Latest News :
Home » , , » യോഗ ഉദ്ഘാടന ചടങ്ങില്‍ കീര്‍ത്തനം ചൊല്ലിയതില്‍ മന്ത്രിക്ക് അതൃപ്തി

യോഗ ഉദ്ഘാടന ചടങ്ങില്‍ കീര്‍ത്തനം ചൊല്ലിയതില്‍ മന്ത്രിക്ക് അതൃപ്തി

Written By Muhimmath News on Tuesday, 21 June 2016 | 11:51

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തു സംഘടിപ്പിച്ച ചടങ്ങില്‍ ഒരു മതവിഭാഗത്തിന്റെ കീര്‍ത്തനം ചൊല്ലിയതില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജക്ക് അതൃപ്തി. മതത്തിന്റെ ഭാഗമല്ലാത്തതും ഏല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതുമായ കീര്‍ത്തനം ചൊല്ലാമായിരുന്നുവെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആയുഷ് വകുപ്പ് സംഘടിപ്പിച്ച രണ്ടാമത് രാജ്യാന്തര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ചടങ്ങിലാണ് സംഭവം.

ഉദ്ഘാടനത്തിന് ശേഷം പുറത്തിറങ്ങിയ മന്ത്രി കീര്‍ത്തനം ചൊല്ലിയതിനെ കുറിച്ച് ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ആരാഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ മാന്വലില്‍ നിര്‍ദേശിച്ചിട്ടുള്ള കീര്‍ത്തനമാണ് ചൊല്ലിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യോഗ ഒരു മത വിഭാഗത്തിന്റെ മാത്രമല്ലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. മതേതരത്വം കാത്തുസൂക്ഷിക്കണം. രാജ്യത്ത് മതവിശ്വാസം ഉള്ളവരും ഇല്ലാത്തവരും ജീവിക്കുന്നുണ്ട്. അവരവര്‍ക്ക് അവരുടെ ദൈവങ്ങളെ പ്രാര്‍ഥിക്കുന്നതിനുള്ള അവകാശമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, വാര്‍ത്ത വിവാദമായതോടെ വിശദീകരണവുമായി മന്ത്രി കെ.കെ ശൈലജ രംഗത്തെത്തി. കീര്‍ത്തനം ചൊല്ലിയ വിഷയത്തില്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഒരു മതത്തിന്റെ ഭാഗമായുള്ള കീര്‍ത്തനം ചൊല്ലിയതിനെ കുറിച്ചാണ് ഉദ്യോഗസ്ഥരോട് ചോദിച്ചത്. എല്ലാവര്‍ക്കും ഉള്‍കൊള്ളാവുന്ന കീര്‍ത്തനം ചടങ്ങില്‍ ആലപിക്കാമായിരുന്നുവെന്നും മന്ത്രി ശൈലജ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പതഞ്ജലി യോഗയിലെ മതസൗഹാര്‍ദവുമായി ബന്ധപ്പെട്ട ശ്ലോകമാണ് ചടങ്ങില്‍ ആലപിച്ചതെന്ന് യോഗാ പരിശീലകര്‍ ചൂണ്ടിക്കാട്ടുന്നു. യോഗ ചെയ്യുന്നതിന് മുമ്പ് മനസ് ഏകാഗ്രമാക്കുന്നതിന് വേണ്ടിയാണിത്. ചൊല്ലിയത് ഒരു മതവിഭാഗത്തിന്റെ ശ്ലോകമല്ലെന്നും അവര്‍ പറയുന്നു.
ദിനാചരണ ചടങ്ങില്‍ മുന്‍ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറും പങ്കെടുത്തിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved