Latest News :
Home » , » മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം; പ്രതിപക്ഷം ഇറങ്ങിപ്പോയി

മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം; പ്രതിപക്ഷം ഇറങ്ങിപ്പോയി

Written By Muhimmath News on Thursday, 30 June 2016 | 12:07

തിരുവനന്തപുരം: പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 

അംഗീകാരം നല്‍കേണ്ടെന്ന തീരുമാനം വഴി അന്യ സംസ്ഥാന ലോബിയെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മുന്‍ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ ആരോപിച്ചു. സര്‍ക്കാര്‍ തീരുമാനം വഴി ആയിരത്തിലേറെ മെഡിക്കല്‍ സീറ്റുകള്‍ നഷ്ടമായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതിനെ തകര്‍ക്കുന്ന സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇടുക്കി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളെ പുനര്‍വിന്യസിക്കേണ്ട അവസ്ഥയാണുള്ളത്. ഈ മെഡിക്കല്‍ കോളജിനെ അട്ടിമറിക്കാന്‍ മനഃപൂര്‍വം ശ്രമം നടക്കുന്നു. ഡോക്ടര്‍മാരുടെ നിയമന ഉത്തരവ് പോലും കാണാനില്ലെന്നും ശിവകുമാര്‍ പറഞ്ഞു.
ഏഴ് മെഡിക്കല്‍ കോളജിന് പൂര്‍ണമായും നാലെണ്ണത്തിന് ഭാഗികമായും അംഗീകാരം നഷ്ടപ്പെട്ടതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ സഭയെ അറിയിച്ചു. 

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് ഇതിന് കാരണം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ദീര്‍ഘ വീക്ഷണമില്ലാതെ യു.ഡി.എഫ് സര്‍ക്കാര്‍ എടുത്ത നിലപാടാണ് പ്രതിസന്ധിക്ക് വഴിവെച്ചതെന്നും മന്ത്രി ആരോപിച്ചു. ആവശ്യമായ സൗകര്യങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കും. എന്നാല്‍, ഒരു മാസം കൊണ്ട് സാധിക്കില്ല. വര്‍ഷം തോറും അംഗീകാരം പുതുക്കി വാങ്ങുന്ന പരിപാടിക്ക് സര്‍ക്കാറില്ലെന്നും ശൈലജ വ്യക്തമാക്കി.


ആരോഗ്യ രംഗത്തെ നേട്ടങ്ങള്‍ സര്‍ക്കാര്‍ തമസ്‌കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളെല്ലാം ആദ്യം വേണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ആരോഗ്യ മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved