Latest News :
Home » » കൊറക്കോട് ക്ഷേത്രത്തില്‍ കവര്‍ച്ച: ഭണ്ഡാരത്തില്‍ നിന്ന് 10,000 രൂപ കവര്‍ന്നു

കൊറക്കോട് ക്ഷേത്രത്തില്‍ കവര്‍ച്ച: ഭണ്ഡാരത്തില്‍ നിന്ന് 10,000 രൂപ കവര്‍ന്നു

Written By Muhimmath News on Sunday, 19 June 2016 | 20:41



കാസര്‍കോട്: കാലവര്‍ഷം ശക്തമായതിനു തൊട്ടുപിന്നാലെ കാസര്‍കോട് ക്ഷേത്ര കവര്‍ച്ച. ഓടിളക്കി അകത്തു കടന്ന മോഷ്ടാക്കള്‍ ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്തു. വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള കൊറക്കോട് ദുര്‍ഗ്ഗാ പരമേശ്വരി മഹാകാളി കാശികാള ഭൈരവേശ്വര ക്ഷേത്രത്തില്‍ ശനിയാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. രാത്രി 8.30 മണിയോടെയാണ് ക്ഷേത്രം പൂട്ടി പൂജാരി പോയത്. ഞായറാഴ്ച രാവിലെ സമീപ വാസിയും ജീവനക്കാരിയുമായ രാധ എന്ന സ്ത്രീ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് അറിഞ്ഞത്. ഉടന്‍ തന്നെ ക്ഷേത്ര ഭാരവാഹികളെയും പൊലീസിനെയും വിവരമറിയിച്ചു.

ഒരു ഇരുമ്പു സ്റ്റൂള്‍ ഉപയോഗിച്ചു ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ മേല്‍ക്കൂരയില്‍ കയറി ഓടിളക്കി മാറ്റിയാണ് അകത്തു കയറിയത്. മൂന്നു ഭണ്ഡാരങ്ങള്‍ തകര്‍ക്കപ്പെട്ട നിലയിലാണ്. ഇവയില്‍ ഉണ്ടായിരുന്ന 10,000 രൂപ നഷ്ടപ്പെട്ടു. തേങ്ങ ഉടക്കാനും മറ്റും ഉപയോഗിക്കുന്ന കത്തിയും നഷ്ടപ്പെട്ടു. ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തെ വാതില്‍ തുറന്നാണ് കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത്. ഈ വാതില്‍ തുറന്നു വച്ച നിലയിലാണ്.

വിവരമറിഞ്ഞ് എത്തിയ ജില്ലാ പൊലീസ് ചീഫിനൊപ്പം സി.ഐ, എം.പി, ആസാദ്, വിരലടയാള വിദഗ്ദ്ധ പി.പ്രതിഭ എന്നിവരും ഉണ്ടായിരുന്നു. അന്വേഷണത്തിനായി ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved