Latest News :
Home » , » ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞിട്ടില്ല; ചന്ദ്രിക പത്രത്തിലെ വാര്‍ത്തയ്‌ക്കെതിരെ പി.വി അന്‍വര്‍

ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞിട്ടില്ല; ചന്ദ്രിക പത്രത്തിലെ വാര്‍ത്തയ്‌ക്കെതിരെ പി.വി അന്‍വര്‍

Written By Muhimmath News on Monday, 27 June 2016 | 12:57

നിലമ്പൂര്‍: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞു എന്ന തരത്തില്‍ ചന്ദ്രിക പത്രത്തില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെ അന്‍വര്‍ രംഗത്ത്. ഇത്തരം വ്യാജവാര്‍ത്തകള്‍ക്കും വ്യാജ പ്രചരണങ്ങള്‍ക്കും ചെവികൊടുക്കരുതെന്നും ഇവയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും അന്‍വര്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

ജിദ്ദ സന്ദര്‍ശനത്തിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ ഇടതുപക്ഷത്തെ തള്ളിപ്പറയുന്ന രീതിയില്‍ സംസാരിച്ചു എന്നായിരുന്നു ചന്ദ്രിക നല്‍കിയ വാര്‍ത്ത. എന്നാല്‍ താന്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ട് തന്നെയാണ് നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയതെന്നും ആ വിജയത്തില്‍ ഇടതുപക്ഷ പ്രവര്‍ത്തകരും നേതാക്കളും വഹിച്ച പങ്ക് വളരെ വലുതാണെന്നും അന്‍വര്‍ വ്യക്തമാക്കി.

'ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ട് തന്നെയാണ് ഞാന്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജനവിധി തേടിയത്. നിലമ്പൂരില്‍ കാലങ്ങളായി നില നിന്ന് പോന്നിരുന്ന കുടുംബാധിപത്യത്തിന് എതിരെയുള്ള വിധിയെഴുത്താണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. ആ വിജയത്തില്‍ ഇടതുപക്ഷ പ്രവര്‍ത്തകരും നേതാക്കളും വഹിച്ച പങ്ക് വളരെ വലുതാണ്. ഇടതുപക്ഷത്തോടും സി.പി.ഐ.എമ്മിനോടും ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു.' ഫേസ്ബുക്ക് പോസ്റ്റില്‍ അന്‍വര്‍ പറയുന്നു.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിവിധ സംഘടനകള്‍ യോജിച്ച പോരാട്ടം നടത്തേണ്ടതുണ്ട് എന്ന് അവിടുത്തെ യോഗങ്ങളില്‍ താന്‍ അഭിപ്രായപ്പെട്ടിരുന്നു. അത്തരം ഒരു കാഴ്ചപ്പാടിനെ പിറകോട്ടടിക്കുന്ന പിന്തിരിപ്പന്‍ നിലപാടുകളാണ് പറയാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിലൂടെ ഈ പത്രം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റു എം.എല്‍.എ മാരോടൊപ്പം ചേര്‍ന്ന് താന്‍ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള കള്ള വാര്‍ത്തകളും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നെയും ഇടതുപക്ഷത്തെയും തമ്മില്‍ അകറ്റുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നിരാശ ബാധിച്ച ചില പരാജിതരാണ് ഇതിന്റെ പിന്നില്‍. അവര്‍ അവരുടെ പണി തുടരട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഗീയ ഫാഷിസ്റ്റുകള്‍ നാടിന്റെ സൈ്വര്യ ജീവിതത്തിന് വെല്ലുവിളിയായി നില്‍ക്കുന്ന ഈ കാലത്ത് അതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിനും , അതിന് നേതൃത്വം നല്‍കുന്ന സി.പി.ഐ.എമ്മിനും മാത്രമേ കഴിയൂ എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved