Latest News :
Home » » മഞ്ചേശ്വരത്ത് യുവാവിനെ വീട് കയറി അക്രമിച്ചു, കാറിന് നേരെ വെടിവെപ്പ്

മഞ്ചേശ്വരത്ത് യുവാവിനെ വീട് കയറി അക്രമിച്ചു, കാറിന് നേരെ വെടിവെപ്പ്

Written By Muhimmath News on Thursday, 30 June 2016 | 23:14

മഞ്ചേശ്വരം: മണല്‍ മാഫിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട് കയറി യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പള്ളിയില്‍ നിസ്‌കാരത്തിനെത്തിയ യുവാക്കള്‍ സഞ്ചരിച്ച ആള്‍ട്ടോകാറിന് നേരെ വെടിയുതിര്‍ത്തു. ബൈക്ക് തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ മഞ്ചേശ്വരം പാത്തൂരിനടുത്ത് തലക്കിയിലാണ് സംഭവം.

പാത്തൂര്‍ തലക്കിയിലെ മജീദി(38)നാണ് വെട്ടേറ്റത്. നിലവിളി കേട്ടെത്തിയ അയല്‍ക്കാരന്‍ അബ്ദുല്‍ അസീസി(30)ന് മര്‍ദ്ദനമേറ്റു. പുലര്‍ച്ചെ മൂന്ന് മണിക്ക് മൂന്ന് കാറുകളിലായി എത്തിയ സംഘം വീടിന്റെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകടന്ന് മജീദിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ.

അവിടെ നിന്ന് മടങ്ങിയ സംഘം തലക്കി ബോള്‍മാര്‍ പള്ളിക്കടുത്ത് എത്തി മജീദിന്റെ സഹോദരന്‍ അഷറഫിന്റെ ബൈക്ക് തകര്‍ക്കുകയും സുഹൃത്ത് സിദ്ദീഖിന്റെ ആള്‍ട്ടോ കാറിന് നിറയൊഴിക്കുകയുമായിരുന്നു. കാറിന്റെ നാല് ടയറുകളും വെടിയുണ്ട തുളച്ചുകയറിയ നിലയിലാണ്. കൈക്ക് വെട്ടേറ്റ മജീദിനെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

തലക്കിയിലെ മണല്‍ മാഫിയ തലവനാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. കര്‍ണാടകയില്‍ നിന്ന് പൂഴി കടത്തുന്ന സംഘങ്ങള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നുവത്രെ. മണല്‍ വില കുറച്ചുവില്‍ക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഇന്ന് പുലര്‍ച്ചെ നടന്ന അക്രമത്തിന് പിന്നിലും ഇതാണ് കാരണമെന്നാണ്് സംശയം.

മഞ്ചേശ്വരത്തെ ഗുണ്ടാ അക്രമം നാട്ടുകാരില്‍ ഭീതി ഉളവാക്കിയിരിക്കുകയാണ്. തോക്കുമായി കറങ്ങുന്ന അധോലോക സംഘത്തെ കണ്ടെത്താനും കര്‍ശന നടപടി സ്വീകരിക്കാനും പൊലീസ് തയ്യാറാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved