Latest News :
Home » , , » സുരക്ഷാ പ്രശ്‌നം: മഅ്ദനിയെ ഇന്‍ഡിഗോ വിമാനത്തില്‍ കയറ്റിയില്ല, നെടുമ്പാശേരി വിമാനത്താവളത്തില്‍ സംഘര്‍ഷം

സുരക്ഷാ പ്രശ്‌നം: മഅ്ദനിയെ ഇന്‍ഡിഗോ വിമാനത്തില്‍ കയറ്റിയില്ല, നെടുമ്പാശേരി വിമാനത്താവളത്തില്‍ സംഘര്‍ഷം

Written By Muhimmath News on Monday, 4 July 2016 | 18:16



ബംഗളൂരു: ബംഗളൂരു വിമാനത്താളത്തില്‍ കുടുങ്ങിക്കിടക്കുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയും കുടുംബവും വൈകീട്ട് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. 12.55 ന് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തില്‍ മഅ്ദനിയെ കയറ്റില്ലെന്ന അധികൃതരുടെ നിലപാടിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. യാത്രയ്ക്ക് സിവില്‍ വ്യോമയാനവകുപ്പിന്റെ അനുമതി വേണമെന്നും വിമാനക്കമ്പനി പറഞ്ഞിരുന്നു. പൊലീസ് കാവലുള്ളതാണ് വിമാനക്കമ്പനി തടസ്സമായി ചൂണ്ടിക്കാണിച്ചിരുന്നത്. വിമാനത്താവളത്തിലെത്തി ബോര്‍ഡിങ് പാസ് വരെ ലഭിച്ച മഅദനിക്ക് ഇതേ തുടര്‍ന്ന് വിമാനത്തില്‍ കയറാന്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ വിമാനം കേരളത്തിലേക്കു പുറപ്പെടുകയായിരുന്നു.



എന്നാല്‍, ഒപ്പം പൊലീസിനെ കണ്ട് തടവുകാരനെന്ന തെറ്റിദ്ധാരണയിലാണ് മഅദനിക്കു വിമാനക്കമ്പനി യാത്രാനുമതി നിഷേധിച്ചതെന്നാണ് സൂചന. ജാമ്യത്തിലായതിനാല്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നു വ്യക്തമായതോടെ ബദല്‍ യാത്രാ ക്രമീകരണങ്ങള്‍ തേടുകയായിരുന്നു. മഅദനിയുടെ യാത്രയുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികള്‍ പരിഹരിച്ചെന്ന് പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അറിയിച്ചു.

അതിനിടെ, മഅദനിയെ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഓഫിസിനു മുന്നില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വിമാനത്താവളത്തിലെ ചില്ല് തകര്‍ന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത് നീക്കിയെങ്കിലും കൂടുതല്‍ പിഡിപി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരുന്നിരുന്നു. മഅദനിക്കു ബോര്‍ഡിങ് പാസ് അനുവദിച്ചിട്ടും വിമാനത്തില്‍ കയറ്റാത്തതിനെത്തുടര്‍ന്നാണു പ്രതിഷേധം സംഘടിപ്പിച്ചത്.

ബെംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 12.55ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് മഅദനി യാത്രചെയ്യേണ്ടിയിരുന്നത്. അദ്ദേഹത്തിനൊപ്പം എസിപി ശാന്തകുമാറും ഒരു ഇന്‍സ്‌പെകടറും ഉണ്ട്. ബെംഗളൂരു പൊലീസിലെ 10 പേര്‍ അടങ്ങുന്ന മറ്റൊരു സംഘം റോഡ് മാര്‍ഗം ഇന്നലെ തന്നെ നെടുമ്പാശേരിയിലേക്കു തിരിച്ചിട്ടുണ്ട്. മഅദനിക്കൊപ്പം ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ ഷാനവാസ്, കുഞ്ഞുമോന്‍ എന്നിവര്‍ ഒപ്പമുണ്ടാകും. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ആലപ്പുഴ വഴിയാണു കരുനാഗപ്പള്ളി അന്‍വാര്‍ശേരിയിലെ അല്‍ അന്‍വാര്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ക്യാംപസിലെ താമസസ്ഥലത്തേക്കു പോകുന്നത്.

തുടര്‍ന്ന് മൈനാകപ്പള്ളി തൊട്ടുവാല്‍ മന്‍സിലിലെത്തി മാതാപിതാക്കളെ കാണും. അര്‍ബുദബാധിതയായ മാതാവിനെ സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണു മഅദനി നാട്ടിലെത്തുന്നത്. 12വരെ കേരളത്തില്‍ തങ്ങും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved