Latest News :
Home » , , » ക്രിമിനല്‍ സ്വഭാവമുള്ള ഭാര്യയ്ക്ക് സല്‍പ്പേരുണ്ടാക്കാന്‍ വല്യുമ്മയെ കൊലപ്പെടുത്തി: ഇരുവരേയും കുടുക്കിയത് എഴുത്തും വായനയുമറിയാത്ത നബീസയുടെ ആത്മഹത്യാ കുറിപ്പ്

ക്രിമിനല്‍ സ്വഭാവമുള്ള ഭാര്യയ്ക്ക് സല്‍പ്പേരുണ്ടാക്കാന്‍ വല്യുമ്മയെ കൊലപ്പെടുത്തി: ഇരുവരേയും കുടുക്കിയത് എഴുത്തും വായനയുമറിയാത്ത നബീസയുടെ ആത്മഹത്യാ കുറിപ്പ്

Written By Muhimmath News on Tuesday, 28 June 2016 | 10:45

പാലക്കാട്: വൃദ്ധയായ വല്യുമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകളുടെ മകനും ഭാര്യയും അറസ്റ്റിലായി. മണ്ണാര്‍ക്കാട് തോട്ടരക്കടുത്ത ആര്യമ്പാവ് ഒറ്റപ്പാലം റോഡരുകില്‍ മരച്ചുവട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കരിമ്പുഴ തോട്ടര ഈങ്ങക്കോടന്‍ മമ്മിയുടെ ഭാര്യ നബീസ (71)കൊല്ലപ്പട്ട കേസിലാണ് നബീസയുടെ മകള്‍ ഫാത്തിമയുടെ മകന്‍ തോട്ടര പടിഞ്ഞാറേതില്‍ ബഷീര്‍ (33) ഭാര്യ ഫസീല (27)എന്നിവര്‍ അറസ്റ്റിലായത്. ഇവരുെട കാറും പിടിച്ചെടുത്തിട്ടുണ്ട്. മരിച്ച നബീസയുടെ ബാഗിലെ ആത്മഹത്യാ കുറിപ്പാണ് നിര്‍ണ്ണായകമായത്. അക്ഷരം അറിയാത്ത നബീസ എങ്ങനെ കത്തെഴുതിയെന്ന അന്വേഷണമാണ് പ്രതികളിലേക്ക് കാര്യങ്ങളെത്തിച്ചത്.

ജൂണ്‍ 21ന് നൊട്ടമലയിലുള്ള ബന്ധുവീട്ടിലേക്ക് നോമ്പുതുറയ്ക്കായി പോയിരുന്ന നബീസയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നബീസയെ മരിച്ചനിലയിലാണ് കണ്ടത്. എഴുത്തും വായനയുമറിയാത്ത നബീസയുടെ സഞ്ചിക്കകത്തുനിന്ന് കണ്ടെടുത്ത കത്താണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. മൃതദേഹത്തിനൊപ്പം ആത്മഹത്യക്കുറിപ്പുമുണ്ടായിരുന്നു. എഴുതാനറിയാത്ത നബീസയുടെ ആത്മാഹത്യക്കുറിപ്പു സംബന്ധിച്ച നാട്ടുകാരുടെ സംശയമാണ് കേസിനു തുമ്പുണ്ടാക്കിയത്. അന്വേഷണത്തിനെന്ന വ്യാജേനെ പ്രതികളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തെക്കുറിച്ചു പോലിസ് പറയുന്നതിങ്ങനെ: മൂന്ന് വര്‍ഷം മുമ്പ് ഫസീലയുടെ 43 പവന്‍ സ്വര്‍ണാഭരണം നഷ്ടപ്പെട്ടിരുന്നു. ഇത് കൊല്ലപ്പെട്ട നബീസ എടുത്തതായി ഫസീല അരോപിച്ചിരുന്നു. പിന്നീട് മറ്റൊരു ബന്ധുവിന്റെ ആഭരണം ഫസീല മോഷ്ടിച്ചത് അവര്‍ കൈയോടെ പിടികൂടി. ഇതോടെ പഴയ സ്വര്‍ണം പ്രതിയായ ഫസീല തന്നെയാണ് മാറ്റിയത് എന്ന് ബന്ധുക്കള്‍ക്ക് മനസ്സിലാവുകയും ഇതേത്തുടര്‍ന്ന് ഇവരെ അകറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. ഫസീലയുടെ ക്രിമിനല്‍ സ്വഭാവം സംബന്ധിച്ച് ഇവരുടെ കുടുംബത്തില്‍ പ്രശ്‌നം നിലനിന്നിരുന്നു. 2015 മാര്‍ച്ചില്‍ ബഷീറിന്റെ പിതാവിന് കറിയില്‍ വിഷം ചേര്‍ത്ത് കൊടുത്തതായി ശ്രീകൃഷ്ണപുരം സ്‌റ്റേഷനില്‍ ഫസീലക്കെതിരേ പരാതിയുണ്ട്. ഇതേത്തുടര്‍ന്ന് ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കി. 

തിരിച്ചുകയറാന്‍ വല്ല്യുമ്മയായ നബീസയായിരുന്നു തടസം. ഇതാണു വല്ല്യമ്മയെ ഒഴിവാക്കാന്‍ ബഷീറിനെ പ്രേരിപ്പിച്ചത്. ബുധനാഴ്ച ഇവരുടെ കുന്തിപ്പുഴ നമ്പിയംകുന്നിലെ വാടകവീട്ടിലേക്കു നബീസയെ വിളിച്ചുകൊണ്ടുപോയി രാത്രി ഭക്ഷണത്തില്‍ ചീരക്കറിയില്‍ ചിതലിനുള്ള മരുന്ന് ചേര്‍ത്ത് കഴിക്കാന്‍ കൊടുത്തു. എന്നാല്‍ നബീസക്ക് കാര്യമായ അസ്വസ്ഥകളൊന്നുമുണ്ടായില്ല. തുടര്‍ന്നു രാത്രി വൈകി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം ഒഴിച്ചു. മൃതദേഹം ഒരുദിവസം വീട്ടില്‍ സൂക്ഷിച്ച ശേഷം വ്യാഴാഴ്ച അര്‍ധരാത്രിയോടെ നേരത്തെ ബഷീറും ഫസീലയും തയ്യാറാക്കിയ ആത്മഹത്യാകുറിപ്പു സഹിതം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

ബഷീറിന്റെ പിതാവ് മുഹമ്മദിന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസിനു പുറമേ ബഷീറിന്റെ മാതാവ് ഫാത്തിമ മരണപ്പെട്ടതും സമാന രീതിയിലാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു. അതിനിടെ വീട്ടില്‍നിന്ന് 43 പവന്‍ സ്വര്‍ണാഭരണവും നഷ്ടപ്പെട്ടിരുന്നു. ഈ സംഭവങ്ങളിലെല്ലാം സംശയനിഴലിലായ ഫസീല ഭര്‍തൃവീട്ടില്‍നിന്ന് പുറത്തായതിനെത്തുടര്‍ന്നു കണ്ടമംഗലത്തെ സ്വന്തം വീട്ടിലായിരുന്നു താമസം. ഇതേച്ചൊല്ലിയുള്ള സംശയങ്ങളുംചോദ്യംചെയ്യലുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബഷീറിനെയും ഫസീലയെയും നേരത്തെയുണ്ടായ മറ്റുചില പ്രശ്‌നങ്ങളുടെ പേരില്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന്, ബഷീര്‍ വിദേശത്തേക്ക് പോയി.

ജിദ്ദയില്‍ ഡ്രൈവറായിരുന്ന
ബഷീര്‍ മെയ് 12നാണ് നാട്ടിലെത്തിയത്. ബന്ധുവീട്ടില്‍നിന്ന് തിരികെ പോരാനൊരുങ്ങുകയായിരുന്ന നബീസയെ 22ന് ബഷീര്‍ അനുനയിപ്പിച്ച് വഴിയിലിറക്കി കാറില്‍ വീട്ടിലേക്ക് കൊണ്ടുവന്നതായും പൊലീസ് കണ്ടെത്തി. തര്‍ക്കത്തിനൊടുവില്‍ ഭക്ഷണത്തില്‍ വിഷംചേര്‍ത്തും പിന്നീട് ബലം പ്രയോഗിച്ച് വിഷം വായിലൊഴിച്ചും നബീസയെ കൊലപ്പെടുത്തുകയായിരുന്നു. ബലപ്രയോഗത്തിനിടെ ബഷീറിന്റെ കൈയ്ക്ക് മുറിവുമേറ്റിരുന്നു. മരണം ഉറപ്പിച്ചശേഷം പിറ്റേന്ന് നബീസ എഴുതുന്നമട്ടില്‍ കുറിപ്പ് തയ്യാറാക്കുകയായിരുന്നെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. രാത്രി മൃതദേഹം കാറില്‍കയറ്റി റോഡരികില്‍ ഉപേക്ഷിച്ചു. 

നബീസയെ കാണാനില്ലെന്ന് ബന്ധുക്കളോട് വിളിച്ചറിയിച്ചതും പൊലീസില്‍ പരാതി നല്‍കിയതും ബഷീര്‍ തന്നെയായിരുന്നു. മൃതദേഹം കണ്ടെത്തിയ കാര്യം പൊലീസില്‍ വിളിച്ചറിയിച്ചതും ഇയാള്‍ തന്നെയായിരുന്നു. ഞായറാഴ്ച രാവിലെ ഇരുവരെയും ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന നമ്പ്യന്‍കുന്നിലെ വീട്ടിലും നായാടിപ്പാറയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുവരേയും റിമാന്‍ഡും ചെയ്തു. ഫോറന്‍സിക് വിദഗ്ദ്ധര്‍ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved