്കിയത്.

അമീറുളിനെ മുഖം മൂടിയില്ലാതെയാണ് കോടതിയില്‍ ഹാജരാക്കിയതെന്ന പ്രത്യേകതയുമുണ്ടായി. മുമ്പ് കോടതിയില്‍ ഹാജരാക്കിയപ്പോഴെല്ലാം അമീറുളിന്റെ മുഖം മറച്ചിരുന്നു. തിരിച്ചറിയല്‍ പരേഡ് നടത്താന്‍ ഇനിയും സാക്ഷികള്‍ ബാക്കിനിന്നിട്ടും കോടതി കര്‍ശന നിലപാടെടുത്തതോടെ മുഖംമൂടി മാറ്റാന്‍ പോലീസ് നിര്‍ബന്ധിതരാകുകയായിരുന്നു എന്നാണ് സൂചന. അന്വേഷണ സമയത്ത് പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി ഒരു ബന്ധവുമില്ലാത്ത രൂപമാണ് അമീറുളിന്റേതെന്ന് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. ജിഷയുടെ വീടിനു സമീപത്തെ താമസക്കാരെ ചോദ്യം ചെയ്തതിനുശേഷം ലഭിച്ച സൂചനകള്‍ ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ രോഖാചിത്രം നിര്‍മിച്ചത്. ഈ ചിത്രവുമായി പ്രതി അമീറിന് ഒരു സാമ്യവുമില്ല.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved