Latest News :
Home » , » ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്നവര്‍ മറുപടി പറയേണ്ടി വരും: സര്‍ക്കാര്‍ ഉദ്യാഗോസ്ഥരോട് മുഖ്യ മന്ത്രി

ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്നവര്‍ മറുപടി പറയേണ്ടി വരും: സര്‍ക്കാര്‍ ഉദ്യാഗോസ്ഥരോട് മുഖ്യ മന്ത്രി

Written By Muhimmath News on Wednesday, 8 June 2016 | 20:35

തിരുവനന്തപുരം: ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരുമാനമെടുക്കേണ്ട കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നിങ്ങളുടെ മുന്നില്‍ എത്തുന്ന ഫയലില്‍ ജീവിതം ഉണ്ടെന്ന കരുതലോടെയാവണം ഓരോ ഫയലിനെയും സമീപിക്കേണ്ടതെന്ന് പിണറായി ജീവനക്കാരോട് പറഞ്ഞു. കുടുംബത്തിന്റെയും വ്യക്തിയുടെയും നാടിന്റെയും ജീവിതമാണ് ഫയലുകളില്‍ ഉള്ളത്. മിക്കവാറും ഫയലുകളില്‍ നിങ്ങള്‍ എഴുതുന്ന കുറിപ്പാണ് ചിലരുടെ കാര്യത്തിലെങ്കിലും അവര്‍ തുടര്‍ന്നു ജീവിക്കണോ എന്നു പോലും തീരുമാനിക്കപ്പെടുന്നത്. അത്രകണ്ട് പ്രാധാന്യമുണ്ട് നിങ്ങളുടെ കുറിപ്പുകള്‍ക്ക്. പ്രതീക്ഷക്കു വിരുദ്ധമായി പ്രതികൂല പരാമര്‍ശം വന്നാല്‍ ജീവിതം തന്നെ തകര്‍ന്നു എന്നു കരുതുന്നവരുണ്ട്. എല്ലാ ഫയലുകളിലും അനുകൂലമായി എഴുതണമെന്നല്ല. എങ്ങനെയൊക്കെ ജനങ്ങളെ സഹായിക്കാം എന്നതായിരിക്കണം ഫയല്‍ നോക്കുമ്പോഴുള്ള അടിസഥാന സമീപനം പിണറായി പറഞ്ഞു.

നമ്മുടെ നാട്ടില്‍ ഇപ്പോഴും തുടരുന്നത് ബ്രിട്ടീഷുകാര്‍ സ്വീകരിച്ച ഫയല്‍ നോട്ടരീതിയാണെന്ന് പിണറായി പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ എങ്ങനെ അനുവദിക്കാതിരിക്കാം എന്നതാണ് കൊളോണിയല്‍ സമ്പ്രദായത്തിലെ ഫയല്‍നോട്ട രീതി. ഇതില്‍ വലിയ മാറ്റം വന്നിട്ടില്ല. നെഗറ്റീവ് ഫയല്‍ നോട്ട സമ്പ്രദായം മാറ്റി പോസിറ്റീവ് ഫയല്‍നോട്ട രീതിയിലേക്കു മാറണം. സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്കു വേണ്ടി എന്നതല്ല, ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനു വേണ്ടി എന്നതാണ് ശരി. സര്‍ക്കാര്‍ എന്നത് ജീവനക്കാര്‍ക്കു വേണ്ടിയുള്ള സംവിധാനമല്ല. പല പ്രശ്‌നങ്ങളുമായി സമീപിക്കുന്ന സാധാരണക്കാര്‍ നമ്മില്‍ നിന്ന് സേവനമാണ് പ്രതീക്ഷിക്കുന്നത്. അവരുണ്ടെങ്കിലേ തങ്ങള്‍ ഉള്ളൂ എന്ന ചിന്ത സ്വാഭാവികമായും ജീവനക്കാര്‍ക്കുണ്ടാവണം.

ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി ഒരു തരത്തിലും വച്ചു പൊറുപ്പിക്കില്ല. അത്തരക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയുമില്ല. അതേസമയം, സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂടെയുണ്ടാവുമെന്നും പിണറായി പറഞ്ഞു. നിലവിലുള്ള വീഴചകള്‍ക്ക് ഉത്തരവാദി ജീവനക്കാരാണെന്ന അഭിപ്രായം സര്‍ക്കാറിനില്ല. സമൂഹത്തെയാകെ ബാധിച്ച അലസത ജീവനക്കാരെയും ബാധിച്ചിട്ടുണ്ട്. അത് മാറ്റിയെടുക്കണം. സെക്രട്ടേറിയറ്റിന് ഒരു ദുഷ്‌പേരുണ്ട്. രാവിലെ വന്നു കഴിഞ്ഞാല്‍ കസേരയില്‍ ഉണ്ടാവുന്ന ജീവനക്കാരുടെ എണ്ണം വളരെ ചുരുക്കമാണ്. അതിന് മാറ്റമുണ്ടാവണം. ഓഫിസ് സമയത്ത് അവരവരുടെ ചുമതല അവിടെ ഇരുന്ന് നിര്‍വഹിക്കണം. ഓഫിസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. കല, സാഹിത്യ വാസനകളുള്ളവര്‍ ഓഫിസ് സമയത്ത് അത് പരിപോഷിപ്പിക്കാന്‍ നോക്കണ്ട. അതിനു വേറെ സമയം കണ്ടെത്തണം.

ഭരണം എന്നത് തുടര്‍ച്ചയായി നടക്കേണ്ട കാര്യമാണ്. രാഷ്ട്രീയ ഭരണാധികാരികള്‍ മാറിവരും. ഭരണം എങ്ങനെ വേഗത്തിലാക്കാം, കാര്യക്ഷമമാക്കാം, കൂടുതല്‍ പുരോഗമനോന്മുഖമാക്കാം എന്ന കാര്യങ്ങളില്‍ പുതിയ സര്‍ക്കാറിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാട് നടപ്പാക്കുക തന്നെ ചെയ്യും. അതിന് മുഴുവന്‍ ജീവനക്കാരുടെയും സഹകരണം ഉണ്ടാവണമെന്നും പിണറായി പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved