Latest News :
Home » » തലമുടി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു

തലമുടി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു

Written By Muhimmath News on Thursday, 9 June 2016 | 17:54



ചെന്നൈ: തലമുടി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. മദ്രാസ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയായ ചെന്നൈ സ്വദേശി സന്തോഷ്(22) ആണ് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. സന്തോഷിന്റെ ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടര്‍മാര്‍ ഒളിവിലാണ്. ചെന്നൈയിലെ അഡ്വാന്‍സ്ഡ് റോബോട്ടിക് ഹെയര്‍ ട്രാന്‍സ്പ്‌ളാന്റ് സെന്ററിലാണ് സംഭവം.

ആരോഗ്യ വകുപ്പ് അധികൃതര്‍ കേന്ദ്രം പൂട്ടി സീല്‍ ചെയ്തു. ഇവിടെ നിന്നും അനധികൃതമായി ലൈസന്‍സില്ലാതെ സൂക്ഷിച്ച മരുന്നുകളുടെ വലിയ ശേഖരവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തലയില്‍ അല്‍പം കഷണ്ടിയുണ്ടായിരുന്ന സന്തോഷിന് ഇതേക്കുറിച്ചോര്‍ത്ത് മന:പ്രയാസമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ മാസം ശസ്ത്രകിയക്ക് വിധേയനാകാന്‍ തീരുമാനിച്ചത്. പത്ത് മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ ഏകദേശം 1,200ഓളം മുടിയിഴകളാണ് വെച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞയുടന്‍ തന്നെ പനി ബാധിക്കുകയും പിന്നീട് നില വഷളാവുകയായിരുന്നുവെന്ന് നഴ്‌സായ സന്തോഷിന്റെ അമ്മ പി. ജോസ്ബീന്‍ പറഞ്ഞു.

അഡ്വാന്‍സ്ഡ് റോബോട്ടിക് ഹെയര്‍ ട്രാന്‍സ്പ്‌ളാന്റ് സെന്ററില്‍ ശസ്ത്രക്രിയ നടത്തിയത് ഡോക്ടര്‍മാരല്ലെന്നും ഏറെ സങ്കീര്‍ണമായ ശസ്ത്രക്രിയ ആരംഭിച്ചയുടന്‍ അനസ്‌തേഷ്യസ്റ്റ് സ്ഥലം വിട്ടെന്നും സന്തോഷിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. അമ്പതോ അറുപതോ ലക്ഷം രൂപയാണ് ഇവര്‍ ദിനം തോറും സമ്പാദിക്കുന്നത്. പണമുണ്ടാക്കുക മാത്രമാണ് ലക്ഷ്യമെന്നും മനുഷ്യരുടെ ജീവന് ഇവര്‍ വില കല്‍പ്പിക്കുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.

ട്രാന്‍സ്പ്‌ളാന്റ് സെന്ററിന് നല്‍കിയ ലൈസന്‍സ് രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് അവസാനിച്ചുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ശസ്ത്രക്രിയ നടത്തിയവര്‍ യോഗ്യതയുള്ള ഡോക്ടര്‍മാര്‍ തന്നെയാണ്. ഇതിലൊരാള്‍ ചൈനയില്‍ നിന്നുമാണ് മെഡിക്കല്‍ ഡിഗ്രി സമ്പാദിച്ചത്. എന്നാല്‍, എന്തെങ്കിലും രീതിയിലുള്ള അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ അത് പരിഹരിക്കാനാവശ്യമായ ഒരു സംവിധാനങ്ങളും ഈ സെന്ററില്‍ ഉണ്ടായിരുന്നില്ല. പുണെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സെന്ററിന് ഏഴ് നഗരങ്ങളിലായി 17 കേന്ദ്രങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സെന്ററിന്റെ ഉടമസ്ഥര്‍ക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved