Latest News :
Home » , » സാക്കിര്‍ നായിക്കിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

സാക്കിര്‍ നായിക്കിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Written By Muhimmath News on Friday, 8 July 2016 | 11:02

മുംബൈ: ബംഗ്ലാദേശില്‍ തീവ്രവാദികള്‍ക്ക് ഭീകരാക്രമണം നടത്താന്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗം പ്രചോദനമായെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സാക്കിര്‍ നായിക്കിനെതിരെ അന്വേഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. 
വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുംബൈ പോലീസ് കമ്മീഷണറോട് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ആവശ്യപ്പെട്ടു. സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളും സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കും. സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

സാക്കിര്‍ നായിക്കിന്റെ വിഷയത്തില്‍ പഠിച്ച ശേഷം നടപടി സ്വീകരിക്കാമെന്നാണ് കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചിരുന്നത്. അതേ സമയം നായിക്കിനെതിരെ നടപടിയെടുക്കുമെന്ന് അഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു സൂചിപ്പിച്ചിരുന്നു.
ധാക്കയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് പ്രചോദനമായത് സാകിര്‍നായിക്കിന്റെ പ്രസംഗങ്ങളാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തീവ്രവാദികളിലൊരാളായ രോഹന്‍ ഇംതിയാസ് സാകിര്‍ നായികിന്റെ പ്രസംഗങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നതായും ബംഗ്ലാദേശി പത്രമായ ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേ സമയം സാക്കിര്‍ നായിക്കിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് നിയമവിദഗ്ധര്‍ പരിശോധിച്ച് വരികയാണെന്നും ബംഗ്ലാദേശ് മന്ത്രി ഹസ്സനുള്‍ ഹഖ് അറിയിച്ചിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved