Latest News :
Home » , , , » വിഘടിത വിഭാഗത്തിന്റെ പിടിവാശി; കക്കോവ് മഹല്ല് ജുമുഅത്ത് പള്ളി പൂട്ടി

വിഘടിത വിഭാഗത്തിന്റെ പിടിവാശി; കക്കോവ് മഹല്ല് ജുമുഅത്ത് പള്ളി പൂട്ടി

Written By Muhimmath News on Saturday, 4 June 2016 | 11:20

കക്കോവ്: ചേളാവി വിഭാഗത്തിന്റെ പിടിവാശി കാരണം മലപ്പുറം ജില്ലയിലെ വാഴയൂര്‍ വില്ലേജില്‍പെട്ട കക്കോവ് മഹല്ല് ജുമുഅത്ത് പള്ളി അടച്ചുപൂട്ടി. തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒന്നിലധികം തവണ നടന്ന ചര്‍ച്ചകളും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനുഞ്ജനശ്രമങ്ങളിലും വിട്ടുവീഴ്ചക്ക് തയ്യാറാകാതിരുന്നതോടെയാണ് തഹസില്‍ദാരുടെ നേതൃത്വത്തില്‍ പള്ളിയും അനുബന്ധിച്ചുള്ള മദ്‌റസാ കെട്ടിടങ്ങളും സീല്‍ ചെയ്തത്.

ഇരുവിഭാഗം സുന്നികളും ഒന്നിടവിട്ട വെള്ളിയാഴ്ചകളില്‍ ജുമുഅക്ക് നേതൃത്വം നല്‍കണമെന്ന സുന്നി വിഭാഗത്തിന്റെ ആവശ്യം ചേളാരി വിഭാഗം തീര്‍ത്തും നിരാകരിക്കുകയും രണ്ടാഴ്ചയിലൊരിക്കല്‍ മാറിമാറി നടത്തണമെന്ന തഹസില്‍ദാരുടെയും പോലീസ് മേധാവികളുടെയും നിര്‍ദേശവും അവര്‍ തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പള്ളി പൂട്ടി സീല്‍ ചെയ്തത്. 

കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നടത്താന്‍ ഒരുങ്ങിയ സുന്നിപക്ഷത്തെ മുളകുപൊടി വിതറി മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി അക്രമിക്കുകയും പള്ളിയില്‍ അഴിഞ്ഞാടുകയും ചെയ്തതില്‍ നിരവധി സുന്നിപ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 

നാട്ടുമധ്യസ്ഥരും പോലീസ് മേധാവികളും പലവട്ടം അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ചേളാരി വിഭാഗം വിട്ടുവീഴ്ചക്ക് തയ്യാറായില്ല. വിശുദ്ധ റമസാന്‍ സമാഗതമായ ഘട്ടത്തില്‍ പള്ളി പൂട്ടാതിരിക്കാനും മഹല്ലില്‍ സമാധാനാന്തരീക്ഷം തുടര്‍ന്നുപോകാനും പരമാവധി വിട്ടുവീഴ്ചക്ക് സുന്നി വിഭാഗം തയ്യാറായെങ്കിലും ചേളാരി വിഭാഗം വഴങ്ങാതിരുന്നതോടെ എല്ലാം തകിടംമറിഞ്ഞു. 
2004 ല്‍ ഇരുവിഭാഗം നേതൃത്വവും എം എല്‍ യെും മലപ്പുറം ഡി വൈ എസ് പിയുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച ധാരണാപ്രകാരമാണ് മഹല്ലില്‍ പള്ളി പരിപാലനവും കമ്മിറ്റി ഭരണവും നടന്നിരുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ചേളാരി വിഭാഗം വ്യാജരേഖകളുണ്ടാക്കി കമ്മിറ്റി രജിസ്‌ട്രേഷന്‍ പുതുക്കി. 

കഴിഞ്ഞ 29 വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ഇത്തരത്തില്‍ വ്യാജമായും ഏകപക്ഷീയമായും മഹല്ല് കമ്മിറ്റിപോലും അറിയാതെ പുതുക്കിയതാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ കാരണം. ഇതിനെ മഹല്ല് നിവാസികള്‍ ചോദ്യം ചെയ്തിരുന്നു. ഈ രജിസ്‌ട്രേഷന്‍ അംഗീകരിക്കാതിരുന്ന സുന്നിപക്ഷത്തെ അക്രമിച്ചൊതുക്കാനാണ് തുടക്കം മുതലേ ചേളാരി വിഭാഗം ശ്രമിച്ചിരുന്നത്.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളിയിലെ ജുമുഅയും മറ്റു നിസ്‌കാരങ്ങളും മാത്രമല്ല, ഇരുവിഭാഗവും നടത്തിവരുന്ന അനുബന്ധ മദ്‌റസകളിലെ മതപഠനംപോലും മുടങ്ങിയിരിക്കുകയാണ്. ഇത് നാട്ടുകാരില്‍ വന്‍ പ്രതിഷേധത്തിനും അമര്‍ഷത്തിനും കാരണമാക്കിയിട്ടുണ്ട്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved