Latest News :
Home » , , » വർഗീയ ധ്രുവീകരണം ചെറുക്കാൻ അടിയന്തരമായി ഇടപെടണം: കാന്തപുരം

വർഗീയ ധ്രുവീകരണം ചെറുക്കാൻ അടിയന്തരമായി ഇടപെടണം: കാന്തപുരം

Written By Muhimmath News on Friday, 3 June 2016 | 10:02

തിരുവനന്തപുരം: വർഗീയ ധ്രുവീകരണം ആഴത്തിൽ വേരോടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത് ചെറുക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.

 ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ ഉചിതമായ ശ്രമങ്ങൾ വേണം. അസഹിഷ്ണുത വലിയ തോതിൽ കേരളത്തിൽ വ്യാപിക്കുകയാണ്. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാനും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനും സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും പദ്ധതികൾ വേണമെന്നും ഇതിനായി നടപടി ക്രമങ്ങൾ ലഘൂകരിക്കണമെന്നും കാന്തപുരത്തിന്റെ നേതൃത്വത്തിൽ സുന്നി നേതാക്കൾ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

മതിയായ തൊഴിലവസരങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ഐ ടി, മാനേജ്‌മെന്റ് രംഗങ്ങളിൽ ഉൾപ്പെടെ അഭ്യസ്തവിദ്യർ അന്യനാടുകളെ ആശ്രയിക്കുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടാൻ മറ്റ് സംസ്ഥാനങ്ങളെയും വിദേശ രാജ്യങ്ങളെയും ആശ്രയിക്കേണ്ട സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ സംരംഭങ്ങളും ആരംഭിക്കണം. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള നൂലാമാലകൾ ഒഴിവാക്കണം. അന്താരാഷ്ട്ര ഭാഷയായ അറബിയുടെ പ്രാധാന്യം കണക്കിലെടുത്ത് കേരളത്തിൽ അറബിക് സർവകലാശാല സ്ഥാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

പ്രവാസികളുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ ആരംഭിക്കണം. കേന്ദ്ര സർക്കാർ നിർത്തലാക്കിയ പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തണം. കരിപ്പൂർ വിമാനത്താവളം പൂർണതോതിൽ ആക്കാൻ അടിയന്തര നടപടി വേണം.

അനാഥാലയങ്ങളെ ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ പരിധിയിൽപ്പെടുത്തുമ്പോൾ സ്ഥാപന നടത്തിപ്പിലുണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി വേണം. സ്ത്രീ സുരക്ഷ ഉറപ്പാക്കാനും ന്യൂനപക്ഷങ്ങൾക്കും മറ്റ് പിന്നാക്ക ദളിത് വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കാനും സംസ്ഥാന സർക്കാർ മുൻഗണന നൽകണമെന്നും സുന്നി നേതാക്കൾ ആവശ്യപ്പെട്ടു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി, സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, പ്രൊഫ. കെ എം എ റഹീം, എ സൈഫുദ്ദീൻ ഹാജി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved