Latest News :
...
Home » , , , , » സഹിഷ്ണുത വളരാന്‍ പ്രവാചക പാഠങ്ങള്‍ അഭികാമ്യം: കാന്തപുരം

സഹിഷ്ണുത വളരാന്‍ പ്രവാചക പാഠങ്ങള്‍ അഭികാമ്യം: കാന്തപുരം

Written By Muhimmath News on Friday, 8 July 2016 | 10:24


തളിപ്പറമ്പ്: ലോകത്ത് അസമാധാനവും അസഹിഷ്ണുതയും അധാര്‍മികതയും അരാജകത്വവും വര്‍ധിച്ചുവരികയാണെന്നും സഹിഷ്ണുത വളരാന്‍ തിരുനബിയുടെ ചരിത്രങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും പ്രകീര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുകയും അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുകയുമാണ് അഭികാമ്യമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. തളിപ്പറമ്പ് ഇമാം ബൂസ്വീരി ഫൗണ്ടേഷന്‍ ഏഴാംമൈല്‍ നബ്രാസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മദീനാപൂന്തോപ്പ്-ബൂര്‍ദ വാര്‍ഷിക സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകായിയിരുന്നു അദ്ദേഹം. 


ഭീകരവാദവും തീവ്രവാദവും വേണമെന്ന് പറയുന്നവര്‍ അധികരിച്ചുവരികയാണ്. മദീനയിലും മറ്റും നടന്ന ചാവേര്‍ ആക്രമണം കൊടുംക്രൂരതയാണ്. ചാവേറുകളുമായി ഇസ്‌ലാമിന് ബന്ധമില്ല. ഇത്തരം അക്രമണങ്ങള്‍ ആരാണ് നടത്തുന്നത്. സലഫിസം, ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍, ഇസ്‌ലാമിസ്റ്റ് എന്നിവയുടെ പേരില്‍ രംഗത്ത് വരുന്ന ചെറുപ്പക്കാരാണ് ഇതിന് പിന്നിലെന്ന് ലോകം സമ്മതിക്കുന്നു. യഥാര്‍ഥ ഇസ്‌ലാമിന് ഇതില്‍ യാതൊരു ബന്ധവുമില്ല. ഇസ്‌ലാമിസ്റ്റ് എന്ന് പേര് വെച്ചതുകൊണ്ട് അത് ഇസ്‌ലാം ആവില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി. 

അറബ് രാജ്യങ്ങളില്‍ അസമാധാനത്തിന് കൂട്ടുനില്‍ക്കുന്ന ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ അഥവാ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ അനുയായികളാണ് ജമാഅത്തെ ഇസ്‌ലാമി രാജ്യത്ത് മതങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന് അനിവാര്യതയില്ല. ഇവിടെ എല്ലാവരും സാഹോദര്യത്തോടെയാണ് ജീവിക്കുന്നത്. ഇസ്‌ലാം വാള്‌കൊണ്ടോ ബോംബ് കൊണ്ടോ പ്രചരിച്ചതല്ലെന്നും തിരുനബിയുടെയും സ്വഹാബികളുടെയും സമാധാന പ്രവാര്‍ത്തനങ്ങളിലൂടെയാണ് ലോകത്ത് വ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഈദ് ദിനത്തില്‍ ഇശ്ഖിന്റെ തേന്‍മഴ പെയ്തിറങ്ങി
തളിപ്പറമ്പ്: പെരുന്നാള്‍ സായാഹ്നത്തെ ധന്യമാക്കി പതിനായിരങ്ങള്‍ മദീനപൂന്തോപ്പില്‍ ഒത്തുചേര്‍ന്നു. ഈദുല്‍ഫിത്വര്‍ ദിനമായ ഇന്നലെ തളിപ്പറമ്പ് ഏഴാംമൈല്‍ മദീനാപൂന്തോപ്പിലാണ് വിശ്വാസികള്‍ സംഗമിച്ചത്. ഇമാം ബൂസ്വീരി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഇശ്‌ഖെ റസൂല്‍-ബൂര്‍ദ വാര്‍ഷിക സദസ്സില്‍ നബികീര്‍ത്തനങ്ങള്‍ പാടിയും പറഞ്ഞുമാണ് അവര്‍ ഈദ് സന്തോഷങ്ങള്‍ കൈമാറിയത്. കോരിച്ചൊരിയുന്ന മഴയില്‍ ഇശ്ഖിന്റെപേമാരി പെയ്തിറങ്ങിയ നഗരിയില്‍ ഖുര്‍ആന്‍ വിസ്മയം, ഇശ്ഖിന്‍ മധുരിമ, നബിസ്‌നേഹ പ്രഭാഷണം, ബുര്‍ദ പാരായണം, അനാശീദുല്‍ മദീന, മെഹ്ഫില്‍ നാത്ശരീഫ്, കൂട്ടുപ്രാര്‍ഥന എന്നീ പരിപാടികള്‍ നടന്നു. 

വൈകിട്ട് അഞ്ചിന് ആരംഭിച്ച പരിപാടിയില്‍ താഹ മെഹ്ബൂബ് ഖുര്‍ആന്‍ പരായണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫിന്റെ അധ്യക്ഷതയില്‍ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നബിസ്‌നേഹ പ്രഭാഷണം നടത്തി. ബുര്‍ദക്ക് സയ്യിദ് മുഹമ്മദ് അസ്‌ലം ജിഫ്രി, അബ്ദുസമദ് അമാനി പട്ടുവം, ഹാഫിള് സാദിഖ് ഫാളിലി ഗൂഡല്ലൂര്‍ നേതൃത്വം നല്‍കി. ശൈഖ് മുഹമ്മദ് അനാന്‍ ഈജിപ്ത് നശീദയും മുഈനുദ്ദീന്‍ ബെംഗളൂരു നാതും അവതരിപ്പിച്ചു.

   സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ അടിപ്പാലം, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പി പി അബ്ദുല്‍ ഹകീം സഅദി, എന്‍ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍, റഫീഖ് അമാനി തട്ടുമ്മല്‍, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, കെ പി യൂസുഫ് ഹാജി, സുബൈര്‍ ഹാജി മാട്ടൂല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഫോട്ടോ ക്യാപ്ഷന്‍.......
ഇമാം ബൂസ്വീരി ഫൗണ്ടേഷന്‍ ഏഴാംമൈലില്‍ നടത്തിയ ബുര്‍ദ വാര്‍ഷിക സദസ്സില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved