Latest News :
Home » , , » വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണക്കടത്ത്: മംഗലാപുരത്ത് രണ്ട് സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ പിടിയില്‍

വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണക്കടത്ത്: മംഗലാപുരത്ത് രണ്ട് സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ പിടിയില്‍

Written By Muhimmath News on Sunday, 17 July 2016 | 17:58

മംഗലാപുരം: സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നും കടത്തിയ 22 സ്വര്‍ണബിസ്‌ക്കറ്റുകള്‍ പിടികൂടി. മൊത്തം 321 പവനോളം വരുന്ന സ്വര്‍ണ്ണത്തിന് 75,26,225 രൂപ വില വരും. കള്ളക്കടത്തിന് കൂട്ടുനിന്നതിന് സ്‌പൈസ് ജെറ്റിന്റെ മംഗലാപുരത്തെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നും മുംബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനമാണിത്. പിന്നീട് ഇതേ വിമാനമാണ് മുംബൈ മംഗലാപുരം ആഭ്യന്തരസര്‍വ്വീസിനായി ഉപയോഗിക്കുന്നത്. ദുബായില്‍ നിന്നും കയറിയ കള്ളക്കടത്ത് സംഘത്തിലെ ഏജന്റാണ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ സീറ്റിനടിയില്‍ തിരുകിവെച്ചത്. മുംബൈയില്‍ കര്‍ശന പരിശോധന നടക്കുന്നതിനാല്‍ അവിടെ സ്വര്‍ണ്ണം ഇറക്കിയാല്‍ പിടിക്കപ്പെടുമെന്ന് കരുതിയ കള്ളക്കടത്ത് സംഘം സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് വന്‍തുക വാഗ്ദാനം ചെയ്ത് മംഗലാപുരത്ത് സ്വര്‍ണം ഇറക്കാനുള്ള ഏര്‍പ്പാട് ചെയ്യുകയായിരുന്നു. കള്ളക്കടത്ത് സംഘത്തില്‍പെട്ട ഏജന്റ് മുംബൈയില്‍ ഇറങ്ങിയതായാണ് സംശയിക്കുന്നത്.

മുംബൈ മംഗലാപുരം ആഭ്യന്തര സര്‍വീസില്‍ കര്‍ശന പരിശോധന ഇല്ലാത്തതിനാല്‍ വിമാനം മംഗലാപുരം എത്തിയ ശേഷം സ്വര്‍ണം വീണ്ടെടുക്കാനായിരുന്നു ശ്രമം. സീറ്റിനടിയില്‍ തിരുകിയ സ്വര്‍ണബിസ്‌ക്കറ്റുകള്‍ സ്‌പൈസ് ജെറ്റ് ജീവനക്കാരെ കൊണ്ട് എടുപ്പിച്ച് വിമാനത്താവളത്തിന് പുറത്തെത്തിക്കുകയായിരുന്നു സംഘത്തിന്റെ രീതി. ഇതേ രീതിയില്‍ നേരത്തെ ആറ് തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് സ്‌പൈസ് ജെറ്റ് ജീവനക്കാരെ ചോദ്യം ചെയ്തപ്പോള്‍ മൊഴി നല്‍കി.

സ്‌പൈസ് ജെറ്റ് ജീവനക്കാരായതിനാല്‍ കസ്റ്റംസ് പരിശോധനകള്‍ ഒന്നും കൂടാതെയായിരുന്നു സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പുറത്തേക്ക് എത്തിച്ചിരുന്നത്. വിമാനത്തില്‍ സ്വര്‍ണം കടത്തുന്നുണ്ടെന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്നാണ് ഡി.ആര്‍.ഐ സൂക്ഷ്മ പരിശോധന നടത്തിയത്. കള്ളക്കടത്തിന് പിന്നില്‍ ആരെന്ന് പരിശോധിച്ചുവരികയാണ്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved