Latest News :
Home » , » പൊലീസ് ജനങ്ങളുടെ പക്ഷത്താണ് നിലകൊള്ളേണ്ടത്: മന്ത്രി ഇ ചന്ദ്രശേഖരന്‍

പൊലീസ് ജനങ്ങളുടെ പക്ഷത്താണ് നിലകൊള്ളേണ്ടത്: മന്ത്രി ഇ ചന്ദ്രശേഖരന്‍

Written By Muhimmath News on Sunday, 12 June 2016 | 17:59

 ചെര്‍ക്കള: പൊലീസുകാരും ഉദ്യോഗസ്ഥരും സമൂഹത്തിന്റെ നാടിസ്പന്ദനങ്ങള്‍ അറിയുന്നവരായിരിക്കണമെന്നും ജനങ്ങളുടെ യഥാര്‍ത്ഥ സേവകരായിരിക്കണമെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ചെര്‍ക്കളയില്‍ നടന്ന കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസേവനമാണ് പൊലീസിന്റെ പ്രധാന കടമ. നിഷ്പക്ഷമെന്നാല്‍ ഒരു പക്ഷത്ത് നില്‍ക്കുക എന്നല്ല അര്‍ത്ഥം. വര്‍ഗീയ, സാമൂദായിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്ന പക്ഷത്തായിരിക്കണം പൊലീസുകാര്‍. പൊലീസ് അസോസിയേഷന് യാതൊരു രാഷ്ട്രീയവുമില്ല. എന്നാല്‍ രാഷ്ട്രീയ ബോധമുള്ള കേരള സമൂഹത്തില്‍ എല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടാകും. പൊലീസ് സേന ഏറെ പുരോഗമിച്ചുവെങ്കിലും പ്രാകൃതമായ മൂന്നാം മുറ പോലുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുന്നുണ്ട്. ശാസ്ത്രീയ സംവിധാനങ്ങള്‍ ഉണ്ടായിട്ടും മൂന്നാംമുറ നടപ്പിലാക്കുന്നത് പൊലീസുകാര്‍ക്ക് യോജിച്ചതല്ല. ജിഷ വധം കേരള പൊലീസിന്റെ മുഖത്ത് കരിവാരിത്തേക്കുന്ന സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ വിലയിരുത്തുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമീപനങ്ങളെ നോക്കിയാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് എന്ത് കുറവുണ്ടായാലും അത് ബാധിക്കുന്നത് സര്‍ക്കാരിനെയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വച്ച് സ്ഥലം മാറി പോകുന്ന ജില്ലാ പൊലീസ് ചീഫിന് യാത്രയപ്പും നല്‍കി. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് കെ സന്തോഷ് അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പൊലീസ് ചീഫ് ഡോ. എ ശ്രീനിവാസ്, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്ളകുഞ്ഞി, അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ എസ് ചന്ദ്രാനന്ദന്‍, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ്, കെ പ്രമോദ്, കെ വാസുദേവന്‍, ബാലകൃഷ്ണന്‍ കല്ലറ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി പി ആര്‍ ശ്രീനാഥ് സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ് ചീഫ് ഡോ. എ ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved