Latest News :
Home » , » പി. ശ്രീരാമകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍; എല്‍.ഡി.എഫിന് രണ്ടുവോട്ടുകള്‍ അധികം

പി. ശ്രീരാമകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍; എല്‍.ഡി.എഫിന് രണ്ടുവോട്ടുകള്‍ അധികം

Written By Muhimmath News on Friday, 3 June 2016 | 11:57

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും പൊന്നാനി എം.എല്‍.എയുമായ പി. ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. നിയമസഭാ സമ്മേളന ഹാളില്‍ രഹസ്യബാലറ്റിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്.

കുന്നത്തുനാട് എം.എല്‍.എയായ കോണ്‍ഗ്രസിലെ വി.പി സജീന്ദ്രനായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. 92 വോട്ടാണ് ശ്രീരാമകൃഷ്ണന്‍ നേടിയത്. യു.ഡി.എഫ് 46 വോട്ടുകളും നേടി. ഒരു വോട്ട് അസാധുവായി.
പി.സി ജോര്‍ജിന്റെ വോട്ടാണ് അസാധുവായതെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം ബാലറ്റ് വെറുതെ മടക്കി പെട്ടിയിലിടുകയായിരുന്നു. ബി.ജെ.പി നേതാവായ നേമം എം.എല്‍.എ ഒ.രാജഗോപാലും വോട്ടുരേഖപ്പെടുത്തി.
ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കൗണ്ടിങ് ഏജന്റുമാരായ എ. പ്രദീപ്കുമാറിന്റെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും സാന്നിധ്യത്തിലാണ് വോട്ടുകള്‍ എണ്ണിയത്. 
പ്രോട്ടൈം സ്പീക്കര്‍ എസ്. ശര്‍മ്മയാണ് ഫലം പ്രഖ്യാപിച്ചത്.

എല്‍.ഡി.എഫിന് രണ്ടുവോട്ടുകള്‍ അധികം:
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ശ്രീരാമകൃഷ്ണന്‍ വിജയിക്കുമെന്ന കാര്യത്തില്‍ എല്‍.ഡി.എഫിനു ഉറപ്പുണ്ടായിരുന്നു. 91 അംഗങ്ങളുള്ള എല്‍.ഡി.എഫില്‍ പ്രോട്ടൈം സ്പീക്കറായ എസ്. ശര്‍മ്മ വോട്ടു ചെയ്തിരുന്നില്ല.
എന്നിട്ടും എല്‍.ഡി.എഫിന് 92 വോട്ടുകള്‍ ലഭിച്ചു. യു.ഡി.എഫിന്റെ ഒരു വോട്ടു ചോര്‍ന്നിട്ടുമുണ്ട്. 47 അംഗങ്ങളുടെ ബലമുള്ള യു.ഡി.എഫിന് 46 വോട്ടുകളാണ് ലഭിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved