Latest News :
Home » » സ്ഥാനമാറ്റത്തിനെതിരെ സെന്‍കുമാര്‍ ഹരജി നല്‍കി

സ്ഥാനമാറ്റത്തിനെതിരെ സെന്‍കുമാര്‍ ഹരജി നല്‍കി

Written By Muhimmath News on Thursday, 2 June 2016 | 18:19

ന്യൂഡല്‍ഹി: സ്ഥാനമാറ്റത്തിനെതിരെ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹരജി നല്‍കി. അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ചയോടെയാണ് സെന്‍കുമാര്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. സീനിയോറിറ്റി മറികടന്ന് ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയായി നിയമിച്ച നടപടി കേരള പൊലീസ് ആക്ടിന്റെ ലംഘനമാണ്. ഇത് പൊതുതാല്‍പര്യത്തിന് എതിരാണ്. മാത്രമല്ല, തന്നെ എന്തുകൊണ്ട് മാറ്റി എന്നത് സംബന്ധിച്ച് സ്ഥലംമാറ്റ ഉത്തരവില്‍ വിശദീകരണം നല്‍കിയിട്ടില്ല എന്നീ കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സെന്‍കുമാര്‍ ഹരജി നല്‍കിയത്.

പരാതി പരിഗണിച്ച ട്രൈബ്യൂണല്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രത്തിനോടും കേരളത്തിനോടും വിശദീകരണം ആവശ്യപ്പെടും. നിലവിലെ ഡി.ജി.പിയായ ലോക്‌നാഥ് ബെഹ്‌റയോടും പ്രത്യേക ദൂതന്‍ വഴി വിശദീകരണം ആവശ്യപ്പെടും.

എന്നാല്‍, പുതിയ അഡ്വക്കേറ്റ് ജനറല്‍ സ്ഥാനമേറ്റെടുത്തതേയുള്ളൂവെന്നും അതിനാല്‍ വിശദീകരണം നല്‍കാന്‍ പത്ത് ദിവസത്തെ സമയം വേണമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ട്രൈബ്യൂണലിനെ അറിയിച്ചു. ഈ അപേക്ഷ കണക്കിലെടുക്കാതെ അടുത്ത ചൊവ്വാഴ്ച തന്നെ കേസ് പരിഗണിക്കാന്‍ ട്രൈബ്യൂണല്‍ തീരുമാനിക്കുകയായിരുന്നു.

വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് പൊലീസ് മേധാവിയുടെ സ്ഥാനത്ത് നിന്നും മാറ്റി പകരം ലോക്‌നാഥ് ബെഹ്‌റയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആ സ്ഥാനത്ത് നിയമിച്ചത്. ഇതിനെതിരെയാണ് സെന്‍കുമാര്‍ ദേശീയ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. പൊലീസ് ഹൗസിങ്ങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മേധാവിയായാണ് സെന്‍കുമാറിനെ പുതുതായി നിയമിച്ചിട്ടുളളത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved