Latest News :
Home » , » ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി റംസാന്‍ മാസത്തിലെ ജീരക കഞ്ഞി വിതരണം

ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി റംസാന്‍ മാസത്തിലെ ജീരക കഞ്ഞി വിതരണം

Written By Muhimmath News on Tuesday, 21 June 2016 | 20:19

ഉദുമ: പടിഞ്ഞാര്‍ മൊഹ്യുദ്ധീന്‍ ജുമാ മസ്ജിദില്‍ റംസാന്‍ മാസത്തിലുള്ള ജീരക കഞ്ഞി വിതരണത്തിന് ആറ് പതിറ്റാണ്ടിന്റെ പഴമയുണ്ട്. നോമ്പ് കാലമായാല്‍ 30 ദിവസത്തോളം സൗജന്യമായി കഞ്ഞി വിതരണം നടത്തുന്നുണ്ട്. ഔഷധ ഗുണം പ്രധാനം ചെയ്യുന്ന ജീരക കഞ്ഞി ഉദുമ പടിഞ്ഞാറ്കാര്‍ക്ക് നോമ്പ് തുറയ്ക്ക് ഈത്തപ്പഴവും കാരക്കയും പോലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത വിഭവമായിരിക്കുകയാണ്. പടിഞ്ഞാര്‍ ജുമാ മസ്ജിദിന്റെ കീഴില്‍ നാല് സ്രാമ്പിപള്ളികളിലായി നാന്നൂറോളം വീടുകളിലെ രണ്ടായിരത്തോളം പേര്‍ ജീരക കഞ്ഞി കഴിക്കുന്നുണ്ടെന്നാണ് കമ്മിറ്റിക്കാര്‍ പറയുന്നത്.

അരി വേവുമ്പോള്‍ അരച്ച തേങ്ങയും പയറും ചേര്‍ത്ത് തയ്യാറാക്കി അതില്‍ ജീരകം പൊടിച്ച് ചേര്‍ത്താണ് രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന കഞ്ഞി നിര്‍മ്മാണം വൈകിട്ട് 4.മണിക്ക് കഞ്ഞി തയ്യാറാവും. അസര്‍ ബാങ്കിന്റെ വിളി കേട്ടാല്‍ കുട്ടികളും മുതിര്‍ന്നവരും കൂട്ടത്തോടെ വന്ന് കഞ്ഞി വാങ്ങും. അസര്‍ നിസ്‌കാരത്തിന് ശേഷമാണ് കഞ്ഞി വിതരണം നടക്കുന്നത്. മസ്ജിദിന് പരിസരത്തുള്ള എല്ലാ വഴികളും പാത്രവുമായി കഞ്ഞിവാങ്ങാന്‍ വരുന്നവരുടെ സ്ഥിരം കാഴ്ചയാണ്. ജമാഅത്ത് പരിതികളില്‍ പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ ഭാഗമായി സ്റ്റീല്‍ പാത്രത്തിലാണ് കഞ്ഞി വിതരണം നടക്കുന്നതെന്ന് കമ്മിറ്റിക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൂട് കഞ്ഞി പ്ലാസ്റ്റിക്ക് പാത്രത്തില്‍ ഒഴിച്ചാല്‍ ഉരുകി രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. ബിരിയാണിയും എണ്ണ പലഹാരങ്ങളും നോമ്പ് തുറയുടെ ഭാഗമായ ഈ കാലത്ത് നോമ്പിന്റെ ആരോഗ്യപരമായ ഗുണം നഷ്ടപ്പെടുമ്പോള്‍ ജീരക കഞ്ഞി ഒരു ഫലപ്രദമായ ഔഷധമാണ്. 40 വര്‍ഷത്തോളം കഞ്ഞി തയ്യാറാക്കിയിരുന്ന കൊളത്തിങ്കാല്‍ അബ്ദുള്‍റഹിമാന്‍ ആരോഗ്യ പരമായ കാരണത്താല്‍ മാറി നില്‍ക്കുന്നത് കൊണ്ട് മൂന്ന് വര്‍ഷമായി മൂസയാണ് ഈ ചുമതല നിര്‍വ്വഹിക്കുന്നത്.

അടുത്ത റംസാന്‍ മുതല്‍ പ്രത്യേക കഞ്ഞിപ്പുര സ്ഥാപിച്ച് നോമ്പ് തുറയ്ക്കാന്‍ ആവശ്യമായ പഴവര്‍ഗ്ഗങ്ങളും മറ്റും കഞ്ഞിയുടെ കൂടെ വിതരണം നടത്താനുള്ള തയ്യാറെടുപ്പുള്ളതായി കമ്മിറ്റി സെക്രട്ടറി എഫ്.സി അബ്ദുള്ള പറയുന്നു. കാലവര്‍ഷവും നോമ്പും ഒന്നിച്ച് വന്നത് കൊണ്ട് കര്‍ക്കിടക കഞ്ഞി മാതിരി ആയുര്‍വ്വേദ ഗുണം ലഭിക്കും എന്നാണ് ഇതിനെ കുറിച്ച് പഠനം നടത്തിയ കരിം പള്ളത്തില്‍ പറയുന്നത്. ഖത്തര്‍ അബ്ദുള്ള ഹാജി, സ്പീഡ്വെ മുഹമ്മദ് കുഞ്ഞി എന്നിവരാണ് കമ്മിറ്റി ഭാരവാഹികള്‍.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved