Latest News :
Home » , , , » കുടകില്‍ നിധിക്കുവേണ്ടി മലയാളി യുവാവിനെ കഴുത്തറുത്ത് കൊന്നു; അന്വേഷണം കാസര്‍കോട്ടേക്ക്

കുടകില്‍ നിധിക്കുവേണ്ടി മലയാളി യുവാവിനെ കഴുത്തറുത്ത് കൊന്നു; അന്വേഷണം കാസര്‍കോട്ടേക്ക്

Written By Muhimmath News on Wednesday, 1 June 2016 | 19:57

കാസര്‍കോട്: കുടകില്‍ മലയാളി യുവാവിനെ നിധിക്കുവേണ്ടി കഴുത്തറുത്ത് കൊന്ന് കൊക്കയില്‍ തള്ളിയ കേസിന്റെ അന്വേഷണം പോലീസ് കാസര്‍കോട് ജില്ലയിലേക്ക് വ്യാപിപ്പിച്ചു. കുടക് നാപ്പോക്ക് ചേലാവറക്ക് സമീപം കടങ്കയില്‍ സ്ഥിരതാമസക്കാരനായ മുനീര്‍ എന്ന യുവാവിനെയാണ് തൊട്ടടുത്തുള്ള കബ്ബെ കുന്നിന്‍ ചെരിവില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യാസഹോദരന്‍ സലാം പോലീസ് കസ്റ്റഡിയിലാണ്. നിധിക്കുവേണ്ടി മുനീറിനെ സലാമിന്റെ നേതൃത്വത്തിലുള്ള സംഘം കഴുത്തറുത്തുകൊന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. കാഞ്ഞങ്ങാട്ട് കുടുംബ ബന്ധമുള്ള വ്യക്തിയാണ് കൊല്ലപ്പെട്ട മുനീര്‍. പുതിയകോട്ടയിലെ ടൂറിസ്റ്റ് ടാക്‌സി കാര്‍ ഡ്രൈവര്‍ സി എം മൊയ്തുവിന്റെ സഹോദരന്‍ ഇബ്ര്‌റാഹിമിന്റെ മകനാണ് മുനീര്‍.

മെയ് 24 ന് മുനീര്‍ ഏതാനും പേര്‍ക്കൊപ്പം ഈ കുന്നിന്‍ ചരിവിലേക്ക് പോയതായിരുന്നു. അവിടെ സ്വര്‍ണ്ണത്തളിക ഉള്‍പ്പെടെയുള്ള നിധിശേഖരം താന്‍ കണ്ടിരുന്നുവെന്നും ഇത് കണ്ടയുടനെ ബോധരഹിതനായി വീണുവെന്നും മുനീര്‍ നാട്ടുകാരില്‍ ചിലരോട് പറഞ്ഞിരുന്നു. മുനീര്‍ കാസര്‍കോട് ജില്ലക്കാരനായ ഒരു മന്ത്രവാദിയെയും നാപ്പോക്കില്‍ തന്നെ താമസിക്കുന്ന ഭാര്യാ സഹോദരന്‍ സലാമിനെയും കൂട്ടി കേരളാ രജിസ്‌ട്രേഷനുള്ള രണ്ട് ബൈക്കുകളിലായി നിധി ശേഖരമുള്ളതായി പറയപ്പെടുന്ന സ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്തിരുന്നു.

ഒപ്പം താന്‍ പോയിരുന്നുവെന്നും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മന്ത്രവാദിയെയും കൂട്ടി തിരിച്ചു വരാത്തതിനാല്‍ സലാം കുന്നിന്‍ മുകളിലേക്ക് പോയി നോക്കിയിരുന്നെങ്കിലും ആരെയും കാണാത്തതിനാല്‍ തിരിച്ചുവരികയായിരുന്നുവെന്നുമാണ് സലാം ആദ്യം പോലീസിന് മൊഴി നല്‍കിയത്. പിന്നീടാണ് മുനീര്‍ കൊല്ലപ്പെട്ടതായി സൂചന പുറത്തുവന്നത്. 1500 അടി താഴ്ചയുള്ള കൊക്കയില്‍ നിന്ന് മുനീറിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഭാര്യാസഹോദരന്‍ സലാമിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. തീരെ മെലിഞ്ഞ ശരീരപ്രകൃതിക്കാരനായ സലാമിന് അരോഗദൃഢഗാത്രനായ മുനീറിനെ ഒറ്റയ്ക്ക് തലയറുത്ത് കൊല്ലാന്‍ കഴിയില്ലെന്നാണ് പോലീസിന്റെ നിഗമനം. മന്ത്രവാദിക്ക് മോട്ടോര്‍ ബൈക്ക് ഓടിക്കാന്‍ അറിയില്ലെന്നാണ് സൂചന. രണ്ട് ബൈക്കുകളിലായി മൂന്ന് പേരാണ് കടങ്കക്കടുത്തുള്ള കബ്ബെ കുന്നിലേക്ക് പോയത്. മുനീറിന്റെ മരണശേഷം ഈ രണ്ട് ബൈക്കുകളും അവിടെ നിന്ന് ആരാണ് കൊണ്ടുപോയതെന്ന് അന്വേഷിച്ചു വരികയാണ് പോലീസ്. ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലക്ക് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സലാമിനെ വീരാജ്‌പേട്ട ബസ്റ്റാന്റില്‍ നിന്നാണ് പോലീസ് പിടികൂടിയത്. മന്ത്രവാദിയെ കണ്ടെത്താനാണ് അന്വേഷണം കാസര്‍കോട് ജില്ലയിലേക്ക് വ്യാപിപ്പിച്ചത്. മരിച്ച മുനീറിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved