Latest News :
...
Home » » 'വിശ്വാസിയുടെ വിളവെടുപ്പുകാലം'

'വിശ്വാസിയുടെ വിളവെടുപ്പുകാലം'

Written By Muhimmath News on Sunday, 5 June 2016 | 20:04


മാനവികതയുടെയും ത്യാഗത്തിന്റെയും സ്മരണകളുണര്‍ത്തി വീണ്ടുമൊരു വ്രതമാസം. അപരന്റെ വിശപ്പറിയാനും കൈത്താങ്ങ് നല്‍കാനുമുള്ള പ്രചോദനം കൂടി റമളാന്‍ നല്‍കുന്നു.

'സത്യ വിശ്വാസികളേ, നിങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നിര്‍ബന്ധമാക്കിയതു പോലെ നിങ്ങളുടെ മേലിലും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടി (അല്‍ ബഖറ/183).

സ്വൗം എന്നാണ് അറബിയില്‍ നോമ്പിന് പ്രയോഗിക്കുന്നത്. അകന്ന് നില്‍ക്കുക എന്നാണ് അതിന്റെ വിവക്ഷ. ' അല്ലാഹുവിന് ഞാന്‍ സ്വൗമിനെ നേര്‍ച്ചയാക്കിയിരിക്കുന്നു. ഒരു മനുഷ്യനോടും ഞാനിന്നും സംസാരിക്കില്ല' (മര്‍യം/26) എന്ന വചനത്തില്‍ മര്‍യം ബീവി(റ)യുടെ വാക്കുകള്‍ സ്വൗമിന്റെ ഭാഷാര്‍ത്ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത് (ജലാലൈനി 19/2).

പ്രഭാതം വെളിപ്പെട്ടത് മുതല്‍ അസ്തമയം വരെ ഭക്ഷണം, പാനീയം, സംഭോഗം തുടങ്ങി നോമ്പ് നിഷ്ഫലമാകുന്നവയില്‍ നിന്ന് പ്രത്യേക നിയ്യത്തോടെ അകന്ന് നില്‍ക്കുന്നതിനാണ് മതപരമായി 'സ്വൗം' എന്ന് പ്രയോഗിക്കുന്നത് (തഅ്‌രീഫാത്ത്/136).

ഭൗതികമായും ആത്മീയമായും നോമ്പിന് പ്രാധാന്യമുണ്ട്. വികാര നിയന്ത്രണം, ആനന്ദങ്ങളെ ഉപേക്ഷിക്കല്‍ തുടങ്ങിയ ഉന്നത സ്വഭാവങ്ങള്‍ പരിശീലിപ്പിക്കുന്ന നോമ്പ് ആരോഗ്യവും മാനസിക ഉല്ലാസവും നല്‍കുന്ന ഇബാദതാണ്. മുന്‍ഗാമികള്‍ പാലിച്ച് വന്നതെന്ന പ്രോത്സാഹനവും നോമ്പിനുണ്ട്. നന്മകള്‍ അനുകരിക്കുന്നതില്‍ ഇത്തരം ശൈലികള്‍ മറ്റുചില കാര്യങ്ങളിലും ഖുര്‍ആന്‍ സ്വീകരിച്ചതായി കാണാന്‍ കഴിയും. 'അവര്‍ അല്ലാഹു സന്മാര്‍ഗം കാണിച്ചവരാണ്. അവരുടെ സരണിയെ പിന്‍പറ്റുക' (അന്‍ആം 90). 'മുന്‍ പ്രവാചകരുടെ ചരിത്രങ്ങള്‍ നിങ്ങള്‍ക്ക് അവതരിപ്പിച്ച് തരുന്നത് നിങ്ങളുടെ മനസ്സിന് സ്ഥൈര്യം ലഭിക്കാനാണ്' (ഹൂദ് 120) തുടങ്ങിയ ആയത്തുകള്‍ ഉദാഹരണം.

ഹിജ്‌റ: രണ്ടാം വര്‍ഷം ശഅ്ബാന്‍ മാസത്തിലാണ് നോമ്പ് നിര്‍ബന്ധമാക്കപ്പെടുന്നത്. തുടക്കത്തിലുദ്ധരിച്ച അല്‍ ബഖറ/183 എന്ന ആയത്താണ് നോമ്പിന്റെ കല്‍പന അറിയിക്കുന്നത്. വൈയക്്തികമായും സാമൂഹികമായും ഉന്നതമായ മൂല്യങ്ങള്‍ നോമ്പില്‍ കേന്ദ്രീകൃതമാണ.് അതിന്റെ പ്രഥമഗുണം തഖ്‌വയുടെ സംഭരണമാണെന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യവും തഖ്‌വയില്‍ അധിഷ്ഠിതമാണല്ലോ? പരലോകത്തേക്കുള്ള മടക്കയാത്രയില്‍ പ്രധാന സംഭരണമുതലും തഖ്‌വയാണ്. ഖുര്‍ആന്‍ പറഞ്ഞു: നിങ്ങള്‍ സംഭരിക്കുന്നതില്‍ ഏറ്റവും ഉന്നതമായത് തഖ്‌വയാണ്. എനിക്ക് നിങ്ങള്‍ തഖ്‌വ ചെയ്യുക ബുദ്ധിമാന്‍മാരേ (ബഖറ/197).

എങ്ങനെയാണ് നോമ്പ് കൊണ്ട് തഖ്‌വ നേടാന്‍ കഴിയുന്നത്?. നോമ്പുകാരനും അല്ലാഹുവും മാത്രമറിയുന്ന സ്വകാര്യ ആരാധനയാണത്. മനസ്സും ശരീരവും മുഴുവന്‍ അല്ലാഹുവിലേക്ക് തിരിച്ച് കൊണ്ടുള്ള ഇബാദത്ത്. തിരുനബി(സ്വ) പറഞ്ഞല്ലോ, നോമ്പു പരിചയാണ്. നോമ്പുകാരന്‍ അരുതാത്തത് പറയരുത്. വിവരക്കേട് ചെയ്യരുത്. അവനോട് ആരെങ്കിലും കലഹിക്കാന്‍ വന്നാല്‍ ഞാന്‍ നോമ്പുകാരനാണെന്ന് പറയുക (ബുഖാരി/1894). ഈ ഒരു മാനസിക അവസ്ഥ നോമ്പുകാരനില്ലെങ്കില്‍ വിശപ്പും ദാഹവും മാത്രമാണ് അവന് നേടാനാവുന്നത്.

നബി(സ്വ) പറഞ്ഞു: ചീത്തവാക്കും പ്രവര്‍ത്തനങ്ങളും നോമ്പുകാരന്‍ ഒഴിവാക്കുന്നില്ലെങ്കില്‍, വെള്ളവും ഭക്ഷണവും അവന്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിന് ഒരാവശ്യവുമില്ല (തുര്‍മുദി/1903). അപ്പോള്‍ ബാഹ്യവും ആന്തരികവുമായി നോമ്പിന്റെ മൂല്യം നഷ്ടപ്പെടുത്തുന്ന മുഴുവന്‍ വിഷയങ്ങളില്‍ നിന്നും നോമ്പുകാരന്‍ മാറി നില്‍ക്കണം. ഇതിലൂടെ മാത്രമേ നോമ്പിന്റെ സ്വീകാര്യതയും പൂര്‍ണതയും ലഭിക്കൂ.

എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളിലാണ് മനുഷ്യന്‍ ജീവിക്കുന്നത്. അനുഗ്രഹങ്ങളുടെ പറുദീസയില്‍ സുഖിച്ച് ജീവിക്കുമ്പോള്‍ അതിന്റെ വിലയും മൂല്യവും അവന്‍ തിരിച്ചറിയില്ല. അനുഗ്രഹത്തിന്റെ അസാന്നിധ്യത്തിലും നഷ്ടത്തിലുമാണ് അതിന്റെ വിലപൂര്‍ണമായറിയാനാവുക.

ചുറ്റു ഭാഗത്തുമുള്ള പലര്‍ക്കും തടയപ്പെട്ട അനുഗ്രഹങ്ങള്‍ തനിക്ക് ലഭിച്ചതിന്റെ ഓര്‍മകള്‍ നോമ്പുകാരന് അയവിറക്കാന്‍ അവസരമുണ്ടാകുന്നു. ഭക്ഷണ പാനീയങ്ങളില്ലാതെയും ജീവിത സുഖമില്ലാതെയും പ്രയാസപ്പെടുന്ന പാവങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിശ്ചിത സമയം നോമ്പുകാരനും ഭക്ഷണവും വെള്ളവും ഭാര്യാ സുഖവുമില്ലാതെ കഴിയുകയാണ്.

പിശാചിന്റെ കടന്നുകയറ്റം നിയന്ത്രിക്കാന്‍ നോമ്പുകാരന്‍ കഴിവ് നേടുന്നു. അനസുബ്‌നു മാലിക്(റ)ന്റെ ഹദീസില്‍ കാണാം; രക്ത സഞ്ചാരമുള്ളിടത്തൊക്കെ പിശാചിന് പ്രവേശനമുണ്ട്. നോമ്പ് കൊണ്ട് മനസ്സിന്റെ ദുര്‍ഗുണങ്ങള്‍ പൊട്ടിച്ചു കളയാന്‍ കഴിയും. ഭൗതിക അതിപ്രസരം, ക്രോധം തുടങ്ങിയ ദുര്‍വിചാരങ്ങള്‍ അടക്കി നിര്‍ത്താന്‍ നോമ്പ് സഹായകമാണ്. ഈ ആശയത്തിലേക്കാണ് തിരു ഹദീസ് വെളിച്ചം വീശുന്നത്: യുവാക്കളേ, നിങ്ങളില്‍ വിവാഹത്തിന് കഴിയുന്നവര്‍ വിവാഹം ചെയ്യട്ടെ. വിവാഹം കണ്ണിനെ നിഷിദ്ധങ്ങളില്‍ നിന്ന് ചിമ്മിപ്പിക്കുന്നതും ഗുഹ്യത്തെ നിഷിദ്ധങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതുമാണ്. വിവാഹത്തിന് കഴിയാത്തവര്‍ നോമ്പനുഷ്ഠിക്കട്ടെ. നോമ്പ് അവന് പരിചയാണ് (ബുഖാരി/1905).

നബി(സ്വ) പറഞ്ഞു: 'മനുഷ്യന്റെ സല്‍പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പത്ത്മുതല്‍ എഴുനൂറ് ഇരട്ടി വരെ പ്രതിഫലം ലഭിക്കും. അല്ലാഹു പറയുന്നു; നോമ്പ് ഒഴികെ. നോമ്പ് എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്. എനിക്ക് വേണ്ടിയാണ് നോമ്പുകാരന്‍ ഭക്ഷണവും വികാരങ്ങളും ഒഴിവാക്കിയത്. നോമ്പുകാരന് രണ്ട് സന്തോഷമുണ്ട്. ഒന്ന് നോമ്പ് തുറക്കുന്ന സമയത്തും മറ്റൊന്ന് അല്ലാഹുവിനെ ദര്‍ശിക്കുന്ന സമയത്തുമാണ്. നോമ്പുകാരന്റെ വായയുടെ ഗന്ധം അല്ലാഹുവിന്റെ അടുത്ത് കസ്തൂരിയേക്കാള്‍ ഉത്തമമാണ് ' (ബുഖാരി-1894).

പത്ത്മുതല്‍ എഴുനൂറ് വരെയുള്ള പുണ്യങ്ങള്‍ മറ്റു ഇബാദത്തുകള്‍ക്ക് നല്‍കപ്പെട്ടപ്പോള്‍ എണ്ണത്തില്‍ ഒതുങ്ങാത്തതാണ് നോമ്പിന്റെ പ്രതിഫലം എന്നാണ് ഹദീസ് പാഠം. നോമ്പുകാരന് നല്‍കപ്പെടുന്ന രണ്ട് സന്തോഷങ്ങളില്‍ ഒന്ന് സ്വര്‍ഗവാസിയുടെ ഏറ്റവും വലിയ അംഗീകാരമായ ഇലാഹീ ദര്‍ശനമാണ്.

മറ്റൊരു ഹദീസ് കാണുക: സ്വര്‍ഗത്തിന് ഒരു കവാടമുണ്ട്. റയ്യാന്‍ എന്നാണതിന്റെ പേര്. അന്ത്യനാളില്‍ നോമ്പുകാര്‍ മാത്രമേ അതിലൂടെ കടക്കുകയുള്ളൂ. നോമ്പുകാര്‍ എവിടെ? എന്ന് വിളിക്കപ്പെടുമ്പോള്‍ അവര്‍ എണീക്കും. അവര്‍ റയ്യാനിലൂടെ അകത്ത് കടന്നാല്‍ ആ കവാടം അടക്കപ്പെടും (ബുഖാരി,മുസ്‌ലിം) സ്വര്‍ഗലോകത്ത് വേറെ ഒരാള്‍ക്കും അല്ലാഹു നല്‍കാത്ത ബഹുമതിയാണ് നോമ്പുകാരന്‍ നേടുന്നത്. മറ്റാര്‍ക്കും അനുമതിയില്ലാത്ത പ്രത്യേക കവാടത്തിലൂടെയാണ് അവന് സ്വര്‍ഗ പ്രവേശം.

റയ്യാന്‍ വാതിലിലൂടെ കടത്തിവിടാനായി നോമ്പുകാരെ തിരയുകയായിരിക്കും മലക്കുകള്‍. മറ്റുള്ളവര്‍ റയ്യാനിന്നരികിലെത്തുമ്പോള്‍ അവരെ അനുവദിക്കുകയുമില്ല. നോമ്പുകാര്‍ക്കുള്ള വലിയ അംഗീകാരമാണിത്, അല്ലാഹുവിന്റെ കരാര്‍ പാലനവും.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു ദിവസം നോമ്പെടുക്കുന്ന അടിമയെ എഴുപത് വര്‍ഷത്തെ ദൂരത്തേക്ക് നരകത്തില്‍ നിന്ന് അല്ലാഹു അകറ്റി നിര്‍ത്തും (ബുഖാരി, മുസ്്‌ലിം).

യഥാര്‍ത്ഥ നോമ്പുകാരന്‍ നരകത്തില്‍ കടക്കുകയില്ല എന്നാണ് ഉപര്യുക്ത ഹദീസ് പഠിപ്പിക്കുന്നത്. ഒരു ദിവസത്തെ നോമ്പിനാണ് എഴുപത് വര്‍ഷത്തെ ദൂരം നരകത്തില്‍ നിന്ന് വിമുക്തി ലഭിക്കുന്നതെങ്കില്‍ റമളാന്‍ മുഴുവനായി വര്‍ഷങ്ങള്‍ നോമ്പ് എടുക്കുന്നവര്‍ക്കും പുറമെ സുന്നത്തു നോമ്പെടുക്കുന്നവര്‍ക്കും ലഭിക്കുന്ന പവിത്രത ചിന്തനീയം! വിശ്വാസികളുടെ ഈ വിളവെടുപ്പുകാലത്തെ അര്‍ഹമാം വിധം ഉപയോഗപ്പെടുത്തുന്നവരില്‍ നാഥന്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ.Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved