Latest News :
Home » , » ആര്‍.എസ്.എസ് കാര്യാലയം തീവെച്ച് നശിപ്പിച്ചു

ആര്‍.എസ്.എസ് കാര്യാലയം തീവെച്ച് നശിപ്പിച്ചു

Written By Muhimmath News on Saturday, 4 June 2016 | 12:26

കണ്ണൂര്‍: അഞ്ചരക്കണ്ടിക്കടുത്ത ചാമ്പാട് ആര്‍.എസ്.എസ് കാര്യാലയവും ആര്‍.എസ്.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ സേവാ കേന്ദ്രവും തീവച്ചുനശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് ഓടുമേഞ്ഞ ഇരുനില കെട്ടിടത്തിന് തീയിട്ടത്. കെട്ടിടം ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. 

തീവെപ്പില്‍ കാര്യാലയത്തിലും സേവാ കേന്ദ്രത്തിനും അകത്തുണ്ടായിരുന്ന ഫര്‍ണീച്ചറുകളും രേഖകളും കത്തിനശിച്ചു. വാതിലുകളും ജനലുകളും കത്തിയമര്‍ന്നു. തീയും പുകയും ഉയരുന്നത് കണ്ട പരിസരവാസികളാണ് ആദ്യം വിവരം അറിയുന്നത്. ഉടന്‍ കൂത്തുപറമ്പ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീയണക്കുകയായിരുന്നു. അക്രമത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ആര്‍.എസ്.എസ്. ആരോപിച്ചു. 

നേരത്തെ നിരവധി തവണ ഈ ഓഫീസിന് നേരെ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ആക്രമമുണ്ടായതായി പ്രവര്‍ത്തകര്‍ പറഞ്ഞു.
അക്രമത്തില്‍ പ്രതിഷേധിച്ച് അഞ്ചരക്കണ്ടിയിലും ചാമ്പാടും ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. അക്രമം പടരാതിരിക്കാന്‍ പോലീസ് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കൂത്തുപറമ്പ് എസ്.ഐ കെ.ജെ. ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘം സംഘര്‍ഷബാധിത സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved