Latest News :
Home » , , » പള്ളിക്കര വാഹനദുരന്തം; മരണപ്പെട്ടവര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

പള്ളിക്കര വാഹനദുരന്തം; മരണപ്പെട്ടവര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Written By Muhimmath News on Tuesday, 14 June 2016 | 19:47

കാസര്‍കോട്: കഴിഞ്ഞ ദിവസം പള്ളിക്കരയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി.

അപകടത്തില്‍ മരിച്ച ചേറ്റുകുണ്ടിലെ സജീര്‍(24), ഫാത്തിമ(3) എന്നിവരുടെ മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സക്കീന(40), മകള്‍ ഷാനിറ(16), സക്കീനയുടെ സഹോദരന്റെ ഭാര്യ ഖൈറുന്നീസ(24) സക്കീനയുടെ മകന്‍ ഇര്‍ഫാന്റെ ഭാര്യ റംസീന(19) എന്നിവരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലും പോസ്റ്റുമോര്‍ട്ടം ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

പിന്നീട് നാട്ടിലെത്തിച്ച മൃതദേഹങ്ങള്‍ ചിത്താരി മദ്രസയില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ചേറ്റുകുണ്ട് ബാദുഷാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. അടുത്തടുത്ത ആറു ഖബറുകളിലായാണ് ഇവര്‍ക്ക് അന്ത്യനിദ്ര ഒരുക്കിയത്. മൂന്ന് തവണ നടത്തിയ മയ്യത്ത് നിസ്‌ക്കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ആറുപേരുടെയും മൃതദേഹങ്ങള്‍ വഹിച്ചു കൊണ്ടുള്ള ആംബുലന്‍സുകള്‍ തൊട്ടിയില്‍ എത്തിയപ്പോള്‍ മദ്രസയും മസ്ജിദും പരിസരവും ആളുകളെക്കൊണ്ടുനിറഞ്ഞു. പരസ്പരം ആശ്വസിക്കാന്‍ പോലുമാകാതെ വിങ്ങുന്ന മനസുമായാണ് എല്ലാവരും മൃതദേഹങ്ങളെ അനുഗമിച്ചത്.

കാസര്‍കോട് വിദ്യാനഗറിലുള്ള ബന്ധുവീട്ടിലേക്ക് നോമ്പുതുറയ്ക്ക് പോവുകയായിരുന്നു സക്കീനയും കുടുംബാംഗങ്ങളും. യാത്രക്കിടയില്‍ കാര്‍ പള്ളിക്കര വില്ലേജ് ഓഫീസിനു സമീപത്ത് എത്തിയപ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ ആല്‍മരത്തില്‍ ഇടിച്ചു മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ഏറെ നേരം കഠിന പരിശ്രമം നടത്തിയാണ് കാറിനകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആറുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

അപകടത്തില്‍ മരിച്ച സജീറിന്റെ സുഹൃത്ത് ഇര്‍ഷാദ്(19) ഗുരുതരമായി പരിക്കേറ്റ് മംഗ ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകട വിവരമറിഞ്ഞ് കാസര്‍കോട്, കാഞ്ഞങ്ങാട്, ഉദുമ, മേല്‍പ്പറമ്പ, കുണിയ, വിദ്യാനഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നൂറുകണക്കിനു പേര്‍ പള്ളിക്കരയിലേയ്ക്കു ഒഴുകിയെത്തുകയായിരുന്നു. വിശുദ്ധ റമസാന്‍ മാസത്തിലുണ്ടായ ഈ അപകടത്തില്‍ നിന്നും നാട് ഇപ്പോഴം മോചിതമായിട്ടില്ല.






Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved