Latest News :
Home » , » മുസ്ലിം യുവാക്കള്‍ക്കെതിരെ വ്യാജ ഭീകരവാദ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതായി തുറന്ന് സമ്മതിച്ച് കേന്ദ്ര നിയമമന്ത്രി

മുസ്ലിം യുവാക്കള്‍ക്കെതിരെ വ്യാജ ഭീകരവാദ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതായി തുറന്ന് സമ്മതിച്ച് കേന്ദ്ര നിയമമന്ത്രി

Written By Muhimmath News on Wednesday, 1 June 2016 | 12:23

ന്യൂഡല്‍ഹി: അപ്രിയ സത്യങ്ങള്‍ വിളിച്ചുപറഞ്ഞാല്‍ മറ്റുള്ളവരുടെ കണ്ണിലെ കരടാകുമെന്ന് അറിയാതെയല്ല കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഢ അത് പറഞ്ഞത്. തന്റെ സ്ഥാനത്തോടുള്ള മാന്യത പുലര്‍ത്തുന്നതിനാണ്. രാജ്യത്ത് നിരപരാധികളായ നിരവധി  മുസ്ലിം യുവാക്കള്‍ക്കെതിരെ വ്യാജ ഭീകരവാദ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നായിരുന്നു ഗൗഢയുടെ വെളിപ്പെടുത്തല്‍.
ഒട്ടേറെ വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ മതിയായ തെളിവില്ലാത്തതിനാല്‍ ഇതൊക്കെ ഉപേക്ഷിക്കേണ്ടിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രതിസന്ധികളെ മറികടക്കുന്നതിന് നിയമപരിഷ്‌കരണം അടിയന്തിരമായി നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് അലിഗഢില്‍ ചേര്‍ന്ന വികാസ് പര്‍വ ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മുസ്ലിം യുവാക്കള്‍ക്കെതിരെ ഇത്തരമൊരു നീക്കം നടക്കുന്നുണ്ടെന്ന കാര്യം മന്ത്രി തുറന്നുപറഞ്ഞത്.


ഇതിനെതിരെ നിയമ പരിഷ്‌കരണത്തിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ക്രിമിനല്‍ നിയമത്തില്‍ മാറ്റം കൊണ്ടുവരുന്ന കാര്യം ലോ കമ്മീഷന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായുള്ള സമിതിയാണ് ഇക്കാര്യം പഠിച്ചുകൊണ്ടിരിക്കുന്നത്‌വ്യാജ കേസ്സുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.
സമാനമായ അഭിപ്രായപ്രകടനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും അടുത്തിടെ നടത്തിയിരുന്നു. തീവ്രവാദ കേസ്സില്‍ അറസ്റ്റ് ചെയ്ത പത്തുയുവാക്കളില്‍ ഏഴുപേരെ തെളിവില്ലെന്ന് കണ്ട് അടുത്തിടെ വെറുതെ വിടേണ്ടിവന്ന സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് കുറേക്കൂടി സന്തുലിതമായ രീതിയില്‍ കാര്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജ് നാഥ് സിങ് അഭിപ്രായപ്പെട്ടിരുന്നു.

അതിനിടെ സദാനന്ദ ഗൗഢയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപിക്ക് ഉള്ളില്‍നിന്ന് തന്നെ എതിര്‍ സ്വരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗൗഢയുടെ സ്ഥാനം മോഹിക്കുന്ന സുബ്രഹ്മണ്യം സ്വാമിയുള്‍പ്പെടെയുള്ളവര്‍ ഈ നീക്കത്തിന് പിന്നിലുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved