Latest News :
Home » , » ജിഷ വധം; വിവരങ്ങള്‍ മറച്ചുവെച്ചവര്‍ക്കെതിരെ കേസെടുക്കും

ജിഷ വധം; വിവരങ്ങള്‍ മറച്ചുവെച്ചവര്‍ക്കെതിരെ കേസെടുക്കും

Written By Muhimmath News on Friday, 17 June 2016 | 11:23

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ര്‍ത്ഥിനി ജിഷയെ കൊന്നത് തന്നെ പ്രകോപിപ്പിച്ചതിനാലെന്ന് പിടിയിലായ പ്രതി അമിറുള്‍ ഇസ്ലാം. കൊല നടത്തിയ രീതി അമിറുള്‍ പോലീസിനോട് വിശദീകരിച്ചു. ജിഷയെ ഉപദേശിക്കാനാണ് താന്‍ വീട്ടില്‍ പോയതെന്നാണ് അമിറുള്‍ പോലീസിനോട് പറഞ്ഞത്.

ഇതിനിടെ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അമീറുളിനെ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ച കരാറുകാരന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കും. അമിറുള്‍ താമസിച്ച കെട്ടിടത്തിന്റെ ഉടമയും വിവരങ്ങള്‍ മറച്ചുവച്ചു. പ്രതി മുങ്ങിയ വിവരം ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘത്തോട് ഇവര്‍ പറഞ്ഞിരുന്നില്ല. 

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. പഴുതുകള്‍ അടച്ച് കേസ് നടത്തും. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് താന്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ അമീറുള്‍ ആക്രമിച്ചിരുന്നു. ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.
അതിനിടെ പ്രതിയെ വെള്ളിയാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. ഇതിന് മുന്നോടിയായി പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കും. കൊലപാതകത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രതിയെ 15 ദിവസം കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണസംഘം അപേക്ഷ നല്‍കും.

അതേസമയം, പ്രതിയെ കോടതിയിലും വൈദ്യപരിശോധനക്കും ഹാജരാക്കുമ്പോള്‍ ജനങ്ങളുടെ കനത്ത പ്രതിഷേധം ഉയരാന്‍ സാധ്യതയുള്ളത് പോലീസിനെ അലട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജഡ്ജിയുടെയും ഡോക്ടറുടെയും വീട്ടില്‍ പ്രതിയെ എത്തിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.

അസമീസ് ഭാഷ അറിയാവുന്ന ദ്വിഭാഷിയുടെ സഹായത്തോടെ കൊലപാതകത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രതിയില്‍ നിന്ന് ശേഖരിക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം. തിരിച്ചറിയല്‍ പരേഡ് നടക്കേണ്ടതിനാല്‍ പ്രതിയെ തല്‍കാലം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിക്കില്ല. വ്യാഴാഴ്ച വൈകിട്ടാണ് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved